നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ബഷീര്‍ നാടണയുന്നു
text_fieldsഅജ്മാന്: നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാടണയുകയാണ് താനൂര്‍ പുളിക്കല്‍ ബഷീര്‍. 1985 ജൂലൈയിലാണ് ജ്യേഷ്ഠന് അയച്ച വിസയില്‍ ഇദ്ദേഹം മുംബൈയില്‍നിന്ന് ദുബൈയില്‍ വിമാനമിറങ്ങുന്നത്. അബൂദബിയിലെ എയര്‍പോര്‍ട്ട് റോഡിലെ കര്ട്ടന് ഷോപ്പിലും പിന്നീട് ഇലക്ട്രിക് വര്‍ക്ക് അടക്കമുള്ള ജോലികളും ചെയ്തു. അതിനിടെ, 1987ല്‍ അളിയന്റെ സഹോദരന് വഴി ദുബൈ ഡിഫന്‍സില്‍ ജോലി ശരിയായി. 15 വര്‍ഷത്തോളം ദുബൈയില്‍ ജോലി ചെയ്ത ബഷീര്‍ പിന്നീട് അബൂദബിയിലേക്ക് മാറി.
ഇപ്പോള്‍ വിരമിക്കുന്നതുവരെ അബൂദബി ഡിഫന്‍സില്‍ തന്നെ തുടരുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന പലരും നാടുപിടിച്ചു. ഇതിനിടയില്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഉന്നതമായ സംസ്കാരം വെച്ചുപുലര്‍ത്തുന്ന മേലുദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ബഷീർ പറയുന്നു. വീട്ടിലെ മാതാപിതാക്കളെ വിളിച്ചിരുന്നോയെന്ന് എപ്പോഴും അന്വേഷിക്കുന്നതും അതിന് വലിയ പ്രാധാന്യം നല്‍കുന്നതുമായ ഉദ്യോഗസ്ഥരെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.
പ്രവാസ ലോകത്തെ ഈ ജോലികളാണ് തന്റെ ഇന്നത്തെ മെച്ചപ്പെട്ട ജീവിതസാഹചര്യത്തിന് അവസരം ഒരുക്കിയതെന്ന് ബഷീര്‍ നന്ദിയോടെ സ്മരിക്കുന്നു. ദുബൈയിലായിരുന്നപ്പോള്‍ കെ.എം.സി.സിയുമായി സഹകരിച്ച് പ്രവർത്തിച്ചു. അബൂദബിയിലേക്ക് മാറിയപ്പോള്‍ ജോലിത്തിരക്കായി. ഭാര്യയും ഒരു മകനും മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.