ഗൃഹാതുര സ്മരണകളെ സമ്പന്നമാക്കി കേരളത്തനിമയാർന്ന സംഗീത ആൽബങ്ങൾ
text_fieldsമനാമ: ഈ ഓണക്കാലത്ത് ബഹ്റൈനിൽ പ്രവാസി കലാകാരന്മാർ അണിയിച്ചൊരുക്കിയ മൂന്ന് സംഗീത ആൽബങ്ങൾ കലാസ്വാദകരെ തേടിയെത്തി. പൂർണ്ണമായും ബഹ്റൈനിൽ ചിത്രീകരിച്ച ആൽബങ്ങൾ കേരളത്തനിമയിലാണ് ഒരുക്കിയതെന്നത് പ്രത്യേകതയാണ്. കേരളം പോലെ തോന്നിപ്പിക്കുന്ന ഇടങ്ങളിൽ കേരളീയ വേഷങ്ങളോടെയായിരുന്നു ചിത്രീകരണം. പച്ചപ്പുകളുള്ള ലൊക്കേഷനുകൾ കണ്ടുവെച്ച് കേരളമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ചിത്രീകരണം.
ഗാനരചയിതാവും സംവിധായകനുമായ ജിതേഷ് വേളത്തിന്റെ ‘ഓണമായെടി പെണ്ണേ’, രൂപേഷ് കേളോത്ത് രചിച്ച് അദ്ദേഹം തന്നെ പാടിയ ‘പൊൻചിങ്ങപ്പുലരിയിൽ’, ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ഓണാഘോഷദൃശ്യങ്ങൾ പകർത്തി സംഗീത സംവിധായകൻ, ഗായകൻ, മാധ്യമ പ്രവർത്തകൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ രാജീവ് വെള്ളിക്കോത്ത് തയാറാക്കിയ ആൽബം എന്നിവയാണ് ശ്രദ്ധേയമായത്. ‘ആവണി മാസം പൂക്കളുമായ് വരുന്നേ..’ എന്ന രാജീവ് വെള്ളിക്കോത്തിന്റെ ഗാനവും ദൃശ്യങ്ങളും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ജിതേഷ് വേളം തന്നെ രചന നിർവ്വഹിച്ച ‘മേലേ വാനം മഴവില്ല് തീർത്തു, താഴെ ഭൂമിയിൽ പൂക്കളം തീർത്തു’ എന്ന ഗാനമാണ് ‘ഓണമായെടി പെണ്ണേ’ എന്ന ആൽബത്തിലുള്ളത്. രാജീവ് വെള്ളിക്കോത്തായിരുന്നു ഇതിന്റെ സംഗീതസംവിധാനം. സ്റ്റാർ സിംഗർ ഫെയിം അരുൺ കുമാർ പാലേരിയാണ് പാടിയത്. വിഷ്ണു നട്ടാത്തും രാജേഷ് മാഹിയും കാമറ കൈകാര്യം ചെയ്തു. ബിനോജ് പാവറട്ടി, രമ്യ ബിനോജ്, സാന്ദ്രാനിഷിൽ എന്നിവർ കോറിയോഗ്രഫിയും നിഖിൽ വടകര എഡിറ്റിങ്ങും നിർവഹിച്ചു. ബഹ്റൈനിലെ നിരവധി കലാകാരികളും കലാകാരന്മാരും അഭിനയിച്ച ആൽബം ജെ.വി മീഡിയ നിർമിച്ച്, ജിതേഷ് വേളം തന്നെയാണ് സംവിധാനം ചെയ്തത്. ‘പൊൻചിങ്ങപ്പുലരിയിൽ’ സമുദ്ര ക്രിയേഷൻസ് അണിയിച്ചൊരുക്കിയ ഹൃദയഹാരിയായ ഓണപ്പാട്ടാണ്. കണ്ണൂർ പാനൂർ ചെറുപറമ്പ് സ്വദേശിയായ രൂപേഷ് കേളോത്താണ് രചനയും ആലാപനവും നിർവഹിച്ചത്. ശശീന്ദ്രൻ വി.വി (തളിപ്പറമ്പ്) സംഗീതം നൽകി. ഹരികുമാർ കിടങ്ങൂർ (കോട്ടയം ) ആയിരുന്നു ദൃശ്യാവിഷ്കാരം.
സൽമാബാദിലാണ് ഗാനത്തിന്റെ ചിത്രീകരണം നിർവഹിച്ചത്. പുലർച്ചയും രാത്രിയിലുമൊക്കെയായി രണ്ടാഴ്ചയെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ശ്യാമയും സജിത്തുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.