700 വാട്സില്‍ കൂടുതലുള്ള ഇ.വി ബൈക്കുകള്‍ക്ക് പെര്‍മിറ്റ് നിർബന്ധം
text_fieldsഅബൂദബി: 700 വാട്സില്‍ കൂടുതല്‍ ശക്തിയുള്ള എന്‍ജിനോടുകൂടിയ ഇലക്ട്രിക് ബൈക്കുകള്‍ പെര്‍മിറ്റ് ഇല്ലാതെ ഓടിക്കരുതെന്ന് അബൂദബി ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ്. സീറ്റോടു കൂടിയ ഇലക്ട്രിക് സ്കൂട്ടറുകളെ ലൈറ്റ് വെഹിക്കിള്‍സ് ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു.
ലൈറ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് ഇല്ലാതെ ഇത്തരം വാഹനങ്ങൾ ഓടിക്കാൻ പാടില്ല. സീറ്റുകളില്ലാത്ത പവര്‍ കുറഞ്ഞ എന്ജിനുകളോടുകൂടിയ ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും പെര്‍മിറ്റ് ഇല്ലാതെ ഇടറോഡുകളില്‍ ഓടിക്കാമെന്നും എന്നാല്‍, റൈഡര്‍ സുരക്ഷ ഉപകരണങ്ങള്‍ ധരിച്ചിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. അബൂദബിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 165 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമുണ്ടാവരുത്. ഭാരം 35 കിലോഗ്രാമില്‍ താഴെയാവണം. 70 സെന്റിമീറ്റര്‍ വരെ മാത്രമേ വാഹനത്തിന്റെ വീതി പാടുള്ളൂ.
മണിക്കൂറില്‍ പരമാവധി 60 കിലോമീറ്ററായിരിക്കണം പരമാവധി വേഗം. ആളുകള്‍ക്ക് നടക്കാനും ഓടാനും നിശ്ചയിച്ചിരിക്കുന്ന ഇടങ്ങളില്‍ ഇവ ഓടിക്കരുത്. മറ്റു വാഹനങ്ങളില്‍ പിടിച്ചുകൊണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും ഓടിക്കരുത്. പിന്നില്‍ യാത്രക്കാരനെ കയറ്റരുത്. ഹെല്‍മറ്റ് നിർബന്ധമാണ്. ഇരുട്ടുവീണ സമയങ്ങളില്‍ റിഫ്ലക്ഷനുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകര്‍ക്ക് 200 മുതല്‍ 500 ദിര്‍ഹം വരെ പിഴ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.