മട്ടും ഭാവവും മാറാനൊരുങ്ങി എമിറേറ്റ്സ് മറൈൻ സ്പോർട്സ് ഫെഡറേഷൻ
text_fields26 വർഷത്തെ നേട്ടങ്ങളുടെയും ഓർമകളുടെയും പിന്നിട്ട ചരിത്രയാത്രയുടെ അനുഭവ സാക്ഷ്യങ്ങളുമായി ഒരു പുതിയ തുടക്കം കുറിക്കുകയാണ് എമിറേറ്റ്സ് മറൈൻ സ്പോർട്സ് ഫെഡറേഷൻ.
പുതിയ വിഷ്വൽ ഐഡന്റിറ്റിയിൽ അർഥവത്തായ പലതും പ്രതീകപ്പെടുത്തുന്നുണ്ടെന്ന് അതിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. പുതിയ ലോഗോ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്ര, തീരദേശ പരിസ്ഥിതിക്കും അതിന്റെ വിഭവങ്ങളുടെ സുസ്ഥിരത സംരക്ഷിക്കുന്നതിനും വേണ്ടി നിരവധി സംരംഭങ്ങളും ബോധവൽക്കരണ ക്യാമ്പയ്നുകളും സംഘടിപ്പിക്കുന്നതിന് സർക്കാർ- സ്വകാര്യ മേഖലകളുമായി സഹകരിച്ച് ഫെഡറേഷൻ പ്രവർത്തിച്ചുവരുന്നു.
ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന യുഎഇ യുടെ ഭരണ നേതൃത്വം ഫെഡറേഷന്റെ തന്ത്രപരമായ പദ്ധതിക്ക് അനുസൃതമായി മികച്ച പിന്തുണയാണ് നൽകിവരുന്നത്. യു.എ.ഇ സർക്കാരിന്റെ ലക്ഷ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് പുതിയ ലോഗോയും വിഷ്വൽ ഐഡന്റിറ്റിയും പുറത്തിറക്കുന്നത്. പുതിയ വിഷ്വൽ ഐഡന്റിറ്റിയുടെ തുടക്കം മറൈൻ സ്പോർട്സ് പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനും വ്യത്യസ്തമായ ആശയങ്ങൾ ക്രോഡീകരിച്ച് അവയെ സുസ്ഥിര പരിപാടികളാക്കി മാറ്റുന്നതിലുമുള്ള ഫെഡറേഷന്റെ താൽപര്യം സ്ഥിരീകരിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ കൂട്ടിച്ചേർത്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും യു.എ.ഇ സവിശേഷമായ ഒരു മാതൃകയാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിനൊടുവിൽ സൂചിപ്പിച്ചു. രാജ്യത്തിനകത്തെ സമുദ്ര കായിക പ്രവർത്തനങ്ങളുടെ നിലവാരം ഉയർത്തുകയും അന്താരാഷ്ട്ര, ആഗോള ഫോറങ്ങളിൽ ഇമാറാത്തി മത്സരാർഥികളുടെ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കുകയും രാജ്യത്തിന്റെ പതാക ഉയർത്തിപ്പിടിച്ച മെഡലുകൾ നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1996ൽ സ്ഥാപിതമായ എമിറേറ്റ്സ് മറൈൻ സ്പോർട്സ് ഫെഡറേഷൻ യു.എ.ഇ തലത്തിൽ മറൈൻ സ്പോർട്സ് സ്പോൺസർ ചെയ്യാൻ അധികാരപ്പെട്ട സ്ഥാപനമാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പതാക കപ്പലുമായി സംയോജിപ്പിച്ചുള്ള പുതിയ ലോഗോയിൽ കടലും കടൽ തിരമാലകളും ദിശ നിർണ്ണയിക്കുന്ന കോമ്പസുമെല്ലാം കടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.