ആവേശം വാനോളം ...
text_fieldsഷാർജ: ഇന്ത്യ-യു.എ.ഇ പാരസ്പര്യത്തിന്റെ നേർ സാക്ഷിയായി മാറി കമോൺ കേരളയുടെ രണ്ടാം ദിനത്തിൽ സന്ദർശകരുടെ കുത്തൊഴുക്ക്. ജൂണിലെ കനത്ത ചൂടിനെ വകവെക്കാതെയാണ് ഏഴ് എമിറേറ്റുകളിൽ നിന്നും പ്രവാസ ലോകം ഷാർജ എക്സ്പോ സെന്ററുകളിലേക്ക് അണമുറിയാതെ വന്നെത്തിയത്. രാവിലെ 10ന് ആരംഭിച്ച ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്ര രചന മത്സരങ്ങളിൽ പങ്കെടുക്കാനായി കുട്ടികളുമായി രക്ഷിതാക്കളുടെ നീണ്ടവരി തന്നെ ദൃശ്യമായിരുന്നു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾക്ക് വൻ സന്നാഹം തന്നെ സംഘാടകർ ഒരുക്കിയിരുന്നു. ഞായറാഴ്ചയും ‘ലിറ്റിൽ ആർട്ടിസ്റ്റ്’ മത്സരം നടക്കും. വൈകീട്ട് നടന്ന ‘ഡസർട്ട് മാസ്റ്റർ’ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ 20 മത്സരാർഥികൾ മാറ്റുരച്ചു.
രണ്ടാം ദിനം രാത്രി നടന്ന ‘വേവ്സ് ഓഫ് മെമ്മറീസ്’ സംഗീത രാവിലും ജനപ്രവാഹം പ്രകടമായിരുന്നു. പ്രമുഖ മലയാള നടി പാർവതി തിരുവോത്ത് അതിഥിയായെത്തിയ പരിപാടിയിൽ തട്ടുപൊളിപ്പൻ പാട്ടുകളുമായി ഇഷ്ട ഗായകർ വേദി കീഴടക്കി. പാട്ടുകൾക്ക് അനുസരിച്ച് താളം പിടിച്ചും നൃത്തമാടിയും സന്ദർശകരും ഒപ്പം കൂടിയതോടെ പരിപാടി കളറായി മാറി. ആഘോഷ പരിപാടികൾക്കൊപ്പം പ്രധാന വേദിയിൽ ഇൻഡോ അറബ് എക്സലൻസ് പുരസ്കാരങ്ങളും സമ്മാനിക്കപ്പെട്ടു. മേളയുടെ സമാപന ദിനമായ ഞായറാഴ്ച രാവിലെ മുതൽ വിവിധ പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ‘ലിറ്റിൽ ആർട്ടിസ്റ്റ്’ കൂടാതെ വൈകിട്ട് മൂന്നു മണിക്കാണ് പ്രമുഖ സംവിധായകരായ ബ്ലസി, സലിം അഹമ്മദ് എന്നിവർ സംവദിക്കുന്ന ‘ലൈറ്റ് കാമറ ആക്ഷൻ’ പരിപാടി.
മലയാളികളുടെ ഇഷ്ടതാരം നിവിൽ പോളി അതിഥിയായെത്തുന്ന ‘ബീറ്റ്സ് ഓഫ് കേരള’യും രാത്രിയിലാണ് അരങ്ങേറുക. കേരളത്തിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന പരിപാടി സന്ദർശകർക്ക് പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക. തുടർന്ന് പ്രമുഖർ പങ്കെടുക്കുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ രജത ജൂബിലി ആഘോഷവും വേദിയിൽ നടക്കും.
