ചെറിയ അപകടങ്ങളും ഉടൻ ദുബൈ പൊലീസിനെ അറിയിക്കാം
text_fieldsദുബൈ: ചെറിയ അപകടങ്ങളും പൊലീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുന്നതിന് ഏർപ്പെടുത്തിയ സംവിധാനത്തിന് മികച്ച സ്വീകാര്യത. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധനവാണ് ഈ സംവിധാനത്തിനുണ്ടായത്. പൊലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ് വഴി ഈ സംവിധാനം ഉപയോഗപ്പെടുത്താം.
സമയലാഭവും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനൊപ്പം വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. പരിക്കുകളില്ലാത്ത ചെറിയ അപകടങ്ങളാണ് ഈ ആപ് വഴി റിപ്പോർട്ട് ചെയ്യാൻ കഴിയുക.
പൊലീസ് ആപ്പിന്റെ പ്രധാന പേജിൽ തന്നെ ‘റിപ്പോർട്ടിങ് എ ട്രാഫിക് ആക്സിഡന്റ്’ എന്ന ഭാഗമുണ്ട്. ഇതുപയോഗിച്ച് അപകട വിവരം വാഹനത്തിന്റെ ചിത്രസഹിതം സമർപ്പിക്കാൻ കഴിയും. ഇത് പരിശോധിക്കുന്ന ദുബൈ പൊലീസ് അപകട റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് ഇ-മെയിൽ വഴിയോ എസ്.എം.എസ് വഴിയോ അയക്കും.
ഇതോടെ, പലതവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാകും. പൊലീസിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. മൊബൈൽ ഫോൺ വഴിയോ ലാപ്ടോപ് വഴിയോ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാം.
ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് ഓർമിപ്പിച്ചു. അപകടം നടന്നാൽ വാഹനം റോഡരികിലേക്ക് മാറ്റിയിടണമെന്നും അതിനു ശേഷം സ്മാർട്ട് ആപ് വഴി റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.