പരിസ്ഥിതിക്ക് കരുത്താകാൻ ഇത്തിഹാദ് റെയിൽപാത
text_fieldsദുബൈ: യു.എ.ഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽപാത രാജ്യത്തെ പാരിസ്ഥിതിക സംരക്ഷണത്തിന് കരുത്താകും. ഗതാഗത മേഖലയിൽ വർഷാവർഷങ്ങളിൽ ഉണ്ടാകുന്ന മലിനീകരണ തോതിൽ വലിയ കുറവ് പദ്ധതി വഴിയുണ്ടാകുമെന്ന് അധികൃതർ വെളിപ്പെടുത്തി. 2050ഓടെ ഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ 21ശതമാനം കുറക്കാൻ പദ്ധതി ഉപകരിക്കും. ഇത് 82 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് തുല്യമായിരിക്കുമെന്നും ഇത്തിഹാദ് റെയിൽ സാമ്പത്തികനയ വിഭാഗം മേധാവി അദ്റ അൽ അമൻസൂരി വ്യക്തമാക്കി.
നിർമാണ ഘട്ടത്തിൽത്തന്നെ കൃത്യമായി പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നു. അബൂദബി പരിസ്ഥിതി ഏജൻസിയും ഇത്തിഹാദ് റെയിലും സംയുക്തമായാണ് പരിസ്ഥിതിക്കിണങ്ങിച്ചേർന്ന രീതിയിൽ റെയിൽ നിർമിക്കുന്നതിന് നേതൃത്വം നൽകിയത്. റെയിൽ കടന്നുപോകുന്ന ഭാഗത്തെ മരുഭൂമിയിലെ പ്രാദേശിക വൃക്ഷങ്ങളെയും കുറ്റിച്ചെടികളെയും നശിപ്പിക്കാതെ മാറ്റി നടുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി പാരമ്പര്യ മൂല്യമുള്ള ദേശീയ വൃക്ഷങ്ങളായ ഗാഫ്, സിദർ, ഈന്തപ്പന എന്നിവ സംരക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. മൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളിലൂടെയുള്ള 95 ക്രോസിങ്ങുകൾ ഉൾപ്പെടെ 1,200 കിലോമീറ്റർ റെയിൽവേ ശൃംഖലയിൽ വന്യജീവി ഇടനാഴികൾ നിർമിക്കാനും തീരുമാനിച്ചിരുന്നു.
യു.എ.ഇ സുസ്ഥിരതാ വർഷാചരണം നടത്തുന്ന സാഹചര്യത്തിൽ ഇത്തിഹാദ് റെയിൽ അധികൃതർ മാലിന്യത്തോത് കുറക്കാൻ സ്വീകരിച്ച നടപടികൾ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ചരക്കുഗതാഗതം മാത്രമാണ് പാതയിൽ ആരംഭിച്ചിട്ടുള്ളത്. പാസഞ്ചർ ഗതാഗതം കൂടി ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ റോഡ് ഗതാഗതം മൂലമുള്ള മലിനീകരണം കുറയുന്നതിന് സഹായകരമാകും. രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക്കൽ മേഖലകളെയും ബന്ധിപ്പിക്കുന്ന റെയിൽപാത പ്രതിവർഷം ആറുകോടി ടൺ ചരക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതാണ്. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ ഇത്തിഹാദ് പദ്ധതി പൂർത്തിയായതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.