കൈപ്പുണ്യ മത്സരത്തിൽ കപ്പടിച്ച് അമ്മാറ സിദ്ദീഖ്
ഷാർജ: രുചിമേളത്തിന്റെ കൊട്ടും കുരവയും അടങ്ങിയപ്പോൾ അവസാന ചിരി അമ്മാറ സിദ്ദീഖിന്റേത്. ഗൾഫ് മാധ്യമം ‘കമോൺ കേരള’യോടനുബന്ധിച്ച് നടന്ന ‘ഡെസേർട്ട് മാസ്റ്റർ’ തത്സമയ പാചക മത്സരത്തിലാണ് പോരാട്ടവീര്യത്തിന്റെ എരിവും ചൂടും കണ്ടത്. ‘ക്രീമി പംകിൻ ഫില്ലഡ് ചുറോസ് വിത്ത് മഷ്റൂം സോസ്’ എന്ന വിഭവമുണ്ടാക്കിയാണ് അമ്മാറ സിദ്ദീഖ് വിജയിയായത്. ‘കസറ്റ സഫ്രോൺ മിൽക് ഹൽവ വിത്ത് ബോളി’ തയാറാക്കി ബിന്ദു ശ്രീകുമാർ രണ്ടാം സ്ഥാനവും ‘ട്രോപ്പിക്കൽ ഫോറസ്റ്റ് ഡിലൈറ്റ്’ തയാറാക്കി ഉദായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് ഇന്നൊവേറ്റിവ് റെസിപ്പിയായി ജസീന തയാറാക്കിയ ‘ട്വിസ്റ്റഡ് മില്ലെഫില്ലെ’ തിരഞ്ഞെടുക്കപ്പെട്ടു. ഹൈജീനിക് കുക്കിങ് പുരസ്കാരം ഷെസി അബ്ദുൽ സലാം നേടി. ചേരുവകൾ ഏറ്റവും നന്നായി ഉപയോഗിച്ചതിനുള്ള അംഗീകാരം നസീബ സ്വന്തമാക്കി. സെലിബ്രിറ്റി ഷെഫുമാരായ ബീഗം ഷാഹിന, രഘുപ്രസാദ് പിള്ള എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്.
നിശ്ചിത സമയത്തിനകം രുചി മികവ് തെളിയിക്കാൻ മത്സരാർഥികൾ തിടുക്കം കാട്ടിയപ്പോൾ കാഴ്ചക്കാർക്കും ആവേശം. മുൻകൂട്ടി പഠിച്ചുവന്ന വിഭവം തയാറാക്കാൻ കഴിയുമായിരുന്നില്ല. സംഘാടകർ വിശിഷ്ട വിഭവമായി മത്തൻ, കൂൺ എന്നിവ നൽകിയിരുന്നു.
പാചകം പുരോഗമിക്കുന്നതിനിടെ രഹസ്യ ചേരുവയായി ഇഞ്ചിയും നൽകി. ഇവയുടെ ഫലപ്രദമായ ഉപയോഗം സമ്മാന നിർണയത്തിൽ നിർണായകമാവുമെന്നും പ്രഖ്യാപിച്ചു. ഉദായത്ത്, ഷെസി അബ്ദുൽ സലാം, അമ്മാറ സിദ്ദീഖ്, അനീസ ജാഫർ, ഫിറോസ് ആസാദ്, ജസീന, ഷെബാന ഷാജി, റെംനി അസ്കർ, ഫസീല ഉസ്മാൻ, ഷെയ്സാദ ഹാക്കിബ്, നസീബ, പാട്രിസിയ സെൽട്രീൻ, കമറുന്നീസ ആസാദ്, ഫർഹാന, നിയാസ് ബാനു, ഷബീന ഒറവിൽ, ബിന്ദു ശ്രീകുമാർ, ഹെന അബ്ദു, ആതിഫ്, ഫെമിന സുധീർ എന്നിവരാണ് പ്രാഥമിക മത്സരത്തിൽ വിജയിച്ച് ഫൈനൽ റൗണ്ടിൽ എത്തിയിരുന്നത്. കല്ലു, മാത്തു എന്നിവർ അവതാരകരായി.
