ഇത്തിഹാദ് 1000 പേരെ റിക്രൂട്ട് ചെയ്യുന്നു
text_fieldsദുബൈ: അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് 1000 ജീവനക്കാരെ കൂടി റിക്രൂട്ട് ചെയ്യുന്നു. കാബിൻ ക്രൂ തസ്തികയിലേക്കാണ് ഈ വർഷം അവസാനത്തോടെ പുതിയ ഉദ്യോഗാർഥികളെ നിയമിക്കുന്നതെന്ന് സ്ഥാപനം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ വർഷം തുടക്കത്തിൽ 1000ത്തിലധികം തൊഴിലാളികളെ കമ്പനി നിയമിച്ചിരുന്നതായും ലോക കാബിൻ ക്രൂ ദിനത്തിൽ കമ്പനി അറിയിച്ചു. ആഗോളതലത്തിലാണ് റിക്രൂട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്. 112 രാജ്യങ്ങളിൽ നിന്നുള്ളവർ ഇത്തിഹാദിലെ കാബിൻ ക്രൂ അംഗങ്ങളായുണ്ട്. ഉയർന്ന ശമ്പളത്തോടൊപ്പം മികച്ച രീതിയിലുള്ള താമസസൗകര്യം, ആരോഗ്യ ഇൻഷുറൻസ്, ഷോപ്പിങ് ആനുകൂല്യങ്ങൾ, കാർ വാടക തുടങ്ങി ഒട്ടനവധി ആകർഷണീയതകളാണ് ഇത്തിഹാദ് ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഒരു വർഷത്തിനിടെ 31 ശതമാനം കാബിൻ ക്രൂ അംഗങ്ങൾക്കും പ്രമോഷനും അനുവദിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സ്ഥാപനത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച കാബിൻ ക്രൂ അംഗങ്ങളെ ലോക കാബിൻ ക്രൂ ദിനത്തിൽ ആദരിക്കുമെന്ന് ഇത്തിഹാദ് ചീഫ് പീപ്ൾ ആൻഡ് കോർപറേറ്റ് അഫേഴ്സ് ഓഫിസർ ഡോ. നാദിയ ബസ്തകി പറഞ്ഞു. വ്യോമയാന രംഗത്ത് ഇത്തിഹാദ് അതിന്റെ വളർച്ച തുടരുകയാണ്. ഈ സാഹചര്യത്തിൽ പുതിയ വ്യക്തികളെ ടീമിൽ ചേർക്കാനുള്ള അന്വേഷണത്തിലാണ് സ്ഥാപനമെന്നും അവർ പറഞ്ഞു.
ആസ്ട്രേലിയ, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്, വടക്കേ അമേരിക്ക തുടങ്ങി 70ലധികം ഡെസ്റ്റിനേഷനിലേക്ക് ഇത്തിഹാദ് സർവിസ് നടത്തുന്നുണ്ട്. ഇത്തിഹാദ് ടീമിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഓഫർ ഡേയിൽ പങ്കെടുക്കാം. അല്ലെങ്കിൽ ഓൺലൈനായും അപേക്ഷിക്കാം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഇന്റർവ്യൂവിന് ക്ഷണിക്കും. ഇന്റർവ്യൂവിൽ പാസാകുന്നവർക്ക് പരിശീലനം നൽകിയ ശേഷം നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.