സമയനിഷ്ഠയിൽ ‘ഇത്തിഹാദ്’ മിഡിലീസ്റ്റിൽ ഒന്നാമത്
text_fieldsദുബൈ: ഏറ്റവും സമയനിഷ്ഠയുള്ള വിമാനക്കമ്പനികളുടെ പട്ടികയിൽ അബൂദബിയുടെ ഇത്തിഹാദ് എയർവേസ് മിഡിലീസ്റ്റിൽ ഒന്നാംസ്ഥാനത്ത്. ഇത്തിഹാദിന്റെ 84 ശതമാനം സർവിസുകളും 15 മിനിറ്റ് പോലും താമസിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോളതലത്തിലും സമയനിഷ്ഠ പാലിക്കുന്നതിൽ ഇത്തിഹാദ് മുന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗൾഫ് മേഖലയിൽ പല വിമാന സർവിസുകളും മണിക്കൂറുകളും ദിവസങ്ങളും വൈകുന്ന സാഹചര്യത്തിലാണ് കൃത്യനിഷ്ഠയിൽ ഇത്തിഹാദ് മികവുപുലർത്തുന്നത്. ഏവിയേഷൻ അനലിറ്റിക്സ് ഗ്രൂപ്പിന്റെ പങ്ച്വാലിറ്റി ലീഗ് റേറ്റിങ്ങിലാണ് ഇത്തിഹാദ് മിഡിലീസ്റ്റിൽ ഒന്നാമതെത്തിയത്. ഈവർഷം ആദ്യ ആറ് മാസത്തിലെ സർവിസ് പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
ഇത്തിഹാദിന്റെ 83.4 ശതമാനം സർവിസുകളും 15 മിനിറ്റ് പോലും വൈകാതെ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നാണ് കണക്കുകൾ. മിഡിലീസ്റ്റിലെ അപൂർവം വിമാനക്കമ്പനികൾക്ക് മാത്രമാണ് 80 ശതമാനം കൃത്യത കൈവരിക്കാനായത്. ഏറ്റവും കുറവ് വിമാന സർവിസ് റദ്ദാക്കിയ വിമാനക്കമ്പനി എന്നതും ഇത്തിഹാദിന്റെ പ്രത്യേകതയായി പട്ടിക വിലയിരുത്തുന്നു. ഈ നേട്ടം സേവനത്തിൽ സ്ഥിരത നിലനിർത്താൻ പ്രേരകമാണെന്ന് ഇത്തിഹാദ് സി.ഇ.ഒ മുഹമ്മദ് അൽ ബലൂക്കി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് വേണ്ടി മെച്ചപ്പെട്ട സേവനം നൽകുന്നത് തുടരുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.