മച്ചാൻസ് പൊളിയാണ്, കട്ടൻചായയും പരിപ്പുവടയും പോലെ...
ഷാർജ: പുട്ടും കടലയും പോലെ, ബീഫും പൊറോട്ടയും പോലെ, ദോശയും സാമ്പാറും പോലെ, കട്ടൻചായയും പരിപ്പുവടയും പോലെ അടിപൊളി കോമ്പിനേഷനാണ് കല്ലുവും മാത്തുവും. കൊണ്ടും കൊടുത്തും പൊട്ടിച്ചിരി വിതറിയും ഇരുവരും അടിച്ചുകയറുമ്പോൾ കണ്ടുനിൽക്കുന്നവരും ഫോമിലാകും. ഉരുളക്ക് ഉപ്പേരി പോലെ കൗണ്ടറുകളും ഇടക്ക് കട്ട ചളിയുമായി ഷാർജ എക്സ്പോ സെന്ററിലെ ‘കമോൺ കേരള’ വേദിയെ കൈയിലെടുക്കുകയാണ് കല്ലുവും മാത്തുവും.
കല്ലുവില്ലാത്ത മാത്തു ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്നും മാത്തുവില്ലെങ്കിൽ കല്ലു വെറും കല്ലാണെന്നും തോന്നുന്നത് ഇരുവരും തമ്മിലെ റാപ്പോ അത്രയും മികച്ചതായത് കൊണ്ടാണ്. സത്യത്തിൽ ഇരുവരും സ്വന്തം നിലക്ക് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. റേഡിയോ ജോക്കിയായി തിളങ്ങിയ മാത്തു (മാത്തുക്കുട്ടി) ‘കുഞ്ഞെൽദോ’ എന്ന ആസിഫലി സിനിമയുടെ സംവിധായകനാണ്. മജീഷ്യൻ, ഷെഫ്, സ്റ്റേജ് കൊറിയോഗ്രാഫർ, ടി.വി അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് കിളിമാനൂർ സ്വദേശി രാജ് കലേഷ് എന്ന കല്ലു. തമാശകൾ പറഞ്ഞും കൊച്ചുകൊച്ചു ചോദ്യങ്ങൾ ചോദിച്ചും സമ്മാനങ്ങൾ വാരി വിതറിയും കുടുംബങ്ങളെ ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും വഴികളിലേക്ക് ആനയിച്ചു. തത്സമയ മത്സരങ്ങൾ സമ്മാനാവസരം എന്നതിലുപരി രസകരവുമായി.
മാജിക്കും പൊടിക്കൈകളും കല്ലുവിന്റെ കരുത്താണെങ്കിൽ നർമം കലർന്ന സംസാരവും കിളി പറത്തുന്ന കൗണ്ടറുകളും മാത്തുവിന്റെ സ്ട്രോങ് ഏരിയയാണ്. കളിചിരികളും കുറുമ്പും കരവിരുതുമായി രാജ് കലേഷും മാത്തുക്കുട്ടിയും കമോൺ കേരളക്ക് ഉണർവേകി. മേളയെ ലൈവാക്കുന്നതിൽ കല്ലു-മാത്തു കോംബോയുടെ കത്തിയടി നല്ല പങ്കുവഹിക്കുന്നു. തത്സമയ മത്സരങ്ങളിലൂടെ നിരവധി സമ്മാനങ്ങളും സന്ദർശകർക്ക് നൽകി. വൈകീട്ട് മൂന്നുമുതൽ നാലുവരെയാണ് കല്ലുവിന്റെയും മാത്തുവിന്റെയും കസർത്ത്. മുൻവർഷങ്ങളിലും കമോൺ കേരള വേദിയിലെത്തിയ ഇവർ ഓരോ വർഷവും പുതുമയുള്ള എന്തെങ്കിലും നമ്പറുകൾ കൊണ്ടുവരാറുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
രുചിയുടെ കലവറക്ക് കമോൺ കേരളയുടെ ആദരം
ഷാർജ: നാലു പതിറ്റാണ്ടായി കേരളത്തിനകത്തും അറബ് ലോകത്തും രുചിയുടെ മേളപ്പെരുക്കം തീർക്കുന്ന പ്രമുഖ ബ്രാൻഡാണ് ‘നെല്ലറ’. ‘80കളുടെ തുടക്കത്തിൽ ദുബൈയിലെ ദേരയിൽനിന്ന് ആരംഭിച്ച ആ യാത്ര കേരളവും അറേബ്യൻ നാടുകളും കടന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും പരന്നൊഴുകുകയാണ്.
