വരുന്നു, എമിറേറ്റ്സിലും ഇത്തിഹാദിലും യാത്ര ഒറ്റടിക്കറ്റിൽ
text_fieldsദുബൈ: രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് ദുബൈ ആസ്ഥാനമായ എമിറേറ്റ്സ്, അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എന്നീ വിമാനക്കമ്പനികൾ ധാരണപത്രം ഒപ്പുവെച്ചു. യു.എ.ഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ പ്രദേശങ്ങളിലെത്താൻ അവസരമൊരുക്കുന്നതാണ് കരാർ. ദുബൈയിൽ ഇറങ്ങിയ യാത്രക്കാരന് അബൂദബി വഴി മടങ്ങാനും അബൂദബിയിൽ ഇറങ്ങിയയാൾക്ക് ദുബൈ വഴി മടങ്ങാനും ഒറ്റടിക്കറ്റിൽ സാധ്യമാകുന്ന സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്.
ഇതുവഴി ഒരു യാത്രയിൽതന്നെ രണ്ടു പ്രദേശങ്ങളും സമയനഷ്ടമില്ലാതെ സഞ്ചരിക്കാൻ അവസരമൊരുങ്ങും. ഇതുവഴി വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യമായാണ് ഇത്തരമൊരു ധാരണ ഇരു വിമാനക്കമ്പനികളും ഒപ്പുവെക്കുന്നത്. ഈ വർഷം വേനൽക്കാലത്ത് രണ്ട് എയർലൈനിന്റെയും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകുമെന്നാണ് അധികൃതർ വെളിപ്പെടുത്തിയിട്ടുള്ളത്.
യു.എ.ഇ യാത്രക്കാർക്ക് സൗകര്യപ്രദമായ ബാഗേജ് ചെക്ക്-ഇൻ സൗകര്യവും പുതിയ കരാർ പ്രകാരം വാഗ്ദാനം ചെയ്യുന്നുണ്ട്. യൂറോപ്പിലെയും ചൈനയിലെയും നിശ്ചിത സ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന ഉപഭോക്താക്കൾക്ക് ‘മൾട്ടി-സിറ്റി ഫ്ലൈറ്റുകൾ’ എന്ന ഓപ്ഷനും ഉണ്ടെന്നും ഇതിലൂടെ രണ്ടു വിമാനക്കമ്പനികളുടെയും നെറ്റ്വർക്കുകളിൽ യാത്ര ചെയ്യാനാവുമെന്നും അധികൃതർ വെളിപ്പെടുത്തി.
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ പദ്ധതി വഴി സാധിക്കും. ടൂറിസം മേഖലക്ക് വലിയ പ്രാധാന്യം നൽകുന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ചാണ് വിമാനക്കമ്പനികൾ സുപ്രധാന തീരുമാനമെടുത്തത്. ബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദിയിലാണ് ഇരു വിമാനക്കമ്പനികളും ധാരണപത്രത്തിൽ ഒപ്പുവെച്ചത്. എമിറേറ്റ്സിന്റെ ചീഫ് കമേഴ്സ്യൽ ഓഫിസർ അദ്നാൻ കാസിമും ഇത്തിഹാദ് എയർവേസിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് അൽ ബുലൂക്കിയുമാണ് കരാറിൽ ഒപ്പുവെച്ചത്. എമിറേറ്റ്സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക്, ഇത്തിഹാദ് സി.ഇ.ഒ അന്റോണാൾഡോ നിവെസ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.