എമിറേറ്റ്സ് ബോർഡിങ് പാസുകൾ പേപ്പർ രഹിതമാക്കുന്നു
text_fieldsദുബൈ: എമിറേറ്റ്സ് വിമാനത്തിൽ യാത്രചെയ്യുന്നവരുടെ ബോർഡിങ് പാസുകൾ പേപ്പർ രഹിതമാക്കുന്നത് ഘട്ടംഘട്ടമായി നടപ്പാക്കും. ഇതിന്റെ ഭാഗമായി ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ചെക്ഇൻ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ മൊബൈൽ ബോർഡിങ് പാസ് മേയ് 15 മുതൽ നൽകിത്തുടങ്ങും. ഇ-മെയിലിലോ എസ്.എം.എസ് വഴിയോ ആണ് ബോർഡിങ് പാസ് നൽകുക.
ഓൺലൈനായി ചെക്ക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ ആപ്പിൾ വാലറ്റിലേക്കോ ഗൂഗിൾ വാലറ്റിലേക്കോ ബോർഡിങ് പാസ് ലോഡുചെയ്യാനാകും. അല്ലെങ്കിൽ എമിറേറ്റ്സ് ആപ്പിൽ ബോർഡിങ് പാസ് ലഭ്യവുമായിരിക്കും. ചെക്ക്-ഇൻ ബാഗേജ് രസീതും യാത്രക്കാർക്ക് നേരിട്ട് ഇ-മെയിൽ ചെയ്യും. ഇതും എമിറേറ്റ്സ് ആപ്പിൽ ലഭ്യമായിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എന്നാൽ, ചില യാത്രക്കാർക്ക് പേപ്പർ ബോർഡിങ് പാസ് തന്നെ ഉപയോഗിക്കുന്നത് തുടരും. ചെറിയ കുട്ടികൾക്കൊപ്പം യാത്രചെയ്യുന്നവർ, ഒറ്റക്ക് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ, പ്രത്യേക സഹായം ആവശ്യമുള്ള യാത്രക്കാർ, മറ്റ് എയർലൈനുകളിൽ നിന്നുള്ള യാത്രക്കാർ, യു.എസിലേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ എന്നിവർക്കാണ് പേപ്പർ ഉപയോഗം തുടരുക. പേപ്പർ മാലിന്യത്തിന്റെ അളവ് കുറക്കാൻ സഹായിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും വേഗത്തിലുള്ളതുമായ ഡിജിറ്റൈസ്ഡ് ചെക്ക് ഇൻ സാധ്യമാക്കുന്നതുമാണ് പുതിയ പദ്ധതി. അതോടൊപ്പം ബോർഡിങ് പാസുകൾ നഷ്ടപ്പെടാനുള്ള സാധ്യത കുറക്കാനും ഇത് സഹായകമാണ്.
ദുബൈ ഡ്യൂട്ടി ഫ്രീയിലും സെക്യൂരിറ്റിയിലും മറ്റിടങ്ങളിലുമടക്കം യാത്രയിലുടനീളം മൊബൈൽ ബോർഡിങ് പാസ് ഉപയോഗിക്കാനാവും. വിമാനത്തിലേക്ക് പ്രവേശിക്കുമ്പോൾ മൊബൈൽ പാസിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യും. മൊബൈലിൽ ചാർജ് കുറവാണെങ്കിലും കൈയിലില്ലാത്ത സാഹചര്യത്തിലും മറ്റു തടസ്സങ്ങളുണ്ടെങ്കിലും യാത്രക്കാർക്ക് പേപ്പർ പാസ് ലഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.