ഇന്ത്യക്കാർക്ക് ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസയുമായി എമിറേറ്റ്സ്
text_fieldsദുബൈ: ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസ സംവിധാനവുമായി എമിറേറ്റ്സ് വിമാനക്കമ്പനി. എമിറേറ്റ്സിൽ യാത്ര ചെയ്യുന്നവർക്കാണ് 14 ദിവസത്തെ സിംഗ്ൾ എൻട്രി വിസ അനുവദിക്കുക. നേരത്തേ അപ്രൂവൽ ലഭിക്കുന്നതിനാൽ ഓൺ അറൈവൽ വിസക്കുവേണ്ടി ദുബൈയിൽ എത്തുമ്പോൾ കാത്തിരിക്കേണ്ടിവരില്ല. ഇത് ഇന്ത്യൻ യാത്രക്കാർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കും. എന്നാൽ, സാധുതയുള്ള ആറ് മാസത്തെ യു.എസ് വിസ, യു.എസ് ഗ്രീൻ കാർഡ്, ഇ.യു റെസിഡൻസി അല്ലെങ്കിൽ യു.കെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമായാണ് ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിന്‍റെ (ജി.ഡി.ആർ.എഫ്.എ) സമ്പൂർണ വിവേചനാധികാരത്തിൽ തുടരുമെന്നും എമിറേറ്റ്സ് അറിയിച്ചു.
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് എമിറേറ്റ്സ് വഴിയോ ട്രാവൽ ഏജൻറുമാർ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്കിങ് പൂർത്തിയായശേഷം വെബ്സൈറ്റിലെ ‘മാനേജ് എൻ എക്സിസ്റ്റിങ് ബുക്കിങ്’ എന്ന ഭാഗത്തെ യു.എ.ഇ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി അപേക്ഷിക്കാം. നിലവിൽ 167 പ്രതിവാര സർവിസുകൾ എമിറേറ്റ്സ് ഇന്ത്യയിലെ ഒമ്പത് പ്രദേശങ്ങളിലേക്കായി നടത്തുന്നുണ്ട്. യാത്രക്കാരെ ദുബൈയിലേക്കും തുടർന്ന് ലോകത്തെ 140 ലധികം ലക്ഷ്യസ്ഥാനങ്ങിലേക്കും ബന്ധിപ്പിക്കുന്നതാണിത്. അഹ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.