പ്രവേശനോത്സവം; വിദ്യാർഥികളെ വരവേറ്റ് സ്കൂളുകൾ
text_fieldsഷാർജ: രണ്ടു മാസം നീണ്ട വേനൽ അവധിക്കുശേഷം യു.എ.ഇയിൽ വീണ്ടും പുതിയ അധ്യയന വർഷത്തിന് തുടക്കമായി. ആദ്യ ദിനത്തിൽ 80 ശതമാനം കുട്ടികൾ സ്കൂളിലെത്തി. ചില സ്കൂളുകളിൽ 95 ശതമാനം വരെയാണ് ഹാജർ നില. പുതിയ പുസ്തകങ്ങളും ബാഗുമായി പുത്തൻ യൂനിഫോമണിഞ്ഞാണ് ഭൂരിഭാഗം കുട്ടികളും സ്കൂളിലെത്തിയത്. ആയിരക്കണക്കിന് കെ.ജി വിദ്യാർഥികളാണ് ആദ്യക്ഷരം നുകരാൻ ആദ്യദിനം ആഹ്ലാദത്തോടെ വിദ്യാലയങ്ങളിലെത്തിയത്.
ഉത്സവ പ്രതീതിയോടെയാണ് കുരുന്നു വിദ്യാർഥികളെ വിവിധ സ്കൂൾ അധികൃതർ സ്വീകരിച്ചത്. യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷത്തിന്റെ ആരംഭമായിരുന്നു തിങ്കളാഴ്ച. ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന യു.എ.ഇയിലെ വിദ്യാലയങ്ങളിൽ രണ്ടാം പാദത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ ഏപ്രിൽ ആദ്യത്തിൽ പുതിയ അധ്യയന വർഷം ആരംഭിച്ചിരുന്നു.
നവാഗതരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും അധ്യാപകരും നടത്തിയത്. വിദ്യാർഥികളെ സ്വീകരിക്കാൻ പല വിദ്യാലയങ്ങളും പ്രവേശനോത്സവം തന്നെ സംഘടിപ്പിച്ചിരുന്നു. സ്കൂൾ കോമ്പൗണ്ടുകളും ക്ലാസ് മുറികളും തോരണങ്ങൾ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ചിരുന്നു. രണ്ടു മാസത്തോളം വരുന്ന വേനൽ അവധിക്കുശേഷമാണ് സ്കൂളുകൾ സജീവമാകുന്നത്. രണ്ടുമാസമായി അടച്ചിട്ട ക്ലാസ് മുറികൾ വൃത്തിയാക്കുകയും സ്കൂൾ ബസുകൾ യാത്രാസജ്ജമാക്കുകയും ചെയ്തിരുന്നു. ഡ്രൈവർമാരും മറ്റു ജീവനക്കാരും സ്കൂൾ അധികൃതരും ചേർന്ന് പ്രവേശനോത്സവം കൂടുതൽ വർണാഭമാക്കാനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
വിദ്യാലയങ്ങൾ തുറന്നതോടെ, റോഡുകളിൽ തിരക്ക് വർധിച്ചു. റോഡ് സുരക്ഷക്കായി മുൻകരുതലുകൾ എടുക്കുകയും ആവശ്യമായ മാർഗ നിർദേശങ്ങൾ ഡ്രൈവർമാർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ എമിറേറ്റ്സിലെ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.