എല്ലാം മനഃപാഠമാണ്; ആയിഷയുടെ ഒാർമശക്തി അളക്കാൻ നോക്കിയാൽ ഞെട്ടും
text_fieldsഅൽഐൻ: ഉറ്റവരുടെ മൊബൈൽ നമ്പറോ സ്വന്തം മൊബൈൽ നമ്പറോ മനസ്സിൽ ഓർത്തുവെക്കാൻ ആളുകൾ മെനക്കെടാത്ത കാലത്താണ് ആയിഷ അനീസ് എന്ന കൊച്ചുമിടുക്കി ചെറുപ്രായത്തിലേ ഒരിക്കൽ കേട്ടാൽ പലതും മനസ്സിൽ കാത്തുവെക്കുന്നത്. രണ്ടര വയസ്സിൽ തന്നെ നിരവധി രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ ഹൃദിസ്ഥമാക്കിയിരുന്നു. മാതാവ് മൂത്ത മകന് പഠിപ്പിച്ചുകൊടുക്കുന്നത് കേട്ടുപഠിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ 105ഓളം രാജ്യങ്ങളുടെ തലസ്ഥാനങ്ങളും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ചോദിച്ചാൽ ഉത്തരം ഞൊടിയിടയിൽ പറയും.
വിവിധ വേദികളിൽ ഇതിനോടകംതന്നെ കലാപാടവം തീർക്കുകയും അവ സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്. അൽഐൻ ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ആയിഷ.കേട്ടുപഠിക്കാനും പഠിച്ചത് ഹൃദിസ്ഥമാക്കനും മനസ്സിൽ സൂക്ഷിക്കാനും മിടുക്കിയാണ്. ഖുർആൻ അധ്യായങ്ങൾ മനപ്പാഠമാക്കുകയും യു.എ.ഇ ഭരണാധികാരികളുടെ പേരുകളും എമിറേറ്റ്സുകളുടെ പേരുകളും കാണാതെ പറയുകയും ചെയ്യും. അറബി, മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളും മനഃപാഠമാക്കിയിട്ടുണ്ട്. നല്ല ഒരു പാട്ടുകാരികൂടിയാണ് ആയിഷ. അൽ ഐനിലെ നിരവധി വേദികളിൽ ഇതിനോടകം തന്നെ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
പഴയകാല മലയാള ഗാനങ്ങൾ മനഃപാഠമാക്കുന്നതിനും പാടുന്നതിനോടുമാണ് താൽപര്യം. ലുലു ഹൈപ്പർ മാർക്കറ്റിലെ വേദിയിൽ യാദൃച്ഛികമായി കിട്ടിയ അവസത്തിലൂടെയാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. സിനിമ പിന്നണി ഗായകൻ വിഷ്ണു കുറുപ്പിനോടൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. സംഗീത അധ്യാപകനായ മഹേഷ് മോഹനചന്ദ്രനാണ് ഗുരു. ഖുർആൻ അധ്യായങ്ങളുടെ പേരുകൾ ക്രമത്തിൽ പഠിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അൽഐനിൽ ബിസിനസ് നടത്തുന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ അനീസിെൻറയും അൽഐൻ ദാനത് ഹോട്ടലിൽ ഹൈജിൻ ഓഫീസറായ ജോഷ്നയുടെയും മകളാണ്. സെഹൻ അനീസ്, സിദാ ആമിന എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.