ഇത്തിഹാദ് റെയിൽ പ്രകൃതിയെ നോവിക്കില്ല
text_fieldsദുബൈ: യു.എ.ഇയുടെ സ്വപ്നപദ്ധതി ഇത്തിഹാദ് റെയിൽ പുരോഗമിക്കുന്നത് പരിസ്ഥിതിയെ പരിപാലിച്ച്. പരിസ്ഥിതിക്ക് കോട്ടം തട്ടാനുള്ള എല്ലാ സാധ്യതകളും പഠിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് നിർമാണം. ഇതിനായി അബൂദബി പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും ഏകോപനത്തോടെ പ്രവർത്തിക്കുന്നു. സൗദി അതിർത്തി മുതൽ അബൂദബി വരെയും അവിടെനിന്ന് ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കും കിഴക്കൻ തീരത്തെ ഫുജൈറയിലേക്കും ഒരുങ്ങുന്ന 1200 കി.മീറ്റർ ദേശീയ റെയിൽ പദ്ധതിയിൽ പാസഞ്ചർ ട്രെയിനുകളും ഉണ്ടാകുമെന്ന് അധികൃതർ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ആവാസവ്യവസ്ഥയുടെ സംരക്ഷണം, മൃഗസംരക്ഷണം, യു.എ.ഇയുടെ പുരാതനവും വൈവിധ്യപൂർണവുമായ പ്രകൃതി പൈതൃകം സംരക്ഷിക്കൽ എന്നിവ തുടക്കം മുതൽ ഇത്തിഹാദ് റെയിൽ നിർമാണത്തിൽ ശ്രദ്ധിച്ചിട്ടുണ്ടെന്ന് പദ്ധതിയുടെ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ഖലൂദ് അൽ മസ്റൂയി പറഞ്ഞു. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പഠനങ്ങൾ നിയന്ത്രിക്കാൻ വിവിധ മേഖലകളിൽ വിദഗ്ധരടങ്ങിയ ടീമിനെ ചുമതലപ്പെടുത്തി. പരിസ്ഥിതി ആഘാത വിലയിരുത്തൽ വിദഗ്ധർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, വായു-ശബ്ദ ശാസ്ത്രജ്ഞർ, വനം വിദഗ്ധർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. പദ്ധതി പ്രദേശത്തെ ജീവജാലങ്ങളുടെ രീതികൾ ഈ സംഘം വിശദമായി പഠിച്ച് പരിഹാരം നിർദേശിക്കും. അബൂദബിയുടെ പ്രത്യേക പ്രകൃതി സവിശേഷത സംരക്ഷിക്കുന്നതിന് സർവേ പൂർത്തീകരിച്ചു.
റെയിൽപാത കടന്നുപോകുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റി നടുന്നുണ്ട്. ഇതിന്റെ ഭാഗമായി പാരമ്പര്യമൂല്യമുള്ള ദേശീയ വൃക്ഷങ്ങളായ ഗാഫ്, സിദ്ർ, ഈന്തപ്പന എന്നിവ സംരക്ഷിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നു. മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ 95 ക്രോസിങ്ങുകൾ ഉൾപ്പെടെ വന്യജീവി ഇടനാഴികൾ ഉണ്ടാകും.
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ ഉൾപ്പെടെ വിവിധതരം ജീവികൾക്ക് അഭയവും ഭക്ഷണവും നൽകുന്നതിന് സൗകര്യമുണ്ട്. ഒരു ചെടിപോലും നഷ്ടപ്പെടുത്തരുതെന്ന നിർബന്ധത്തിൽ, പിഴുതെടുക്കുന്ന ചെടികൾ മറ്റിടങ്ങളിൽ നട്ടുപിടിപ്പിക്കുന്നു.
അബൂദബി പരിസ്ഥിതി ഏജൻസി നിയന്ത്രിക്കുന്ന സംരക്ഷിത പ്രദേശമായ അൽ വത്ബ വെറ്റ് ലാൻഡ് റിസർവ് പ്രദേശത്തിന് സമീപത്തുകൂടി ട്രെയിൻ കടന്നുപോകുമ്പോൾ വേഗ നിയന്ത്രണം ഏർപ്പെടുത്തും. റെയിൽ കടന്നുപോകുന്ന ഭാഗത്തെ മിസനദ് നാചുറൽ റിസർവ് ജീവജാലങ്ങളെ സംരക്ഷിത മേഖലയിലേക്ക് മാറ്റി. ഇത്തരത്തിൽ വിപുല പദ്ധതികളിലൂടെ പ്രകൃതിയെ നോവിക്കാതെയാണ് ഇത്തിഹാദ് റെയിൽ കടന്നുപോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.