മനുഷ്യാവകാശ മേഖലയിലെ യു.എ.ഇ മുന്നേറ്റം യു.എന്നിൽ വിവരിച്ച് മന്ത്രി
text_fieldsദുബൈ: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യം നടപ്പാക്കുന്ന പദ്ധതികൾ ഐക്യരാഷ്ട്ര സഭക്ക് മുമ്പാകെ വിവരിച്ച് യു.എ.ഇ സാമൂഹിക വികസന മന്ത്രി ശമ്മ അൽ മസ്റൂയി. ലോകത്തെ വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ സംരക്ഷണ നടപടികൾ വിലയിരുത്തുന്ന സമിതിക്ക് മുമ്പാകെയാണ് മന്ത്രി കഴിഞ്ഞ വർഷങ്ങളിൽ സ്വീകരിച്ച നടപടികൾ അവതരിപ്പിച്ചത്. മനുഷ്യാവകാശ വർക്കിങ് ഗ്രൂപ്പിന്റെ 43ാമത് സെഷനിൽ 14 രാജ്യങ്ങളാണ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്.
രാജ്യം നടപ്പാക്കിയ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതന സമ്പ്രദായം, ഗാർഹിക പീഡനത്തിൽനിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ, തൊഴിലാളികളുടെ അവകാശ സംരക്ഷണ നിയമം, മനുഷ്യക്കടത്ത് തടയാൻ സ്വീകരിച്ച നടപടികൾ, മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടി നടപ്പാക്കിയ സിവിൽ നിയമം തുടങ്ങിയ കാര്യങ്ങൾ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു.
2008, 2013, 2018 വർഷങ്ങളിലും യു.എ.ഇയുടെ മനുഷ്യാവകാശ രംഗത്തെ നടപടികൾ ആഗോള ബോഡി അവലോകനം ചെയ്തിരുന്നു. യു.എന്നിൽ അംഗത്വമുള്ള 193 രാജ്യങ്ങളും പ്രക്രിയയിൽ ഭാഗമാകാറുണ്ട്. മനുഷ്യാവകാശ രംഗത്തെ നടപടികൾ ശക്തമാക്കുന്നതിന് രാജ്യങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിനാണ് സമിതി രൂപപ്പെടുത്തിയത്. 200ലധികം രാജ്യക്കാരായ താമസക്കാരുള്ള യു.എ.ഇയുടെ ബഹുസ്വര സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അൽ മസ്റൂയി പറഞ്ഞു.
2018 മുതൽ 2022 അവസാനം വരെയുള്ള കാലഘട്ടം യു.എ.ഇയിലെ മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ക്രിയാത്മകവും സുപ്രധാനവുമായ നേട്ടങ്ങൾ കൈവരിച്ച കാലമാണ്. മനുഷ്യാവകാശ സംരക്ഷണത്തിനായി 2019 മുതൽ 2022 വരെ രാജ്യം 68 പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാനുള്ള കാഴ്ചപ്പാടിന് അനുസൃതമായാണ് 2021ൽ ദേശീയ മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് -അവർ വ്യക്തമാക്കി.
ശാക്തീകരണ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളും റിപ്പോർട്ടിൽ പ്രാധാന്യപൂർവം വിശദീകരിക്കുന്നുണ്ട്. യു.എ.ഇ മന്ത്രിസഭയുടെ മൂന്നിലൊന്ന് സ്ത്രീകളാണെന്നും ഫെഡറൽ നാഷനൽ കൗൺസിലിന്റെ പകുതിയോളം അംഗങ്ങളും വനിതകളാണെന്നതുമടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തുല്യത നടപ്പാക്കുമെന്ന നയമാണ് പിന്തുടരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.