ഇത്തിഹാദ് റെയിൽ; അകലം കുറയും, അടുപ്പം കൂടും
text_fieldsദുബൈ: 1971ൽ രൂപവത്കരിക്കപ്പെട്ട ഐക്യ അറബ് എമിറേറ്റുകൾ എന്ന യു.എ.ഇയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇത്തിഹാദ് റെയിൽപാതയുടെ പൂർത്തീകരണത്തോടെ പിന്നിട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഒരറ്റം മുതൽ അടുത്ത അറ്റം വരെ ബന്ധിപ്പിക്കുന്ന പാത എല്ലാ എമിറേറ്റുകളിലൂടെയും പ്രധാന നഗരങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. രാഷ്ട്രത്തെ ഒറ്റച്ചരടിൽ കോർത്തുനിർത്തുന്ന പാത, ഗതാഗത രംഗത്ത് വിപ്ലവകരമായ പരിവർത്തനത്തിന് നാന്ദികുറിക്കുകയാണ്. പൂർണ പ്രവർത്തനസജ്ജമാകുന്നതോടെ ഐക്യ ഇമാറാത്തിന്റെ ഗതാഗത രംഗത്ത് ജീവനാഡിയായി പാത മാറുമെന്നതിൽ സംശയമില്ല. ലോകത്തിന്റെ വ്യാപാര കേന്ദ്രമെന്ന അപരനാമത്തിലേക്ക് വളർന്ന യു.എ.ഇയിൽ ചരക്കുകൾ അതിവേഗം തുറമുഖങ്ങളിൽനിന്ന് ലോജിസ്റ്റിക്സ് ഹബുകളിലേക്ക് എത്തിക്കാനും തിരിച്ചെത്തിക്കാനും സൗകര്യമാകും. പാസഞ്ചർ ട്രെയിനുകൾകൂടി ആരംഭിക്കുന്നതോടെ അകലങ്ങൾ കുറയുകയും വികസന രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് നിദാനമായിത്തീരുകയും ചെയ്യും.
നീളം 1200 കിലോമീറ്റർ, ചെലവ് 5000 കോടി ദിർഹം
ഇത്തിഹാദ് പദ്ധതിക്ക് 5000 കോടി ദിർഹം ചെലവാണ് വകയിരുത്തിയത്. ഒരുപക്ഷേ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് സമാന സ്വഭാവമുള്ള പദ്ധതികൾ സമീപകാലത്ത് മറ്റൊന്നില്ല. ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്താനാകുന്ന പാത, 1200 കിലോമീറ്റർ നീളത്തിൽ 11 സുപ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.
വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ 593 പാലങ്ങളും ക്രോസിങ്ങുകളും ഒമ്പതു തുരങ്കങ്ങളും പണികഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിലാണ് പാസഞ്ചർ ട്രെയിനുകൾ സഞ്ചരിക്കുകയെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിന്റെ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീളുന്നതാണ് റെയിൽ. പദ്ധതി യു.എ.ഇയുടെ സമ്പദ്വ്യവസ്ഥക്ക് 200 ശതകോടി ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. പാത വഴി റോഡ് അറ്റകുറ്റപ്പണി ചെലവിൽ 800 കോടി ദിർഹം ലാഭിക്കാനാകും. അതോടൊപ്പം ടൂറിസം വരുമാനത്തിൽ 230 കോടി ദിർഹംവരുമാനവുമുണ്ടാക്കും.
പരിസ്ഥിതിയെ നോവിക്കാതെ നിർമാണം
പദ്ധതിയുടെ തുടക്കം മുതൽ യു.എ.ഇയുടെ പ്രകൃതിസംരക്ഷണം ഉറപ്പുവരുത്താൻ പരിസ്ഥിതി, പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും മൃഗങ്ങളെയും സംരക്ഷിക്കാൻ വിവിധ മാർഗങ്ങൾ ആസൂത്രണം ചെയ്തിരുന്നു. റെയിൽപാത നിർമിക്കുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റിനടുന്നതിന് പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി പാരമ്പര്യമൂല്യമുള്ള ദേശീയ വൃക്ഷങ്ങളായ ഗാഫ്, സിദർ, ഈന്തപ്പന എന്നിവക്ക് പ്രത്യേക സംരക്ഷണം ഒരുക്കി. ആയിരക്കണക്കിന് മരങ്ങൾ മാറ്റിനടുകയും പുതുതായി നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ നിരവധി ക്രോസിങ്ങുകൾ ഉൾപ്പെടെ 1200 കിലോമീറ്റർ റെയിൽവേ ശൃംഖലയിൽ വന്യജീവി ഇടനാഴികൾ സൃഷ്ടിക്കാനും അധികൃതർ ജാഗ്രത പുലർത്തിയിട്ടുണ്ട്. പാതക്കു ചുറ്റുമുള്ള ജന്തുജാലങ്ങളെ സംരക്ഷിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ ഉൾപ്പെടെ വിവിധതരം ജീവികൾക്ക് അഭയവും ഭക്ഷണവും നൽകുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. മൃഗങ്ങൾ ഉൾപ്പെടെ ജീവജാലങ്ങളെയും അവയുടെ യാത്രാവഴികളും പഠനവിധേയമാക്കിയാണ് നിർമാണം നടത്തിയത്.
