അഞ്ചു ലക്ഷം പേർക്ക് ബലി മാംസം എത്തിച്ച് ഇ.ആർ.സി
text_fieldsദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള അഞ്ചു ലക്ഷം ഗുണഭോക്താക്കൾക്ക് ബലി മാംസം വിതരണം ചെയ്ത് എമിറേറ്റ്സ് റെഡ്ക്രസന്റ് (ഇ.ആർ.സി). യു.എ.ഇയിൽ ഒരു ലക്ഷം പേർക്കും 48 വിദേശ രാജ്യങ്ങളിലായി നാല് ലക്ഷം ഗുണഭോക്താക്കൾക്കുമാണ് സഹായം എത്തിച്ചത്. ബലിമൃഗ മാംസം പദ്ധതിയുടെ ഭാഗമായാണ് സഹായവിതരണം ചെയ്തത്. യു.എ.ഇയിൽ അബൂദബി, അൽ ഐൻ, അൽ ദഫ്ര, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ ഇ.ആർ.സിയുടെ സെന്ററുകൾ വഴിയായിരുന്നു മാംസ വിതരണം. വിദേശ രാജ്യങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഇ.ആർ.സിയുടെ അതത് സെന്ററുകൾ വഴിയും എംബസികൾ മുഖാന്തരവുമാണ് മാംസം വിതരണം നടത്തിയത്.
നാല് ഉപഭൂഖണ്ഡങ്ങൾ, പ്രത്യേകിച്ച് സംഘർഷത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമത്തെ തുടർന്ന് പ്രയാസം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഇ.ആർ.സി സെക്രട്ടറി ജനറൽ ഹുമൈദ് അബ്ദുള്ള അൽ ജുനൈബി പറഞ്ഞു.
ഓരോ വർഷവും ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികൾ തേടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗഹൃദ രാജ്യങ്ങൾക്ക് പിന്തുണ നൽകുകയെന്ന തന്ത്രപരമായ നടപടിയുടെ ഭാഗമായാണ് എല്ലാ വർഷവും ഇത്തരത്തിൽ സഹായമെത്തിക്കുന്നത്. ദുരന്തങ്ങളും സംഘർഷങ്ങളും മൂലം മാനുഷിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിലേക്കും സഹായവിതരണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക, ഇറാഖ്, നേപ്പാൾ, ജോർഡൻ, യെമൻ, ഫിലിപ്പീൻസ്, പാകിസ്താൻ, വിയറ്റ്നാം, സിറിയ തുടങ്ങി 11 ഏഷ്യൻ രാജ്യങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 26 ആഫ്രിക്കൻ രാജ്യങ്ങളിലും എട്ട് യൂറോപ്യൻ രാജ്യങ്ങളിലും പദ്ധതി വിപുലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.