ഇത്തിഹാദ് റെയില്‍; അല്‍ വത്ബയിലെ മേല്‍പാലം സജ്ജമായി
text_fieldsഅബൂദബി: അബൂദബി-അല്‍ ഐന്‍ അതിവേഗ ദേശീയപാതയിലെ അല്‍ വത്ബയില് ഇത്തിഹാദ് റെയിലിന്റെ മേല്‍പാലം പൂര്‍ത്തിയായി. ഇത്തിഹാദ് റെയില്‍ കടന്നുപോവുന്ന പാതയിലെ പ്രധാന മേൽപാലങ്ങളിലൊന്നാണിത്. ഫുജൈറ മലനിരകള്‍ക്കിടയിലൂടെ റെയിലിനായി നിര്‍മിച്ച 600 മീറ്റര്‍ അല്‍ ബിത്ന പാലം, ദുബൈ അല്‍ ഖുദ്ര പാലം, തുടങ്ങിയവയാണ് മറ്റ് സുപ്രധാന പാലങ്ങള്‍. ഇത്തിഹാദ് റെയിലിന്റെ ചരക്കുനീക്കത്തിനുള്ള ശൃംഖല കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. വര്‍ഷത്തില്‍ ആറ് കോടി ടണ്‍ ചരക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2009 ല്‍ സ്ഥാപിച്ച ഇത്തിഹാദ് റെയില്‍ ഭാഗികമായി നിര്‍മാണം പൂര്‍ത്തിയാക്കി 2016 ആയപ്പോള്‍ ആദ്യ ചരക്ക് നീക്കം നടത്തിയിരുന്നു.
യു.എ.ഇയിലെ ഇത്തിഹാദ് റെയിലിന്റെ ഭാഗമായ ആദ്യ സമുദ്രപാലത്തിന്റെ നിര്‍മാണം, അബൂദബി ഖലീഫ തുറമുഖത്തേക്കുള്ള മറൈന്‍ പാലം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. നാലായിരം ടണ്ണിലേറെ സ്റ്റീലും 18,300 ടണ്ണോളം കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മിച്ച പാലത്തിന് 100 ബീമുകളുണ്ട്. ഒരു കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഇത്തിഹാദ് റെയിലിന്റെ ഭാഗമായി ഏറ്റവും സങ്കീര്‍ണമായ നിര്‍മിതികളിലൊന്നാണിത്.
120 വര്‍ഷമാണ് പാലത്തിന്റെ ആയുസ്സ്. ഈ പാലത്തിലൂടെ ട്രെയിന്‍ മാര്‍ഗമുള്ള ചരക്ക് നീക്കം 300 ലോറികള്‍ വഹിക്കുന്ന ചരക്കിന് സമാനമാണ്. ഇതിനാല്‍ തന്നെ ചരക്ക് നീക്കത്തില്‍ വരുന്ന ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ മറൈന്‍ പാലം സഹായിക്കും.
320 പേരുടെ പത്തുലക്ഷത്തിലേറെ മണിക്കൂര്‍ നീണ്ട അധ്വാനമാണ് പാലം യാഥാര്ഥ്യമാവുന്നതിലേക്ക് നയിച്ചത്. ഈ പാലത്തിലൂടെ പോകുമ്പോള്‍ പാളം തെറ്റിയാല്‍ ട്രെയിന്‍ വെള്ളത്തില്‍ വീഴാതെയിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍മാണത്തില്‍ പാലിച്ചിട്ടുണ്ട്. 1200 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത്തിഹാദ് റെയിലിന്റെ 75 ശതമാനത്തിലധികമാണ് ഇതുവരെ പൂര്‍ത്തിയായത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മിച്ച ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ടം അബൂദബി അല്‍ ധഫ്ര റീജ്യനിലാണ് പൂര്‍ത്തിയാക്കിയത്. ഇവിടുത്തെ രണ്ട് വാതക പാടങ്ങളില്‍ നിന്ന് റുവൈസിലേക്ക് സള്‍ഫര്‍ കൊണ്ടുപോവുന്നതിനായിരുന്നു ഇത്. യു.എ.ഇയിലുടനീളവും സൗദി, ഒമാന്‍ അതിര്‍ത്തികള്‍ വരെയും പാസഞ്ചര്‍ സര്‍വിസ് നടത്തുന്നതിനുള്ള നിര്‍മാണമായിരുന്നു രണ്ടാം ഘട്ടത്തില്‍ 2020ല്‍ ആരംഭിച്ചത്.
ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ പദ്ധതിക്കുവേണ്ടി ' ഒമാന്‍ ആൻഡ് ഇത്തിഹാദ് റെയില്‍ കമ്പനി' പ്രവര്‍ത്തനം നടത്തിവരുകയാണ്. 303 കിലോമീറ്റര്‍ പാതക്കായി മൂന്ന് ശതകോടി ഡോളറിന്റെ കരാറിലാണ് അധികൃതര്‍ എത്തിയിരിക്കുന്നത്. ഒമാനിലെ തുറമുഖ നഗരമായ സുഹാറിനെയും യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് ആഡംബര ട്രെയിന്‍ സര്‍വിസിനും ഇത്തിഹാദ് റെയിലിനു പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്സനാലെയുമായി ഇത്തിഹാദ് റെയില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.