ഹൃദയത്തിലേക്ക് പാർക്ക് ചെയ്ത ഇമാറാത്തി കുടുംബത്തിന്‍റെ കാർ
text_fieldsഇമാറാത്തി പൗരന്മാരുടെ സ്നേഹക്കഥകൾ പലതും പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ടറിഞ്ഞ് സഹായിക്കുന്നവരാണ് യു.എ.ഇ പൗരന്മാരെന്ന് കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞയാഴ്ച അവരുടെ സ്നേഹം അടുത്തറിയാനും നേരിട്ടനുഭവിക്കാനും കഴിഞ്ഞു.
മേയ് 28ന് കുടുംബത്തോടൊപ്പം ദുബൈ മാളിൽ പോയിരുന്നു. ഗതാഗതക്കുരുക്കുള്ളതിനാൽ പ്രതീക്ഷിച്ചതിലും വൈകിയാണ് മാളിൽ എത്തിയത്. അവിടെയെത്തിയപ്പോൾ പാർക്കിങ് കിട്ടാനില്ലായിരുന്നു. അര മണിക്കൂറോളം ചിലവഴിച്ചാണ് പാർക്കിങ് കിട്ടിയത്.
കാർ നിർത്തി പുറത്തിറങ്ങിയതും റേഡിയേറ്ററിൽ നിന്ന് തിളച്ച വെള്ളം വീഴാൻ തുടങ്ങി. കുടുംബത്തെ മാളിനുള്ളിലേക്ക് പറഞ്ഞയച്ചശേഷം മെക്കാനിക്കിനെ വിളിച്ചു. ഇതിനിടയിൽ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാർ പോയതോടെ അവിടെയും ഒരു പാർക്കിങ് സ്പോട്ട് ഒഴിവുവന്നു. വൈകാതെ ഈ സ്പോട്ടിലേക്ക് ഒരു ടെസ്ല കാർ എത്തി. ഭർത്താവും ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങിയ ഇമാറാത്തി കുടുംബമായിരുന്നു ഈ കാറിലുണ്ടായിരുന്നത്. ഞാൻ കാറിന്‍റെ ബോണറ്റ് പൊക്കിവെച്ചിരിക്കുന്നത് കണ്ട് നിർത്തിയതാണ്. മാളിലെ ഷോപ്പിങ്ങിനു ശേഷം പുറത്തുപോകുന്നതിനിടെയാണ് അവർ എന്‍റെ കാർ കണ്ടത്.
തങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ വന്നതല്ലെന്നും നിങ്ങളെ സഹായിക്കാൻ എത്തിയതാണെന്നും ആ കുടുംബം പറഞ്ഞതോടെ ഞാൻ ആശ്ചര്യപ്പെട്ടു. ഈ തിരക്കിനിടയിൽ എത്രയുംവേഗത്തിൽ പുറത്തുകടക്കാനാണ് എല്ലാവരും നോക്കുന്നത്. ഇതിനിടയിലാണ് അവർ ഞാൻ ആവശ്യപ്പെടാതെതന്നെ എന്‍റടുക്കലേക്ക് എത്തിയത്. സഹായം സ്നേഹപൂർവം നിരസിച്ച ഞാൻ മെക്കാനിക് ഉടൻ വരുമെന്ന് അവരോട് പറഞ്ഞു.
മെക്കാനിക് വരുന്നതുവരെ ഞങ്ങളും കാത്തുനിൽക്കാമെന്നായിരുന്നു അവരുടെ മറുപടി. തങ്ങൾ പോയാൽ ആ പാർക്കിങ് സ്പോട്ട് നഷ്ടപ്പെടുമെന്നും മെക്കാനിക്കിന്‍റെ കാർ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടില്ലെന്നും അവർ പറഞ്ഞപ്പോൾ എനിക്ക് മറുപടി പറയാൻ വാക്കുകളില്ലായിരുന്നു. മെക്കാനിക് എപ്പോഴാണ് വരുന്നതെന്ന് പറയാൻ കഴിയില്ലെന്നും ഈ തിരക്കിനിടയിൽ വൈകാൻ സാധ്യതയുണ്ടെന്നും പറഞ്ഞെങ്കിലും അവർ വീണ്ടും അവിടെത്തന്നെ നിന്നു.
ഒടുവിൽ വളരെയേറെ നിർബന്ധിച്ചപ്പോഴാണ് അവർ യാത്രയായത്. യുവാവും ഭാര്യയും കുട്ടികളും സലാം പറഞ്ഞ് സ്നേഹത്തോടെ മടങ്ങുമ്പോൾ ഇമാറാത്തി ജനതയെ മനസ്സിൽ നമിക്കുകയായിരുന്നു ഞാൻ. ഈ രാജ്യം എന്തുകൊണ്ട് ഇത്ര ഉന്നതിയിലെത്തി എന്നതിന്‍റെ തെളിവാണ് ഇമാറാത്തി ജനതയുടെ ഈ സ്നേഹവും കരുതലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.