ഫുജൈറ കുട്ടികളുടെ പുസ്തകോത്സവത്തിൽ മികച്ച പങ്കാളിത്തം
text_fieldsഫുജൈറ: കുട്ടികളിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഫുജൈറയിലെ അൽ ബൈത്ത് മുത്തഹിദ് ഹാളിൽ ആരംഭിച്ച കുട്ടികളുടെ പുസ്തകമേളയുടെ ആദ്യ ദിനത്തിൽ വൻ പങ്കാളിത്തം.
ആദ്യ സെഷനിൽ വിവിധ പ്രായത്തിലുള്ള കുട്ടികളും രക്ഷിതാക്കളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ പങ്കെടുത്തു. കുട്ടികളുടെ ഭാവനയും വിജ്ഞാനവും വികസിപ്പിക്കാനും അവരുടെ സർഗാത്മക ചിന്തയെ ഉത്തേജിപ്പിക്കാനും ബൗദ്ധിക കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് അറബിയിലും ഇംഗ്ലീഷിലുമായി കഥ പറയൽ, ശിൽപശാലകൾ, ഇന്ററാക്ടിവ് സെഷനുകൾ തുടങ്ങി വിവിധ പരിപാടികളാണ് ആദ്യ ദിവസം നടന്നത്. അറബിയിലും ഇംഗ്ലീഷിലുമുള്ള കുട്ടികളുടെ പുസ്തകങ്ങളുടെയും പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നിരവധി വിദഗ്ധരുടെ സെഷനുകളും സംഘടിപ്പിച്ചിരുന്നു.
അറബ് പബ്ലിഷേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫൗണ്ടേഷന്റെ സ്ഥാപകനും ഡയറക്ടറുമായ ഹിദായത്ത് ഹസ്സൻ കുട്ടികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന സാഹിത്യ ഗ്രന്ഥങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും കുട്ടികളിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രസിദ്ധീകരണത്തിന്റെ പങ്കിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കുട്ടികളെ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് എഴുത്തുകാരും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ സെഷനിൽ നടന്നു.
പ്രദർശനത്തില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 40 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. പ്രധാന വേദി, ഭാവന കോർണർ, സാഹസിക കോർണർ, സർഗാത്മകത കോർണർ തുടങ്ങി വിവിധ വേദികളിലായാണ് പരിപാടികള്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.