വീണ്ടും തൊഴിൽ തട്ടിപ്പ്; ദുബൈയിൽ 23 മലയാളികൾ ദുരിതത്തിൽ
text_fieldsദുബൈ: ഫേസ്ബുക്ക് പേജ് വഴി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽനിന്ന് ദുബൈയിലെത്തിച്ച് തട്ടിപ്പെന്ന് പരാതി. തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസി വഴിയാണ് തട്ടിപ്പ് നടന്നത്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ 'ഇൻശാ..' എന്ന ഫേസ്ബുക്ക് പേജ് ലൈവിലൂടെയാണ് തൊഴിൽ ലഭ്യമാക്കാമെന്ന അറിയിപ്പ് ലഭിച്ചതെന്ന് തട്ടിപ്പിനിരയായവർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഇത്തരത്തിൽ ദുബൈയിലെത്തിയ 23 മലയാളികളാണ് താമസസ്ഥലമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായത്. നിലവിൽ ഇവരുടെ ദുരിതം മനസ്സിലാക്കിയ വിവിധ സാമൂഹിക കൂട്ടായ്മകളാണ് താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് പ്രചരിപ്പിക്കുന്നത് വ്യാജമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ 'ഇൻശാ..' പ്രതികരിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽനിന്നുള്ളവർ തട്ടിപ്പിനിരയായവരിലുണ്ട്. പലരും ഒരു ലക്ഷവും അതിലേറെയും സംഖ്യ ഏജൻസിക്ക് നൽകിയാണ് എത്തിയത്. പലരും ലോണെടുത്തും പണയം വെച്ചുമാണ് പണം നൽകിയതെന്ന് ദുരിതത്തിലായവർ പറഞ്ഞു. മൂന്നുമാസം മുമ്പും 10 ദിവസം മുമ്പും എത്തിയവരും കൂട്ടത്തിലുണ്ട്. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയവരുമുണ്ട്. ആമസോണിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് ഇവരെ എത്തിച്ചത്. ദുബൈയിൽ എത്തിയതോടെ വാഗ്ദാനം ചെയ്ത ജോലിയല്ല നൽകുന്നതെന്നും പലരുടെയും പാസ്പോർട്ട് ഏജന്റുമാർ പിടിച്ചുവെച്ചിരിക്കയാണെന്നും ഇവർ പറയുന്നു. ദുബൈയിൽ എത്തിച്ചശേഷം 20ലേറെ പേർക്ക് ഒരു മുറിയിലാണ് താമസസൗകര്യമൊരുക്കിയതെന്നും പറയുന്നു.
ചെലവിനുപോലും നാട്ടിൽനിന്ന് പണം അയപ്പിക്കേണ്ട സാഹചര്യമായതോടെ പലരും ഒരു കെട്ടിടത്തിന്റെ ടെറസിലേക്ക് താമസം മാറ്റിയിരുന്നു. ഇതറിഞ്ഞ വിവിധ മലയാളി സാമൂഹിക കൂട്ടായ്മകളാണ് നിലവിൽ ഭക്ഷണവും താമസവും ഒരുക്കിയിരിക്കുന്നത്.
മലയാളികൾ ദുരിതത്തിലായ വിവരമറിഞ്ഞാണ് എത്തിയതെന്നും ചൂട് കാലത്ത് ടെറസിൽ കിടക്കുന്ന ദുസ്സഹമായ സാഹചര്യത്തിലായിരുന്നു ഇവരെന്നും സഹായമെത്തിച്ച സാമൂഹികപ്രവർത്തക ഹാജറ വലിയകത്ത് പറഞ്ഞു. വിസക്കാണെന്നുപറഞ്ഞ് കൈപ്പറ്റിയ സംഖ്യ തിരിച്ചു ലഭിക്കണമെന്നും ദുരിതത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.
തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ഏജന്റ്
ദുബൈ: തൊഴിൽ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ദുബൈയിലേക്ക് കൊണ്ടുപോയവരുടെ വിസിറ്റിങ് വിസ എംപ്ലോയ് മെന്റ് വിസയിലേക്ക് മാറ്റി നൽകിയിരുന്നുവെന്നും 'ഇൻശാ' പ്രതിനിധി ഷാൻ മാധ്യമങ്ങൾക്ക് നൽകിയ വിഡിയോയിലൂടെ പ്രതികരിച്ചു. ഓഫർ ലെറ്ററിലും മിനിസ്ട്രി ലേബറിന്റെ എഗ്രിമെന്റിലും പോയവർ ഒപ്പിട്ടിരുന്നു. 20ാം തീയതി വരെ താമസവും ഭക്ഷണവും നൽകിയിട്ടുമുണ്ട്. എംപ്ലോയ്മെന്റ് വിസ ലഭിച്ചിട്ടും ജോലി വേണ്ടെന്നുവെക്കുകയായിരുന്നു ആരോപണമുന്നയിക്കുന്നവരെന്നും ഷാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.