സേവനത്തിൽ മികവ്; 100 ടാക്സി ഡ്രൈവർമാർക്ക് ആദരം
text_fieldsദുബൈ: സേവന മേഖലയിൽ മികവ് തെളിയിച്ച ടാക്സി ഡ്രൈവർമാരെ ‘ഐഡിയൽ ഡ്രൈവർ’ ബഹുമതി നൽകി ആദരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ജോലിയിൽ അസാധാരണ പ്രകടനം കാഴ്ചവെച്ച 100 ഡ്രൈവർമാർക്കാണ് എക്സലൻസ് അവാർഡുകൾ നൽകിയത്.
പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാശിം ബഹ്റോസിയാൻ, ടാക്സി എക്സലൻസ് അവാർഡിന് മേൽനോട്ടം വഹിക്കുന്ന ടീമിന്റെ തലവനായ ഡ്രൈവേഴ്സ് അഫയേഴ്സ് ഡയറക്ടർ നബീൽ യൂസഫ് അൽ അലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ടാക്സി ഫ്രാഞ്ചൈസി കമ്പനികളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
‘ഐഡിയൽ ഡ്രൈവർ’ ബഹുമതി ലഭിച്ചവർ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മാതൃകപരമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അഹമ്മദ് ബഹ്റോസിയാൻ പറഞ്ഞു. വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിക്കുന്നത്.
സാധുവായ പരാതികൾ, ട്രാഫിക് ലംഘനങ്ങൾ, ഡ്രൈവർ കാരണമായ അപകടങ്ങൾ, സേവന നിലവാര ലംഘനങ്ങൾ എന്നിവയിൽനിന്ന് മുക്തമായിരിക്കണമെന്നാണ് പ്രധാന നിബന്ധന. ഈ അടിസ്ഥാനത്തിൽ ഡ്രൈവർമാരെ റേറ്റുചെയ്യുകയും ഒരു ഫോളോ-അപ് ടീം രൂപവത്കരിച്ച് ഫ്രാഞ്ചൈസി കമ്പനികളുമായി ആശയവിനിമയം നടത്തുകയും ചെയ്ത ശേഷമാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്തുകയും ഡ്രൈവർമാർക്കിടയിൽ സേവനം മെച്ചപ്പെടുത്തുന്നതിന് മത്സര മനസ്സ് രൂപപ്പെടുത്തുകയുമാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നത്. ട്രാഫിക് സുരക്ഷയും ബോധവത്കരണവും ശക്തിപ്പെടുത്താൻ ടാക്സി കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
ആർ.ടി.എയുടെ ആദരവിൽ ആഹ്ലാദവും അഭിമാനവുമുണ്ടെന്ന് ഡ്രൈവർമാർ പറഞ്ഞു.
ടാക്സി മേഖലയിൽ വലിയ വളർച്ച കൈവരിക്കാൻ പരിശ്രമിച്ച കമ്പനികൾക്ക് ആർ.ടി.എ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഓൺലൈൻ വഴി ബുക്ക് ചെയ്ത് ലഭ്യമാക്കുന്ന ഇ-ഹെയ്ൽ ടാക്സികൾ, മണിക്കൂർ വാടകക്ക് ലഭ്യമാകുന്ന വാഹനങ്ങൾ, ഹല ടാക്സി സേവനം എന്നിവയിലെല്ലാം കഴിഞ്ഞ മാസങ്ങളിൽ വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.