തീരാതെ ആഘോഷം, ചോരാതെ ആവേശം
text_fieldsദുബൈ: യു.എ.ഇയുടെ അമ്പതാം ദേശീയദിനാഘോഷം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പരിപാടികളുമായി തുടരുന്നു. സ്വദേശികളും വിദേശികളും വെള്ളിയാഴ്ചയും ആഘോഷത്തിെൻറ ആവേശത്തിൽ തന്നെയായിരുന്നു.
എക്സ്പോ 2020 ദുബൈയിൽ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞും മറ്റും നിരവധിപേർ എത്തിച്ചേർന്നു. രാജ്യത്തെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ദേശീയദിനത്തിെൻറ അവധിയാഘോഷിക്കാൻ നിരവധിപേർ വന്നെത്തിയിരുന്നു. വാരാന്ത അവധിദിനമായ ശനിയാഴ്ചയും തിരക്കിന് കുറവുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എ.ഇയുടെ സുവർണ ജൂബിലി ദേശീയദിനാഘോഷത്തിെൻറ ഔദ്യോഗിക ചടങ്ങുകൾ നടന്ന ദുബൈയുടെ ഭാഗമായ ഹത്തയിലും സന്ദർശകർ ഏറെ എത്തി. വ്യാഴാഴ്ചത്തെ ആഘോഷത്തിന് സാക്ഷികളാകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി, വിവിധ എമിറേറ്റുകളിലെ ഉന്നത ഭരണനേതൃത്വങ്ങളും എത്തിയിരുന്നു. ഹത്തയിൽ അവതരിപ്പിക്കപ്പെട്ട ദേശീയദിന പ്രത്യേക ഷോ, പൊതുജനങ്ങൾക്ക് കാണാൻ ശനിയാഴ്ച മുതൽ ഡിസംബർ 12വരെ അവസരമൊരുക്കിയിട്ടുണ്ട്. UAENationalDay.ae എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ലഭ്യമാണ്.
വിവിധ പ്രവാസി കൂട്ടായ്മകളും വിപുലമായ പരിപാടികൾ കഴിഞ്ഞദിവസങ്ങളിൽ സംഘടിപ്പിച്ചു. വെള്ളിയാഴ്ച സീഷെൽസ് ഇവൻറ്സിെൻറ ആഭിമുഖ്യത്തിൽ ഇന്തോ- അറബ് കൾചറൽ ഫെസ്റ്റ് ദുബൈ അൽ നാസർ ലിഷർ ലാൻഡിൽ അരങ്ങേറി.
'റാവോസ്, ദ ഗ്ലോറി ഓഫ് 50- ഇന്തോ- അറബ് കൾചറൽ ഫെസ്റ്റ് -2021' എന്ന സാംസ്കാരികോത്സവത്തിൽ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ 'പ്രോജക്ട് മലബാറിക്കസ്' ബാൻഡ് ഒരുക്കിയ സംഗീത സന്ധ്യയായിരുന്നു പ്രധാന ആകർഷണം. വരും ദിവസങ്ങളിലും വിവിധ കൂട്ടായ്മകളുടെ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.