ഇത്തിഹാദ് യാത്രക്കാർക്ക് സൗജന്യ എക്സ്പോ ടിക്കറ്റ് നൽകും
text_fieldsദുബൈ: അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസും യാത്രക്കാർക്ക് സൗജന്യ എക്സ്പോ ടിക്കറ്റ് നൽകും. എമിറേറ്റ്സും ഫ്ലൈദുബൈയും നേരത്തെ ടിക്കറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സന്ദർശകർക്ക് എക്‌സ്‌പോയിലെ കാഴ്ചകൾ കാണാനും അബുദാബിയിലെയും രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുന്നതിനാണ് പദ്ധതിയെന്ന് എയർവേസ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. 'എക്സ്പൊനൻഷ്യൽ അബൂദബി' എന്ന തലക്കെട്ടിൽ സെപ്റ്റംബർ 23മുതൽ 2022മാർച്ച് 31വരെ നീളുന്ന കാമ്പയിൻ ആരംഭിച്ചതായും അറിയിച്ചു.
അബൂദബിയിൽ നിന്ന് 45മിനുറ്റ് യാത്രയാണ് എക്സ്പോ നഗരിയിലേക്കുള്ളത്. മേളയിലേക്ക് എത്തുന്നവർക്ക് താമസിക്കാൻ യോജിച്ച സ്ഥലമാണ് അബൂദബിയെന്നും ഇതിനെ പ്രോൽസാഹിപ്പിക്കാനാണ് സൗജന്യ ടിക്കറ്റ് ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വാക്സിനെടുത്തവർക്ക് ക്വാറൻറീൻ ഇല്ലാതെ യാത്ര ചെയ്യാൻ തലസ്ഥാന നഗരിയിൽ സാധ്യമാണ്. നിലവിൽ ഇത്തിഹാദ് ലോകത്തിെൻറ 65കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾകൊള്ളുന്ന എമിറേറ്റിലേക്ക് കൂടുതൽ യാത്രികൾ എക്സ്പോ കാലയളവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എക്സ്പോ ഇത്തിഹാദ് എയർവേസിനും നിരവധി സാധ്യതകൾ തുറന്നിടുന്നുണ്ടെന്നും മേള ആസ്വദിക്കാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവരെ രാജ്യത്തെത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും കമ്പനിയുടെ ബ്രാൻഡ് ആൻഡ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ടെറി ഡാലി പറഞ്ഞു. ദുബൈയിൽ വന്നിറങ്ങുന്ന യാത്രക്കാർക്കാണ് നേരത്തെ എമിറേറ്റ്സ് എയർലൈനും ഫ്ലൈദുബൈയും സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.