ഇത്തിഹാദ് എയർവേസ് ബാഗേജ് നിയമം പരിഷ്കരിച്ചു
text_fieldsഅബൂദബി: അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് ബാഗേജിെൻറ എണ്ണത്തിന് പരിധി നിശ്ചയിക്കാതെ ബാഗേജ് നിയമം പരിഷ്കരിച്ചു. നിശ്ചിത തൂക്കത്തിന് അനുസരിച്ച് ഇഷ്ടമുള്ളത്ര ബാഗേജുകൾ കൊണ്ടുപോകാൻ യാത്രക്കാരന് അനുമതി നൽകുന്ന വിധമാണ് പരിഷ്കരണം.
വിവിധ രാജ്യങ്ങളിലെ നിബന്ധനകൾക്ക് അനുസൃതമായി ബാഗേജ് ഘടന ലഘൂകരിക്കുന്നതാണ് പുതിയ മാറ്റങ്ങളെന്ന് ഇത്തിഹാദ് പ്രസ്താവനയിൽ അറിയിച്ചു. ജനുവരി 31 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലായത്.
വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയിലെ ബാഗേജ് വിവരങ്ങൾ ഇത്തിഹാദിെൻറ വെബ്സൈറ്റിൽ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് ഇകോണമി ഡീൽ, സേവർ, ക്ലാസിക് വിഭാഗങ്ങളിൽ 30 കിലോ, ഇകോണമി ഫ്ലക്സ് വിഭാഗത്തിൽ 35 കിലോ, ബിസിനസ് ക്ലാസിൽ 40 കിലോ, ഫസ്റ്റ് ക്ലാസിൽ 50 കിലോ എന്നിങ്ങനെ കൊണ്ടുപോകാം.
ഒരു ബാഗേജിെൻറ ഭാരം 32 കിലോയിൽ അധികമാകാൻ പാടില്ല. ഇന്ത്യയിൽനിന്ന് ജി.സി.സി രാജ്യങ്ങളിലേക്കും സമാനമായ ബാഗേജ് തന്നെയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇകോണമി ക്ലാസ്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇകോണമി ക്ലാസിൽ 30 കിലോ, ബിസിനസ് ക്ലാസിൽ 40 കിലോ, ഫസ്റ്റ് ക്ലാസിൽ 50 കിലോ എന്നിങ്ങനെയായിരുന്നു അനുവദിച്ചിരുന്നത്. യാത്രക്കാരുടെ വിവിധങ്ങളായ ആവശ്യം പരിഗണിച്ചും ആഗോള വിപണിയിലെ മികച്ച പ്രവണതകൾക്ക് അനുസൃതമായുമാണ് ഇത്തിഹാദ് ബാഗേജ് നയം പരിഷ്കരിച്ചതെന്ന് ഇത്തിഹാദ് എയർവേസ് കോമേഴ്സ്യൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് മുഹമ്മദ് ആൽ ബുലൂകി വ്യക്തമാക്കി. ഇത്തിഹാദ് പാരിതോഷിക പദ്ധതിയിൽ ഒപ്പുവെച്ച സിൽവർ, ഗോൾഡ്, പ്ലാറ്റിനം അംഗങ്ങൾക്ക് യു.എസ്, കാനഡ രാജ്യങ്ങളിലേക്ക് 32 കിലോയും മറ്റു സെക്ടറുകളിലേക്ക് പ്ലാറ്റിനം അംഗങ്ങൾക്ക് 20 കിലോയും ഗോൾഡിന് 15 കിലോയും സിൽവറിന് പത്ത് കിലോയും അധിക ബാഗേജ് അനുവദിക്കുന്നത് തുടരുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.