ദുബൈയിൽ എൻജിനീയർമാരുടെ നിയമനത്തിന് പുതിയ നിബന്ധനകൾ
text_fieldsദുബൈ: ദുബൈയില്‍ നിര്‍മാണ മേഖലയിലെ എൻജിനീയര്‍മാരുടെ യോഗ്യത പരിശോധിക്കാന്‍ എകീകൃത ഇ- പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള എൻജിനീയര്‍മാരുടെ യോഗ്യതയും നഗരസഭ പുതുക്കി നിശ്ചയിച്ചു. പുതിയ യോഗ്യതാ മാനദണ്ഡം അനുസരിച്ച് പദ്ധതികളില്‍ എൻജിനീയര്‍മാരെ നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം എൻജിനീയര്‍മാരുടെ യോഗ്യത പരിശോധിക്കുന്ന ഇലക്ട്രോണിക് പരീക്ഷാ സംവിധാനത്തെ നഗരസഭ, യു എ ഇ എൻജിനീയേഴ്സ് അസോസിയേഷനുമായി ബന്ധിപ്പിക്കും. പരീക്ഷ പാസായി ലൈസന്‍സ് നേടുന്നവര്‍ക്കാണ് സര്‍ക്കാര്‍ പദ്ധതികളില്‍ ജോലിചെയ്യാന്‍ കഴിയുക. മുനിസിപ്പാലിറ്റി നിശ്ചയിച്ച യോഗ്യത അനുസരിച്ചാണ് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളും പദ്ധതികളില്‍ എൻജിനിയര്‍മാരെ നിശ്ചയിക്കേണ്ടത്.
ഡെക്കറേഷന്‍ പ്രോജക്ടുകള്‍ ഓഡിറ്റ് ചെയ്യുന്ന എൻജിനീയര്‍ക്ക് ബാച്ചിലര്‍ ബിരുദം വേണം. പുറമേ സ്വദേശത്തും യു എ ഇയിലും സൊസൈറ്റി ഓഫ് എൻജിനിയേഴ്സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. സ്പെഷ്യലൈസ് ചെയ്ത എൻജിനീയര്‍മാര്‍ക്ക് സ്വദേശത്തെ എൻജിനീയേഴ്സ് ഗില്‍ഡിലോ അസോസിയേഷനിലോ അംഗത്വമുണ്ടാവണം.
യു എ ഇയിലെ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് വേണം. വില്ല നിര്‍മാണ പദ്ധതികള്‍ പരിശോധിക്കാന്‍ നേരത്തേ പറഞ്ഞ യോഗ്യതകള്‍ക്ക് പുറമെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വ്യവസായിക സ്ഥാപനങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഏഴ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. പത്ത് നിലവരെയുള്ള ബഹുനില കെട്ടിടങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും യോഗ്യതാപരീക്ഷയില്‍ 80 ശതമാനം മാര്‍ക്കും വേണം. നിര്‍മാണ കമ്പനിയില്‍ ജോലിചെയ്യാന്‍ ഡിഗ്രിയോ ഡിപ്ലോമയോ മതി. എന്നാല്‍, ഓരോ പദ്ധതിക്കും നിശ്ചിത പ്രവര്‍ത്തി പരിചയം നഗരസഭയിൽ നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.