യു.എ.ഇയുടെ ‘ഇത്തിഹാദ് സാറ്റ്’ വിജയപഥത്തിൽ
text_fieldsസ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് പറന്നുയരുന്നു
ദുബൈ: ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം ഇത്തിഹാദ് സാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയായി. യു.എ.ഇ സമയം രാവിലെ 10.43ന് വിക്ഷേപിച്ച ഉപഗ്രഹത്തിൽനിന്ന് ഉച്ചക്ക് 12.04ന് ആദ്യ സന്ദേശം ലഭിച്ചതായി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റർ (എം.ബി.ആർ.എസ്.സി) അറിയിച്ചു.
യു.എസിലെ കാലിഫോർണിയ വാൻഡൻബർഗ് സ്പേസ് ബേസ് ബേസിൽനിന്ന് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് റഡാർ സാറ്റലൈറ്റ് വിക്ഷേപിച്ചത്. യു.എ.ഇയുടെ നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹ ശൃംഖലക്ക് കരുത്ത് പകരുന്നതാണ് ഇത്തിഹാദ് സാറ്റ്. 220കി.ഗ്രാം തൂക്കമുള്ള സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്.എ.ആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണ് ഈ കൃത്രിമോപഗ്രഹം. എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹം.
ഇത്തിഹാദ് സാറ്റ് വിക്ഷേപണം മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിൽ നിന്ന് വീക്ഷിക്കുന്ന ഉദ്യോഗസ്ഥർ
ആഗോള ബഹിരാകാശ സമൂഹവുമായി ചേർന്ന് ഏറ്റവും പുതിയ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള യു.എ.ഇയുടെ കഴിവിനെ ഇത്തിഹാദ് സാറ്ററിന്‍റെ വിക്ഷേപണവിജയം അടയാളപ്പെടുത്തുന്നുവെന്ന് എം.ബി.ആർ.എസ്.സി ഡയറക്ടർ ജനറൽ സലീം അൽ മർറി പറഞ്ഞു. വിവിധ മേഖലകളിൽ ബഹിരാകാശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ഈ നാഴികക്കല്ല് വഴിതുറക്കുമെന്ന് സെൻറർ വൈസ് പ്രസിഡനറ് തലാൽ ഹുമൈദ് ബെൽഹൂൽ അല ഫലാസി പറഞ്ഞു.
ഇത്തിഹാദ് സാറ്റിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർവഹിച്ചിരുന്നു. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റ്ററും ദക്ഷിണകൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് പുതിയ ഉപഗ്രഹം വികസിപ്പിച്ചത്. ഇന്ധന ചോർച്ച കണ്ടെത്തൽ, പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യൽ, സമുദ്ര ഗതാഗതം മെച്ചപ്പെടുത്തൽ, സ്മാർട്ട് കൃഷിക്ക് സഹായം, പരിസ്ഥിതി നിരീക്ഷണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഇത്തിഹാദ് സാറ്റ് ഉപകാരപ്പെടും. ഇതിനൊപ്പം ഇത്തിഹാദ് സാറ്റ് നൽകുന്ന ഡാറ്റ നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിലയിരുത്തുകയും ചെയ്യും.
സാറ്റലൈറ്റ് നിയന്ത്രിക്കുന്നത് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിന്‍റെ മിഷൻ കൺട്രോൾ സെന്‍ററായിരിക്കും. ഇവിടെനിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ബഹിരാകാശത്തുനിന്ന് അയക്കുന്ന ഡാറ്റ വിലയിരുത്തുകയും ചെയ്യും. ആദ്യമായി ബഹ്റൈനി എൻജിനീയർമാർ വികസിപ്പിച്ച ഉപഗ്രഹം അൽ മുൻദിറും സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.