മികച്ച എൻജിനീയറിങ്, സാങ്കേതിക ജീവനക്കാരെ കിട്ടാനില്ലെന്ന് തൊഴിലുടമകൾ
text_fieldsദുബൈ: എൻജിനീയറിങ് ഉൾപ്പെടെയുള്ള സാങ്കേതിക പരിജ്ഞാനമുള്ള മികച്ച ജീവനക്കാരെ കിട്ടാനില്ലെന്ന് തൊഴിലുടമകൾ. യു.കെ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി നടത്തിയ സർവേയിലാണ് യു.എ.ഇയിലെ തൊഴിലുടമകൾ ഇക്കാര്യം വ്യക്തമാക്കിയത്.
93 ശതമാനം തൊഴിലുടമകളും ഈ പ്രതിസന്ധി നേരിടുന്നതായി സർവേ പറയുന്നു.ആവശ്യമായ ജോലിപരിചയമില്ലാത്തതും സാങ്കേതിക പരിജ്ഞാനമില്ലാത്തതും മികച്ച ആശയവിനിമയ വൈദഗ്ധ്യമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.
ഉദ്യോഗാർഥികൾക്ക് ആവശ്യമായ ജോലി പരിചയം ഇല്ലാത്തതാണ് പ്രശ്നമെന്ന് 45 ശതമാനം തൊഴിലുടമകൾ പറയുന്നു. നെറ്റ്വർക്കിങ്, പ്രസന്‍റേഷേൻ, ആശയവിനിമയം പോലുള്ള ചെറിയ കഴിവുകളുടെ അഭാവമാണ് 37 ശതമാനം പേരുടെ പ്രശ്നം.
സാങ്കേതിക പരിജ്ഞാനമില്ലെന്ന് 43 ശതമാനം പേർ അറിയിച്ചു. ആവശ്യമായ യോഗ്യതയില്ലാത്തതിനാൽ ജീവനക്കാരെ കിട്ടുന്നില്ലെന്ന് 34 ശതമാനം തൊഴിലുടമകൾ പറഞ്ഞു.
ജോലിയുടെ സ്വഭാവവും സ്ഥാനവും ഇഷ്ടപ്പെടാത്തതിനാൽ 24 ശതമാനം പേർ താൽപര്യം കാണിക്കാറില്ല. ശമ്പളം ഉൾപ്പെടെയുള്ള പ്രശ്നമാണ് 17 ശതമാനം പേരെ ഈ മേഖലയിൽനിന്ന് പിന്നോട്ട് വലിക്കുന്നത്. ലിംഗവിവേചനം പ്രശ്നമാണെന്ന് 17 ശതമാനം പേർ അറിയിച്ചു.ശമ്പളം നൽകാനുള്ള പ്രതിസന്ധിയാണ് 34 ശതമാനം എൻജിനീയറിങ് തൊഴിലുടമകൾ നേരിടുന്ന മറ്റൊരു പ്രശ്നം.
വർധിച്ചുവരുന്ന റിമോട്ട് ജോലി 23 ശതമാനം തൊഴിലുടമകൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഡിസംബർ മുതൽ ജനുവരി വരെ നടന്ന സർവേയിൽ 325ഓളം തൊഴിലുടമകളും ജീവനക്കാരും ഭാഗമായി. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾക്കിടയിലും യു.എ.ഇയിലെ എൻജിനീയറിങ്, ടെക്നോളജി കമ്പനികൾ കഴിഞ്ഞവർഷം 48 ശതമാനം വികസിപ്പിച്ചു. 21 ശതമാനം സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു. എന്നാൽ, എട്ട് ശതമാനം സ്ഥാപനങ്ങൾ വലിയ രീതിയിൽ ജീവനക്കാരെ വെട്ടിച്ചുരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.