കേരളത്തിന്റെ തനതായ രുചി ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്കുവഹിക്കുന്ന നെല്ലറക്ക് കമോൺ കേരളയുടെ ആറാം എഡിഷൻ വേദിയിൽ ഗൾഫ് മാധ്യമത്തിന്റെ ആദരം. വെള്ളിയാഴ്ച കമോൺ കേരളയുടെ പ്രധാന വേദിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ എന്നിവരിൽനിന്ന് പി.കെ. അബ്ദുല്ല (എക്സിക്യുട്ടീവ് ഡയറക്ടർ, നെല്ലറ), ശംസുദ്ദീൻ നെല്ലറ (മാനേജിങ് ഡയറക്ടർ), എം.കെ. ഫസലുർറഹ്മാൻ (ഡയറക്ടർ ആൻഡ് സി.ഇ.ഒ) എന്നിവർ ആദരമേറ്റുവാങ്ങി.
ഖാലിദ് അൽ അമീരി ഇന്ന് ‘കമോൺ കേരള’ വേദിയിൽ
ഷാർജ: സാമൂഹിക മാധ്യമ ഇടപെടലിലൂടെ ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി ഞായറാഴ്ച ‘കമോൺ കേരള’ വേദിയിലെത്തും. യു.എ.ഇയും ഇന്ത്യയുമായുള്ള പാരസ്പര്യത്തെ ശക്തിപ്പെടുത്തിയ സാമൂഹിക മാധ്യമ ഇടപെടലുകൾ പരിഗണിച്ച് ‘കമോൺ കേരള’ വേദിയിൽ അദ്ദേഹത്തിന് ‘കൾചറൽ ഐക്കൺ’ പുരസ്കാരം സമ്മാനിക്കുകയും ചെയ്യും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഖാലിദ് പകർത്തിയ വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരിലേക്കാണെത്തിയത്. പലതവണ കേരളം സന്ദർശിച്ച അദ്ദേഹം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഭക്ഷണ വൈവിധ്യങ്ങളും തൃശൂർപൂരമടക്കമുള്ള മലയാളത്തിന്റെ ആഘോഷങ്ങളും ലോകത്തിന് മുന്നിലെത്തിച്ചു. സമീപകാലത്ത് നടൻ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖവും ശ്രദ്ധേയമായിരുന്നു.
സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദം നേടിയ അദ്ദേഹം മാധ്യമ പ്രവർത്തകനായാണ് കരിയർ ആരംഭിച്ചത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഖാലിദ് അൽ അമീരി, യു.എ.ഇയിൽ തന്നെയുള്ള കാഴ്ചകളും രീതികളും പരിചയപ്പെടുത്തിയാണ് വ്ലോഗിങ് തുടങ്ങിയത്.
പിന്നീട് സാമൂഹികവും സാംസ്കാരികവുമായ സന്ദേശങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി വിഡിയോകളിലൂടെ പ്രശസ്തനായി. പ്രളയകാലത്ത് കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം വിഡിയോ ചെയ്തിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ചും ഖാലിദ് ചെയ്ത വിഡിയോകൾ ശ്രദ്ധനേടുകയുണ്ടായി. ഞായറാഴ്ച വൈകുന്നേരമാണ് ‘കമോൺ കേരള’ വേദിയിൽ ഖാലിദ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.