ഇമാറാത്തി ഭവന പദ്ധതി:520 കോടി ദിർഹം അനുവദിച്ചു
text_fieldsദുബൈ: യു.എ.ഇ പൗരന്മാർക്ക് മാന്യമായ താമസ സ്ഥലം ഒരുക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇമാറാത്തി ഭവനപദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 4000 പേർക്ക് ഭൂമി നൽകുകയും വീട് നിർമിച്ച് നൽകുകയും ചെയ്യും. ഇതിനായി 5.2 ശതകോടി ദിർഹം ചെലവഴിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുമതി നൽകി. യോഗ്യരായവർക്ക് 10 ലക്ഷം ദിർഹമിെൻറ പലിശരഹിത ഭവന വായ്പ നൽകാനും ഭവന പദ്ധതിക്കായി കൂടുതൽ ഭൂമി അനുവദിക്കാനും അദ്ദേഹം നിർദേശം നൽകി.ഇമാറാത്തി ഹൗസിങ് പദ്ധതിക്കായി 65 ശതകോടി ദിർഹം അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. അടുത്ത 20 വർഷത്തേക്ക് വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് തുക അനുവദിച്ചത്. താമസവും അടിസ്ഥാന സൗകര്യ വികസനവും രാജ്യം മുഖ്യ പരിഗണന നൽകുന്ന വിഷയങ്ങളിൽ ഒന്നാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ഉന്നത നിലവാരത്തിലുള്ള ഭവന നിർമാണ പദ്ധതികളുമായി മുന്നോട്ടുപോകും. യു.എ.ഇ പൗരന്മാർക്ക് മാന്യമായ താമസം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ സന്തോഷത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. സുസ്ഥിര വികസനമാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇമാറാത്തി കുടുംബങ്ങൾക്കായുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണിതെന്ന് ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.