മാലിന്യത്തിൽനിന്ന് ഊർജം: ആദ്യ പ്ലാന്‍റ് നിർമാണം പൂർത്തിയായി
text_fieldsഷാർജ: എമിറേറ്റിനെ പശ്ചിമേഷ്യയിലെ ആദ്യത്തെ മാലിന്യരഹിത നഗരമാക്കി മാറ്റാനൊരുങ്ങി ബീഅ. ഇതിന്‍റെ ഭാഗമായി യു.എ.ഇയിലെ ആദ്യ, മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാന്‍റിന്‍റെ നിർമാണം ഷാർജയിൽ പൂർത്തിയായി. പദ്ധതി ഇപ്പോൾ പരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യം ശുദ്ധ ഊർജമാക്കി മാറ്റാൻ പ്ലാൻറ് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്‍റെ ശുദ്ധ ഊർജ സ്രോതസ്സുകൾക്ക് സംഭാവന നൽകുന്നതോടൊപ്പം, യു.എ.ഇയിലുടനീളം മാലിന്യം കുറക്കാനും സഹായിക്കുന്നതാണ് പുതിയ പ്ലാൻറ്.
മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് വേസ്റ്റ് ടു എനർജി പ്ലാന്‍റിൽ നടക്കുക. പ്രതിവർഷം 4,00,000 ടൺ മാലിന്യം 80 മെഗാവാട്ട് വൈദ്യുതിയാക്കി മാറ്റാനാകും. ജൈവമാലിന്യത്തിന്‍റെ 99 ശതമാനവും ഊർജമാക്കി മാറ്റലാണ് വേസ്റ്റ് ടു എനർജി പ്ലാന്‍റ് പദ്ധതി ലക്ഷ്യമിടുന്നത്.
ഷാർജ പ്ലാൻറിന് ഓരോ വർഷവും 3,00,000 ടൺ വരെ, പുനരുപയോഗം ചെയ്യാനാവാത്ത മാലിന്യം ലാൻഡ്ഫില്ലിൽനിന്ന് മാറ്റാൻ സഹായിക്കും. ഇതിലൂടെ ഷാർജയിലെ 28,000 വീടുകൾക്ക് വൈദ്യുതി നൽകാനുമാകും. യു.എ.ഇയുടെ വേസ്റ്റ് ടു എനർജി മേഖല വികസിപ്പിക്കുന്നതിന് ബീഅ അബൂദബിയിലെ പുനരുപയോഗ ഊർജ കമ്പനിയായ മസ്ദറുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ഈ പ്ലാന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.