ആവേശം കൊട്ടിയിറങ്ങി; പ്രവാസത്തിന്‍റെ ഉത്സവമായി 'ഓണോത്സവം'
text_fieldsഷാർജ: ഷാർജ സഫീർ മാർക്കറ്റിലേക്ക് ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിനിർത്തി 'ഗൾഫ് മാധ്യമം ഓണോത്സവ'ത്തിന് വർണാഭ സമാപനം. സംഘാടന മികവും പങ്കാളിത്തവും മത്സരങ്ങളുടെ ആവേശവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞുനിന്ന ആഘോഷം ഷാർജയിലെതന്നെ ഏറ്റവും മികവുറ്റ ഒണോത്സവമായി മാറി.
കേരളത്തിന്‍റെ ദേശീയോത്സവത്തിന്‍റെ പ്രവാസലോകത്തെ പതിപ്പിന്‍റെ ആവേശം ഏറ്റുവാങ്ങാൻ മറ്റ് എമിറേറ്റുകളിൽനിന്ന് പോലും മലയാളികൾ എത്തി. നാട്ടിലെ ഓണാഘോഷം നഷ്ടപ്പെട്ടവർക്ക് ഗൾഫിൽ ഓണം ആഘോഷിക്കാൻ 'ഗൾഫ് മാധ്യമം' വേദി തുറന്നപ്പോൾ പ്രവാസി മലയാളികൾ ഇരുകൈയും നീട്ടി ഏറ്റെടുത്തു. വടംവലിയുടെ കരുത്തൻ പോരാട്ടവും പൂക്കള മത്സരത്തിന്‍റെ സൗന്ദര്യവും പാചക കലയിലെ പുത്തൻ പരീക്ഷണവും ദമ്പതിമാരുടെ അവിസ്മരണീയ പ്രകടനങ്ങളും നിറഞ്ഞതായിരുന്നു സമാപന പരിപാടി.
കോളജ് അലുമ്നികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്‍റ്സിന്‍റെ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. ആഘോഷം തുടങ്ങിയ ഉച്ചമുതൽ സഫീർ മാർക്കറ്റിലേക്ക് കാണികൾ എത്തിത്തുടങ്ങിയിരുന്നു. ആട്ടവും പാട്ടും കളിചിരികളുമായിരുന്നു പ്രധാന വേദിയിൽ നടന്നത്. മാളിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരേസമയം വടംവലിയും പൂക്കളവും പാചക മത്സരവും നൃത്ത-സംഗീത പരിപാടികളും നടന്നു. ഏറ്റവും ആവേശോജ്വലമായത് വടംവലിയായിരുന്നു. വ്യത്യസ്ത പൂക്കളങ്ങൾകൊണ്ട് ശ്രദ്ധേയമായിരുന്നു പൂക്കള മത്സരം.
ഓരോ പൂക്കളവും ഒന്നിനൊന്ന് നിലവാരം പുലർത്തി. പ്രഫഷനൽ ടീമുകളും പൂക്കള മത്സരത്തിൽ പങ്കെടുത്തിരുന്നു. പായസ മത്സരത്തിന്‍റെ ഫൈനലും ഞായറാഴ്ച നടന്നു. ശനിയാഴ്ച നടന്ന പ്രാഥമിക റൗണ്ടിൽ വിജയിച്ചവരാണ് ഇന്നലെ കലാശപ്പോരിനിറങ്ങിയത്. ചിക്കൻ പായസം, ഈത്തപ്പഴ പായസം, ചവ്വരി പായസം, കാരറ്റ് പായസം, പഴം-പരിപ്പ് പായസം, പഞ്ചസാര രഹിത പായസം, നെയ് പായസം, മത്തങ്ങ പായസം തുടങ്ങി വ്യത്യസ്ത വിഭവങ്ങൾ അണിനിരന്നു. കുടുംബ പാചകത്തിലും വാശിയേറിയ മത്സരമാണ് നടന്നത്.
രാത്രി നടന്ന കപ്ൾ കോണ്ടസ്റ്റായിരുന്നു ഏറ്റവും രസകരം. ശനിയാഴ്ച നടന്ന പ്രാഥമിക റൗണ്ടിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ ഫൈനലിൽ മാറ്റുരച്ചു. കുസൃതി ചോദ്യങ്ങളും രസകരമായ മറുപടികളും കളികളുമായി മുന്നേറിയ മത്സരം കാണികൾക്ക് ചിരിച്ചുല്ലസിക്കാനുള്ള വിരുന്നൊരുക്കി. യു.എ.ഇയിലെ സെലിബ്രിറ്റി ആർ.ജെമാരായ മിഥുൻ രമേശ്, നിമ്മി, മായ, ജോൺ, അർഫാസ് ഇഖ്ബാൽ തുടങ്ങിയവർ അവതാരകരായി വേദിയിലെത്തി.
