ആഫ്രിക്കയിലെ പദ്ധതികളിൽ യു.എ.ഇയെ പങ്കാളിയാക്കാൻ യൂറോപ്യൻ യൂനിയൻ
text_fieldsദുബൈ: ആഫ്രിക്ക കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വൻ പദ്ധതികളിൽ യു.എ.ഇയെ കൂടി പങ്കാളിയാക്കാൻ താൽപര്യം പ്രകടിപ്പിച്ച് യൂറോപ്യൻ യൂനിയൻ. ആഫ്രിക്കയിലെ ഊർജ പരിവർത്തനവും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്ന യൂറോപ്യൻ യൂനിയന്‍റെ 300 ബില്യൺ യൂറോയുടെ വൻ പദ്ധതിയിലാണ് ഇമാറാത്തിനെ കൂടി ഉൾപ്പെടുത്താൻ ചർച്ച നടക്കുന്നത്. ആഗോളതലത്തിൽ നടപ്പാക്കുന്ന 'ഗ്ലോബൽ ഗേറ്റ്വേ സ്ട്രാറ്റജി'യുടെ ഭാഗമായാണ് യൂറോപ്യൻ യൂനിയൻ പദ്ധതി പ്രഖ്യാപിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണം എന്നീ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഡിജിറ്റൽ, ഊർജം, ഗതാഗത മേഖലകളിൽ സംവിധാനങ്ങൾ വർധിപ്പിക്കലാണ് പദ്ധതിയിലൂടെ ആഫ്രിക്കയിൽ ലക്ഷ്യം വെക്കുന്നത്.
അറബ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയെന്ന നിലയിൽ യു.എ.ഇക്ക് ലോകത്തെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ യൂറോപ്യൻ യൂനിയനുമായി സഹകരണത്തിന് വലിയ സാധ്യതയാണുള്ളതെന്ന് യൂറോപ്യൻ യൂനിയൻ ഇന്‍റർനാഷനൽ പാർട്ണർഷിപ് കമീഷണർ ജുട്ട ഉർപിലൈനൻ പറഞ്ഞു. ഹ്രസ്വ സന്ദർശനത്തിന് അബൂദബിയിൽ എത്തിയ അവർ അന്താരാഷ്ട്ര സഹകരണ മന്ത്രി റീം അൽ ഹാശിമിയുമായും മന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാനുമായും കൂടിക്കാഴ്ച നടത്തി. 'അബൂദബി ഫണ്ട് ഫോർ ഡെവലപ്മെന്‍റ്'ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സുവൈദിയുമായും പദ്ധതി സംബന്ധിച്ച് ചർച്ച നടന്നു.
ഗ്ലോബൽ ഗേറ്റ്വേ സ്ട്രാറ്റജിക്ക് വകയിരുത്തിയ തുകയുടെ പകുതിയും ചെലവഴിക്കുന്നത് ആഫ്രിക്കയിലായിരിക്കും. ലോകത്തെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള നാടെന്ന നിലയിലും ആറിലൊന്ന് ജനസംഖ്യയും താമസിക്കുന്ന ഉപഭൂഖണ്ഡമെന്ന നിലയിലുമാണ് ഇത്തരത്തിൽ തീരുമാനിച്ചത്. 60 കോടിയിലേറെ ജനങ്ങൾ വൈദ്യുതിയില്ലാതെ ആഫ്രിക്കയിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. യൂറോപ്യൻ യൂനിയൻ പദ്ധതിയിലൂടെ 10 കോടി പേർക്കെങ്കിലും 2030ഓടെ വൈദ്യുതി എത്തിക്കാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഫ്രിക്കയിൽ നിരവധി പദ്ധതികൾ നടപ്പാക്കുകയും ഊർജ മേഖലയിൽ വലിയ സംഭാവന നൽകാൻ സാധിക്കുകയും ചെയ്യുന്ന രാജ്യമെന്ന നിലയിലാണ് 27 രാജ്യങ്ങളുടെ കൂട്ടായ്മയായ ഇ.യു ഇമാറാത്തിനെ പദ്ധതിയിൽ സഹകരിപ്പിക്കാൻ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.