ആദ്യപാദത്തിൽ 52.6 കോടി ദിര്‍ഹം ലാഭം നേടി ഇത്തിഹാദ് എയര്‍വേസ്
text_fieldsഅബൂദബി: 2024ലെ ആദ്യപാദത്തില്‍ 52.6 കോടി ദിര്‍ഹമിന്റെ ലാഭം നേടിയതായി ഇത്തിഹാദ് എയര്‍വേസ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 5.9 കോടി ദിര്‍ഹം മാത്രമായിരുന്നു കമ്പനിയുടെ ലാഭം. ഇത്തവണ 791 ശതമാനത്തിന്റെ വര്‍ധനയാണ് ലാഭത്തില്‍ കൈവരിച്ചതെന്ന് ഇത്തിഹാദ് എയര്‍വേസ് വ്യക്തമാക്കി. 2023നെ അപേക്ഷിച്ച് 2024ല്‍ മൊത്ത വരുമാനത്തില്‍ 98.7 കോടി ദിര്‍ഹമിന്റെ വര്‍ധനയും രേഖപ്പെടുത്തി.
2023 ആദ്യപാദത്തില്‍ 475.2 കോടി ദിര്‍ഹമായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം. 2024 ആദ്യപാദത്തില്‍ ഇത് 573.9 കോടി ദിര്‍ഹമായി ഉയര്‍ന്നു. 2023നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 41 ശതമാനം വളര്‍ച്ച കൈവരിക്കാനും കമ്പനിക്കായി. 42 ലക്ഷം യാത്രികരാണ് 2024 ആദ്യ പാദത്തില്‍ ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങളില്‍ പറന്നത്.
ചരക്ക് നീക്കമടക്കമുള്ള ഇതര വരുമാന സ്രോതസ്സുകളിലും ഇത്തിഹാദ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ടാക്കി. 2024 ആദ്യപാദത്തിലെ മൊത്തം ലാഭം 2023ലെ മൊത്തം ലാഭത്തിനു തുല്യമാണെന്ന് ഇത്തിഹാദ് എയര്‍വേസ് സി.ഇ.ഒ അന്റനോല്ഡോ നെവസ് വ്യക്തമാക്കി.
ഈ വര്‍ഷം റമദാന് മാര്‍ച്ച് ആദ്യം വന്നതാണ് വരുമാനത്തിലെ കുതിച്ചുകയറ്റത്തിന് കാരണമെന്നും നെവസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒടുവിലായിരുന്നു റമദാന് തുടങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട്, ബോസ്റ്റന് അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് പുതിയ സര്‍വിസുകള്‍ തുടങ്ങിയത് കമ്പനിയുടെ വളര്‍ച്ചക്ക് വേഗം കൂട്ടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.