കോൺക്രീറ്റ് സ്ലീപ്പർ നിർമാണ പദ്ധതിയുമായി ഇത്തിഹാദ് റെയിൽ
text_fieldsഅബൂദബി: റെയിൽവേ കോൺക്രീറ്റ് സ്ലീപ്പർ നിർമാണ പദ്ധതിയുമായി ഇത്തിഹാദ് റെയിൽ.നേരത്തേ മരംകൊണ്ട് നിർമിച്ചിരുന്ന റെയിൽ സ്ലീപ്പറുകൾക്ക് പകരമാണ് റെയിൽവേ ട്രാക്ക് നെറ്റ്‌വർക് നിർമാണത്തിലെ പ്രധാന ഘടകമായ കോൺക്രീറ്റ് സ്ലീപ്പറുകൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ ഇത്തിഹാദ് റെയിൽ കമ്പനി പ്രാദേശികമായി അംഗീകാരം നൽകിയത്. പശ്ചിമ അബൂദബിയിലെ ഫാക്ടറിയിലാണ് ആദ്യം കോൺക്രീറ്റ് സ്ലീപ്പറുകളുടെ ഉൽപാദനം ആരംഭിച്ചത്.
ഇത്തിഹാദ് റെയിൽ സ്ഥാപിതമായതു മുതൽ ലോകോത്തര നിലവാരത്തോടെ മികച്ച റെയിൽവേ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമത്തിലാണ്. റെയിൽ പാതകൾ സ്ഥാപിക്കുന്നതിനുള്ള പ്രധാന ഘടകമാണ് കോൺക്രീറ്റ് സ്ലീപ്പറുകൾ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനുപകരം രാജ്യത്ത് കോൺക്രീറ്റ് സ്ലീപ്പർ ബീമുകൾ നിർമിക്കാൻ കമ്പനി രണ്ടു പ്രത്യേക ഫാക്ടറികളും നിർമിച്ചിട്ടുണ്ട്. നിർമാണ സമയം, പരിശ്രമം, ചെലവ് എന്നിവ കണക്കിലെടുത്ത് കൂടുതൽ കാര്യക്ഷമത കൈവരിക്കാനും ഇറക്കുമതി പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറക്കുന്നതിനും പദ്ധതി സഹായിക്കും.
പ്രാദേശികമായി ലഭ്യമായ ഉയർന്ന നിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് കോൺക്രീറ്റ് സ്ലീപ്പർ ബീമുകൾ നിർമിക്കുക. രാജ്യത്ത് നൂറുകണക്കിന് തൊഴിലവസരങ്ങൾ പുതുതായി നൽകാനും സഹായകമാകുന്നതാണ് പദ്ധതി.പശ്ചിമ അബൂദബി മേഖലയിലെ തുറമുഖ നഗരത്തിലാണ് 13,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആദ്യത്തെ ഫാക്ടറി. പ്രതിമാസം 45,000 കോൺക്രീറ്റ് സ്ലീപ്പറുകളുടെ നിർമാണ ശേഷിയാണ് ഫാക്ടറിക്കുള്ളത്. ഇത്തിഹാദ് ദേശീയ റെയിൽവേ ശൃംഖലയുടെ ആദ്യ ഘട്ടമാണിത്.
അബൂദബി-ദുബൈ എമിറേറ്റ് അതിർത്തിയിലെ സൈഹ് ശുഐബ് പ്രദേശത്താണ് രണ്ടാമത്തെ ഫാക്ടറി സ്ഥിതിചെയ്യുന്നത്. 9,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫാക്ടറി. എട്ടു നിരകളിലായാണ് ഉൽപാദനം. ഓരോ നിരയും പ്രതിദിനം 400 കോൺക്രീറ്റ് സ്ലീപ്പർ എന്ന നിലയിൽ എട്ടു നിരയിലായി 3,200 സ്ലീപ്പറുകൾ ഉൽപാദിപ്പിക്കുന്നു.ഉപയോഗിക്കും മുമ്പ് കോൺക്രീറ്റ് സ്ലീപ്പറുകളുടെ അളവ്, വളയൽ, വിള്ളലുകൾ എന്നിവയുടെ സൂക്ഷ്മ പരിശോധനയും നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.