പുതുമ നിറഞ്ഞ പൂക്കള മത്സരം
ഷാർജ: തുമ്പയും തെച്ചിയും മുക്കുറ്റിയും ചെണ്ടുമല്ലിയും ബന്തിയും ജമന്തിയും നന്ത്യാർവട്ടവുമെല്ലാം ഷാർജ സഫീർ മാർക്കറ്റിന്‍റെ ഇടവഴികളിൽ നിറഞ്ഞ പൂക്കള മത്സരത്തിൽ അരങ്ങേറിയത് കനത്ത മത്സരം. വിധികർത്താക്കളെ ആശയക്കുഴപ്പത്തിലാക്കി ഒന്നിനൊന്ന് മികവുറ്റ പൂക്കളങ്ങളുമായാണ് മത്സരാർഥികൾ എത്തിയത്.
പുതുമയും വ്യത്യസ്തതയും ഓണത്തിന്‍റെ പാരമ്പര്യവുമെല്ലാം സമ്മേളിക്കുന്നതായിരുന്നു ഓരോ പൂക്കളങ്ങളും. മനോഹരമായ പൂക്കളമൊരുക്കിയ ടീം ഫ്ലോറ ഒന്നാംസ്ഥാനം നേടി. ഓണത്താലവും പൂക്കളുമേന്തി നിൽക്കുന്ന കുട്ടികളെ പൂക്കളാൽ ചിത്രീകരിച്ചാണ് ഫ്ലോറ ഒന്നാംസ്ഥാനം നേടിയത്. അത്തപ്പൂക്കളത്തിന് മുന്നിൽ ഊഞ്ഞാലാടുന്ന സ്ത്രീയെ വരച്ചിട്ട് ടീം ആവണി രണ്ടാംസ്ഥാനം നേടി. കേരളത്തനിമ ഉൾക്കൊള്ളുന്നതായിരുന്നു മൂന്നാംസ്ഥാനം നേടിയ ടീം ബെൻഹറിന്‍റെ പൂക്കളം. അനീഷ് മേപ്പാട്ട്, നിസാർ ഇബ്രാഹിം, കുമാർ ചടയമംഗലം എന്നിവരായിരുന്നു വിധികർത്താക്കൾ.
കരുത്തിന്റെ വടംവലിയിൽ ആവേശപ്പോര്
ഷാർജ: നാട്ടിലെ വടംവലിയുടെ വീറും വാശിയും ഷാർജ ഏറ്റെടുത്ത ദിവസമായിരുന്നു ഇന്നലെ. സഫീർ മാർക്കറ്റിലെ സ്പോർട്സ് ഹബിൽ നടന്ന വടംവലിയിൽ യു.എ.ഇയിലെ എട്ട് കരുത്തുറ്റ ടീമുകളാണ് ഏറ്റുമുട്ടിയത്. സ്പോർട്സ് ഹബിലെ ബോക്സ് ക്രിക്കറ്റ് ഗ്രൗണ്ടിന് ചുറ്റും വടംവലി കാണാൻ കാണികളും തിങ്ങിക്കൂടിയതോടെ ആവേശം ഇരട്ടിയായി.
കൈക്കരുത്തും മെയ്ക്കരുത്തും ഒരുപോലെ സംഗമിച്ച കലാശപ്പോരിൽ ഗ്രാമിയം കൊളത്തൂരിനെ വലിച്ചിട്ട് യൂത്ത് ഇന്ത്യയുടെ കൊമ്പൻമാർ കിരീടം സ്വന്തമാക്കി. അബ്ദുൽ റഷീദിന്‍റെ നേതൃത്വത്തിലിറങ്ങിയ സംഘത്തിൽ ഷാജഹാൻ, ജെറിൻ, അമൽ, ഇബ്രാഹിം, നബീൽ, ആഷിക്, ഇർഷാദ്, ഫാസിൽ എന്നിവരാണ് അണിനിരന്നത്. അവസാന നിമിഷം വരെ വിടാതെ പിടിച്ച കൊളത്തൂർപടയെ നയിച്ചത് ശരൺ ആയിരുന്നു. അഖിൽ, ഭനത്, റോബിൻ, കൃഷ്ണ, മുഹമ്മദ്, റംഷീർ, ഷാമിൽ എന്നിവർ കൊളത്തൂരിന്‍റെ സംഘത്തിന് കൈക്കരുത്ത് പകർന്നു. ലൂസേഴ്സ് ഫൈനലിൽ അൽ സലാമ ഒപ്ടിക്കൽസ് വിജയികളായി.
സമീർ മുഹമ്മദിന്‍റെ നേതൃത്വത്തിൽ ആകാശ്, അബ്ദുൽ സലാം, ഷർബാസ്, ഷമീം, മുസ്തഫ, മുഹമ്മദ് ഷാഫി, അപ്പു രമേശ്, മുഹമ്മദ് അജ്മൽ എന്നിവരാണ് അൽസലാമ ടീമിൽ നിരന്നത്.
'ഗൾഫ് മാധ്യമം' സീനിയർ അക്കൗണ്ട്സ് മാനേജർ എസ്.കെ. അബ്ദുല്ല, സഫീർ മാർക്കറ്റ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ്, ആർ.ജെമാരായ അർഫാസ് ഇഖ്ബാൽ, നിമ്മി, അക്കാഫ് ഇവന്‍റ്സ് പ്രതിനിധി രഞ്ജിത് കോടോത്ത് എന്നിവർ വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും മറ്റ് സമ്മാനങ്ങളും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.