ശൈഖ് മുഹമ്മദിന് ആഡംബര ഇലക്ട്രിക് കാർ സമ്മാനിച്ച് ഉർദുഗാൻ
text_fieldsദുബൈ: ഔദ്യോഗിക സന്ദർശനത്തിന് അബൂദബിയിലെത്തിയ തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ആഡംബര ഇലക്ട്രിക് കാർ സമ്മാനിച്ചു. സൗഹൃദ സമ്മാനമെന്ന നിലയിലാണ് തുർക്കിയ തദ്ദേശീയമായി നിർമിച്ച കാർ നൽകിയത്. അബൂദബി അൽ വത്ൻ കൊട്ടാരത്തിൽ വെച്ച് കാർ സ്വീകരിച്ച ശൈഖ് മുഹമ്മദ്, ഉർദുഗാനെ ഒപ്പമിരുത്തി ഇതിൽ യാത്ര ചെയ്തു.
ഇരുവരുടെയും കാർ യാത്രയുടെ ചിത്രങ്ങളും വിഡിയോകളും പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ‘ടോഗ്’ എന്നുപേരിട്ട കാർ നേരത്തേ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ അമീർ ശൈഖ് മതീം ബിൻ ഹമദ് ആൽ ഥാനി എന്നിവർക്കും ഉർദുഗാൻ സമ്മാനിച്ചിരുന്നു. ത്രിരാഷ്ട്ര സന്ദർശനത്തിന് ഗൾഫിൽ എത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് മൂന്ന് രാജ്യങ്ങളിലും ലഭിച്ചത്.സന്ദർശനത്തിൽ യു.എ.ഇയും തുർക്കിയയും 18,600 കോടി ദിർഹമിന്റെ സാമ്പത്തിക കരാറുകളിലെത്തിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലെ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ചട്ടക്കൂടിൽ ഉൾപ്പെടുത്തിയാണ് ധാരണകളിലെത്തിയിരിക്കുന്നത്. യു.എ.ഇയും തുർക്കിയയും പ്രാദേശികമായ സ്ഥിരതക്കും വികസനത്തിനും സാമ്പത്തിക വികാസത്തിനും ഒരുമിച്ചു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചക്ക് ശേഷം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.