ഇസ്പാഫ് 'പാരൻറ്സ് എക്സലൻസ് അവാർഡുകൾ' വിതരണം ചെയ്തു
text_fieldsജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പാരൻറ്സ് ഫോറം ജിദ്ദ (ഇസ്പാഫ്) മാതാപിതാക്കൾക്കുള്ള 'പാരൻറ്സ് എക്സലൻസ് അവാർഡുകൾ' വിതരണം ചെയ്തു. കഴിഞ്ഞ വർഷം സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലായി ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ജിദ്ദയിൽ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളുടെ രക്ഷിതാക്കളെ അവരുടെ കഠിന പ്രയത്നത്തിനും വർഷങ്ങളായി മക്കൾക്ക് നൽകിവരുന്ന അകമഴിഞ്ഞ പിന്തുണക്കുമുള്ള അർഹതയുടെ അംഗീകാരമായാണ് ഇൗ പുരസ്കാരം നൽകുന്നത്. 12ാം ക്ലാസ് പൊതുപരീക്ഷയിൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിവിധ സ്ട്രീമുകളിലുള്ള ആദ്യ മൂന്ന് സ്ഥാനക്കാരുെട 16 രക്ഷിതാക്കളെയാണ് ആദരിച്ചത്. സയൻസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ മുഹമ്മദ് അമീൻ സൈഫുറഹ്മാനായിരുന്നു ഒന്നാം സ്ഥാനം. മൂന്ന് പേർ രണ്ടാം സ്ഥാനവും രണ്ട് പേർ മൂന്നാം സ്ഥാനവും പങ്കിട്ടു. കോമേഴ്സ് വിഭാഗത്തിൽ ഫർഹീൻ ഷെയ്ഖിനായിരുന്നു ഒന്നാം സ്ഥാനം. രണ്ട്, മൂന്ന് സ്ഥാനക്കാരായി ഓരോരുത്തരുമുണ്ടായിരുന്നു. ഹ്യുമാനിറ്റീസ് വനിതാ വിഭാഗത്തിൽ നമിത മേരി റോബി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് ഒരാളും മൂന്നാം സ്ഥാനത്തിന് രണ്ട് പേരുമുണ്ടായിരുന്നു.
ഹ്യുമാനിറ്റീസ് ആൺ കുട്ടികളുടെ വിഭാഗത്തിൽ സെയ്ദ് ആക്വിബ് ഹുസൈനി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. രണ്ടും മൂന്നും സ്ഥാനക്കാരായി രണ്ടുപേരുമുണ്ടായി. 10ാം ക്ലാസ് പൊതുപരീക്ഷയിൽ 95 ശതമാനത്തിനും അതിനു മുകളിലുമായി മാർക്ക് നേടിയ 18 പേരുടെ മാതാപിതാക്കൾ അവാർഡിന് അർഹരായി.
ഹബീബ് ആലം റസയാണ് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥി (98.8 ശതമാനം). കലാകായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ വർഷം മുതൽ പഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾതലത്തിൽ കഴിവ് തെളിയിച്ച് അംഗീകാരം നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കളായ 13 പേരെ 'ഓവർ ഒാൾ പെർഫോമൻസ് അവാർഡുകൾ' നൽകി ആദരിച്ചു. കൂടാതെ, ഇസ്പാഫ് മെംബർമാരിലെ മൂന്ന് കുട്ടികളുടെ രക്ഷിതാക്കളെയും 'ഔട്ട്സ്റ്റാൻഡിങ് അവാർഡ്' നൽകി ആദരിച്ചു.
മക്കളുടെ വിജയത്തിന് പിന്നിലും സ്വഭാവ രൂപവത്കരണത്തിലും കൂടാതെ സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന ഒന്നാംതരം പൗരന്മാരായി വളർത്തി ഉന്നത ശ്രേണികളിലെത്തിക്കാൻ മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസ്സൻ പറഞ്ഞു. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡൻറ് ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജാസിം, ജയശങ്കർ, ഇസ്പാഫ് ഉപദേശക സമിതി അംഗങ്ങളായ സലാഹ് കാരാടൻ, എൻജി. മുഹമ്മദ് ബൈജു, നാസർ ചാവക്കാട്, പി.എം. മായിൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർമാരായ എൻജി. അബ്ദുൽ മജീദ്, സാബിർ മുഹമ്മദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. നഷ്വ ഉമറും ജുനൈദ അബ്ദുൽ മജീദും അവതാരകരായി. ആമിന മുസ്തഫ ആലുങ്ങൽ ഖുർആൻ പാരായണം നിർവഹിച്ചു. ഇസ്പാഫ് ജനറൽ സെക്രട്ടറി എൻജി. മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.