ഇന്ത്യന്‍ പ്രവാസികളുടെ തൊഴില്‍ കുടിയേറ്റം; 1000 യൂനിറ്റുകളില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് ഐ.സി.എഫ്
text_fieldsഅബൂദബി: ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം സംബന്ധിച്ച് യു.എ.ഇയിലെ 1000 യൂനിറ്റുകളില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന് (ഐ.സി.എഫ്) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഏഴ് മുതൽ 10 വരെ തീയതികളിലാണ് സമ്മേളനങ്ങള്‍ നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികളില്‍ രോഗി സന്ദര്‍ശനം, സഹായം, ജയില്‍ സന്ദര്‍ശനം, ക്ലീനപ് കാമ്പയിന്, രക്തദാനം, രക്ത ഗ്രൂപ് നിര്‍ണയം, മെഡിക്കല്‍ ക്യാമ്പ്, എംബസി, പാസ്പോര്‍ട്ട്, ഇഖാമ മാര്‍ഗനിര്‍ദേശം.
നോര്‍ക്ക സേവനങ്ങള്‍, നാട്ടില്‍ പോകാനാകാത്തവര്‍ക്ക് എയര്‍ ടിക്കറ്റ്, ജോലിയില്ലാതെയും മറ്റും സാമ്പത്തികമായി തകര്‍ന്നവര്‍ക്ക് ഭക്ഷണം, റൂം വാടക എന്നിവ നല്കല്, നാട്ടില്‍ കിണര്‍, വീട്, വിവാഹം, ഉപരിപഠന സഹായം, രോഗികള്‍ക്ക് പ്രത്യേകിച്ച് ഡയാലിസിസ്, അർബുദ രോഗികള്‍ക്ക് സഹായം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
സമ്മേളന സ്മാരകമായി ‘രിഫായി കെയര്‍’ എന്ന പേരില്‍ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാന്‍ ആവശ്യമായ ബോധവത്കരണത്തിനും ചികിത്സക്കും പരിചരണത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെരഞ്ഞെടുത്ത 1000 കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി.
മാസത്തില്‍ 2500 ഇന്ത്യന്‍ രൂപ വീതം ഒരു വര്‍ഷം 30,000 രൂപ നല്കുന്ന ഈ പദ്ധതിയില്‍ ഐ.സി.എഫ് ഘടകങ്ങള്‍ മൂന്നുകോടി രൂപ വിനിയോഗിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഐ.സി.എഫ് യു.എ.ഇ നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, ഓര്ഗനൈസേഷന് സെല്‍ പ്രസിഡന്റ് ഉസ്മാന് സഖാഫി തിരുവത്ര, സെക്രട്ടറി അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍, ഹംസ അഹ്സനി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.