ദുബൈയിൽ കൂടുതൽ ജനപ്രിയമായി ഇ.വി ചാർജറുകൾ
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈയിൽ വൈദ്യുതി വാഹന ചാർജറുകളുടെ ഉപയോഗത്തിൽ വൻ വർധന. 2023 ഡിസംബർ 31 വരെ 11,45,427 തവണയാണ് വൈദ്യുതി ചാർജറുകൾ ഉപയോഗിച്ചതെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. 2022നെ അപേക്ഷിച്ച് ചാർജർ ഉപയോഗത്തിൽ 59 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പരിസ്ഥിതിസൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിലുടനീളം 382 ഇ.വി ഗ്രീൻ ചാർജിങ് സ്റ്റേഷനുകൾ ദീവ സ്ഥാപിച്ചിട്ടുള്ളത്. പല സ്റ്റേഷനുകളിലും ഇരട്ട ചാർജറുകളാണ് ഘടിപ്പിച്ചത്.
അൾട്രാഫാസ്റ്റ് ചാർജർ, ഫാസ്റ്റ് ചാർജർ, പബ്ലിക് ചാർജർ, വാൾ ബോക്സ് എന്നിങ്ങനെ നാലു തരം ചാർജറുകളാണുള്ളത്. 2015 മുതൽ 2023 വരെ ഈ ചാർജിങ് സ്റ്റേഷനുകൾക്കായി 23,419.821 മെഗാവാട്ട് ഹവർ വൈദ്യുതി അനുവദിച്ചതായും ദീവ അറിയിച്ചു. ഇതുവഴി 117 ദശലക്ഷം കിലോമീറ്ററുകൾ സഞ്ചരിക്കാൻ വൈദ്യുതി വാഹനങ്ങൾക്ക് കഴിഞ്ഞതായി ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഇ.വി ചാർജറുകൾ സ്ഥാപിക്കുന്നതിൽ ലോകത്ത് ഏറ്റവും ഉയർന്ന അനുപാതമുള്ള രാജ്യമാണ് യു.എ.ഇ. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം കുറക്കുക, ശുദ്ധമായ വായുവിന്റെ ലഭ്യത കൂട്ടുക, സുസ്ഥിരത എന്നീ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട എമിറേറ്റിന്റെ നയങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ദീവ കൂടുതൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ എമിറേറ്റിൽ സ്ഥാപിച്ചത്.
ദീവയുടെ ഡിജിറ്റൽ ആപ് ഉപയോഗിച്ചും മറ്റ് 14 ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചും എമിറേറ്റിലെ ഇ.വി ചാർജിങ് സ്റ്റേഷൻ ലൊക്കേഷനുകൾ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് കഴിയും. കൂടാതെ ദീവയുടെ വെബ്സൈറ്റ്, ആപ്, ഇന്ററാക്ടിവ് വോയ്സ് സിസ്റ്റം എന്നിവ വഴി ഉപയോക്താക്കൾക്ക് ഇ.വി അക്കൗണ്ട് നിർമിക്കാം. ഇതുപയോഗിച്ച് എമിറേറ്റിലെ ഏത് സ്റ്റേഷനിൽനിന്നും വാഹനങ്ങൾ ചാർജ് ചെയ്യാനാകുമെന്ന് അൽ തായർ പറഞ്ഞു.
അതേസമയം, 2015 മുതൽ വൈദ്യുതി വാഹന ഉപയോഗത്തിലും വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ഡിസംബർ വരെ ദുബൈയിൽ വൈദ്യുതി വാഹനങ്ങളുടെ എണ്ണം 25,929 ആയി വർധിച്ചിരിക്കുകയാണ്. 2015ൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം വെറും 14 ആയിരുന്നു. എന്നാൽ, 2023 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇത് 13,959 ആയി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.