ഇത്തിഹാദ് പാതയിൽ ചരക്ക് ഗതാഗതം തുടങ്ങി
ആയിരത്തിലേറെ വാഗണുകളും 38 ലോക്കോമോട്ടീവുകളും ഉൾപ്പെടുന്ന ശൃംഖല
ദുബൈ: വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ഇത്തിഹാദ് റെയിൽപാതയിൽ ആദ്യഘട്ടത്തിൽ ചരക്കു ഗതാഗതം ആരംഭിച്ചു. എല്ലാതരം ചരക്കുകളും രാജ്യത്തെ നാലു പ്രധാന തുറമുഖങ്ങൾ, ഏഴു ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവക്കിടയിൽ എത്തിക്കാനുള്ള സംവിധാനമാണ് പൂർണമായും ഒരുങ്ങിയിട്ടുള്ളത്. ഇതിനായി ആയിരത്തിലേറെ വാഗണുകളും 38 ലോക്കോമോട്ടിവുകളും ഉൾപ്പെടുന്ന ശൃംഖലയാണ് ഇത്തിഹാദ് റെയിൽ കമ്പനി ഒരുക്കിയിട്ടുള്ളത്. റുവൈസ്, അബൂദബിയിലെ വ്യവസായിക നഗരം, ഖലീഫ തുറമുഖം, ദുബൈ ഇൻഡസ്ട്രിയൽ സിറ്റി, ജബൽ അലി തുറമുഖം, അൽ ഗെയ്ൽ, ഫുജൈറ തുറമുഖം എന്നിവിടങ്ങളിൽ ട്രെയിനുകളുടെ ചാർജിങ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
ചരക്കു ഗതാഗതം ഇത്തിഹാദ് റെയിൽപാത വഴി സജീവമാകുന്നതോടെ തുറമുഖങ്ങളിലും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലും ചരക്കുനീക്കം വേഗത്തിലാവും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചരക്കു ട്രെയിനുകൾക്ക് പ്രതിവർഷം ആറുകോടി ടൺ ചരക്ക് കൊണ്ടുപോകാനുള്ള ശേഷിയുണ്ട്.
അബൂദബിയിലെ അൽ ഫയ മേഖലയിലെ കൺട്രോൾ ആന്ഡ് മെയിൻറനൻസ് സെന്ററിൽ നടന്ന ചടങ്ങിലാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. പാതയുടെ ഒന്നാം ഘട്ടം 2016 ജനുവരി മുതലും പദ്ധതിയുടെ രണ്ടാം ഘട്ടം 2020 തുടക്കത്തിലും ചരക്കുനീക്കത്തിനായി പ്രവർത്തിക്കുന്നുണ്ട്. പെട്രോകെമിക്കൽസ്, അസംസ്കൃത ഉരുക്ക്, ചുണ്ണാമ്പുകല്ല്, സിമന്റ്, നിർമാണസാമഗ്രികൾ, വ്യവസായിക, ഗാർഹിക മാലിന്യങ്ങൾ, അലൂമിനിയം, ഭക്ഷ്യ ചരക്കുകൾ എന്നിവ ഉൾപ്പെടെ എല്ലാതരം ചരക്കുകളും കാർഗോ വാഗണുകളിൽ കൊണ്ടുപോകാൻ കഴിയും.
ആയിരത്തിലേറെ വാഗണുകളും 38ലോക്കോമോട്ടീവുകളും ഉൾപ്പെടുന്നതാണ് ശൃംഖല. ഓരോ ലോക്കോമോട്ടിവിനും 100 വാഗണുകൾ വലിക്കാൻ കഴിയും. 300 ട്രക്കുകളുടെ ശേഷിക്ക് തുല്യമാണിത്. ഈ ട്രെയിനുകൾ കൊണ്ടുപോകുന്ന ചരക്കുകളുടെ അളവ് പ്രതിദിനം 5600 ട്രക്കുകൾക്ക് തുല്യമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒപ്പുവെച്ച കരാർ പ്രകാരം ഇത്തിഹാദ് റെയിൽപാതയെ ഒമാൻ റെയിലുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കും അംഗീകാരമായിട്ടുണ്ട്. അബൂദബിയെയും ഒമാനിലെ സുഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന പാത വരുന്നതോടെ ചരക്കു ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.