അബ്ദുൽ മജീദും മിസ്രിയ ടീച്ചറും നാട്ടിലേക്ക്
text_fieldsഅബ്ദുൽ മജീദും മിസ്രിയ ടീച്ചറും
അൽഐൻ: നാല് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി അബ്ദുൽ മജീദും ഭാര്യ മിസ്രിയ ടീച്ചറും നാട്ടിലേക്ക് തിരിക്കുന്നു. തൃശൂർ, കൊരട്ടി കുലയിടം സ്വദേശിയായ മജീദ് 1985ലാണ് പ്രവാസം തുടങ്ങുന്നത്.
അബൂദബിയിൽ ഒരു സ്വദേശിയുടെ വീട്ടിലായിരുന്നു ആദ്യം ജോലി. പിന്നീട് അൽഐനിലെ ഒരു സ്വദേശിയുടെ വാഹനം വാടകക്കെടുത്ത് വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്ന ജോലിയായിരുന്നു. വിവാഹ ശേഷം 1998ൽ മിസ്രിയ ടീച്ചറും അൽ ഐനിൽ എത്തി.
ഇതിനിടെ നാട്ടിൽ ഒരു കെട്ടിടം നിർമിക്കുകയും സഹോദരങ്ങൾക്കൊപ്പം ചേർന്ന് വിവിധങ്ങളായ കച്ചവടങ്ങളും ഒരു ഹോട്ടലും തുടങ്ങുകയും ചെയ്തു. 2010ൽ ദേശീയപാത വികസനത്തിനായി ആ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനമായപ്പോൾ അത് നേരിൽ കാണാൻ ശക്തിയില്ലാത്തതിനാൽ വീണ്ടും അൽഐനിലേക്ക് വിമാനം കയറി.
ഭാര്യക്കൊപ്പം വീണ്ടും അൽഐനിലെത്തിയ ഇദ്ദേഹം സ്വന്തമായി ഒരു വാഹനം വാങ്ങി അത് ഓടിക്കുകയായിരുന്നു. 2011ൽ മിസ്രിയ അൽഐൻ ഒയാസിസ് സ്കൂളിൽ ടീച്ചറായി ജോലിക്ക് കയറി. 2025 മാർച്ച് പകുതി വരെ അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ കണക്ക് അധ്യാപികയായിരുന്നു.
പ്രവാസ ജീവിതത്തിനിടയിൽ ഏറെ സന്തോഷങ്ങൾ അനുഭവിക്കുകയും കുടുംബസമേതം ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചതും വലിയ അനുഗ്രഹമായി കാണുകയാണിവർ.
മാർച്ച് അവസാനം ഇരുവരും നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചതായിരുന്നെങ്കിലും അബ്ദുൽ മജീദിന് ഡോക്ടർമാർ അടിയന്തരശസ്ത്രക്രിയ നിർദേശിച്ചതിനാൽ കഴിഞ്ഞ ദിവസം പെട്ടെന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
റമീസ, ഫാത്തിമ തസ്നീം, സൈനുൽ ആബിദ് എന്നിവർ മക്കളാണ്. ദുബൈയിലും അൽഐനിലുമായി ഇവർ ജോലി ചെയ്യുന്നു. മരുമക്കളായ നബീൽ നജീബ്, നിഹാൽ അഹ്മദ് എന്നിവരും ദുബൈയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.