ഫിറ്റ്നസ് ചലഞ്ചിന് ആവേശത്തുടക്കം
text_fieldsദുബൈ: ആവേശത്തോടെ ആരോഗ്യത്തിലേക്ക് ചുവടുവെക്കാനുള്ള തയാറെടുപ്പിൽ ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഉജ്ജ്വല തുടക്കം. കോവിഡ് തീർത്ത വെല്ലുവിളികളെ പോലും മറികടന്ന് കായികതാരങ്ങൾ ഇരമ്പിയെത്തിയതോടെ നാലാം സീസൺ അക്ഷരാർഥത്തിൽ മറ്റൊരു ചലഞ്ചായി.
ലക്ഷക്കണക്കിന് ദുബൈ നിവാസികളെ ആരോഗ്യട്രാക്കിലെത്തിക്കാൻ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചി െൻറ പുതിയ സീസണിന് മികച്ച വരവേൽപാണ് ലഭിച്ചത്. ഫിറ്റ്നസിൽ സ്മാർട്ടായി, ആരോഗ്യമുള്ള ദുബൈയെ വീണ്ടെടുക്കാൻ ശൈഖ് ഹംദാൻ മുന്നോട്ടുവെച്ച ചലഞ്ച് മനസ്സും ശരീരവുംകൊണ്ട് ഏറ്റെടുത്തു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതായി താരങ്ങളുടെയും കായികപ്രേമികളുടെയും ആദ്യ ദിനത്തിലെ പ്രതികരണം. ഇനിയുള്ള ഒരുമാസക്കാലം ഓരോ ദിവസവും 30 മിനിറ്റ് വ്യായാമത്തിൽ മുഴുകി ചടുലതയാർന്ന ചുവടുവെപ്പുകളോടെ ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രയത്നത്തിന് കച്ചമുറുക്കുന്ന തിരക്കിലായിരിക്കും നഗരവാസികൾ.
ഓടിയും നടന്നും സൈക്കിളിലേറിയും ബാസ്കറ്റ് കോർട്ടിൽ വിയർത്തും ഫുട്ബാൾ ഗ്രൗണ്ടിൽ പന്തുതട്ടിയും യോഗയിലും ആയോധന കലകളിലും ശ്രദ്ധപതിപ്പിച്ചും ബീച്ചിൽ നീന്തിത്തുടിച്ചും പടിക്കെട്ടുകളിലേക്ക് പാഞ്ഞുകയറിയും ആഹ്ലാദത്തോടെ ആരോഗ്യത്തെ വീണ്ടെടുക്കാനുള്ള ആഘോഷത്തിമിർപ്പിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ആരും തന്നെ വീഴ്ചവരുത്തിയില്ല. അത്യാവശ്യഘട്ടങ്ങളിലൊഴികെ മുഴുസമയവും എല്ലാ മുഖങ്ങളിലും മാസ്ക്കുണ്ടായിരുന്നു. ആവേശത്തിനിടയിലും ഇവ ഉറപ്പുവരുത്തുന്നതിൽ താരങ്ങളും ജനങ്ങളും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.
കായിക ഉപകരണങ്ങളും താരങ്ങൾ അണിനിരക്കേണ്ട സ്ഥലങ്ങളുമെല്ലാം സാമൂഹിക അകലം പാലിച്ച് തന്നെ ക്രമീകരിക്കുന്നതിനും പരിശീലനത്തിലേർപ്പെടുന്നവർ തമ്മിൽ ഇടകലരുന്നത് പൂർണമായി തടയുന്നതിനും അധികൃതർ അതിസുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ പുലർകാലത്ത് നിരവധി കായികപ്രേമികളെത്തി. കൈറ്റ് ബീച്ചിലും വ്യത്യസ്തമായിരുന്നില്ല പങ്കാളിത്തം. ബീച്ച് ബാസ്കറ്റ്ബാൾ, സ്കൈ ഡൈവിങ്, യോഗ സെഷൻ, ആയോധന പരിശീലനങ്ങൾ, സ്വിമ്മിങ് സെഷൻ, സുംബ ഡാൻസ്, എയറോബിക്, ക്ലൈമ്പിങ് വാള്‍, ടേബ്ള്‍ ടെന്നിസ്, ക്രോസ് ബാര്‍ ചലഞ്ച്, ട്രെഡ് വാള്‍, സൈക്ലിങ് തുടങ്ങി അറിയുന്നതും അറിയാത്തതുമായ കായികവിനോദങ്ങളിൽ അതിതാൽപര്യത്തോടെ പങ്കെടുത്തപ്പോൾ ഫലത്തിൽ പലർക്കും കാർണിവലിൽ പങ്കെടുത്ത പ്രതീതിയാണുണ്ടായത്.
പുലർകാലത്തെ തണുത്ത കാലാവസ്ഥ പതിയെ ചൂടിലേക്ക് തെന്നിമാറിയിട്ടും ചലഞ്ച് ഏറ്റെടുത്തവർ ഒരു ചാഞ്ചല്യവുമില്ലാതെ ഓടിയും ചാടിയും കളിച്ചും നീന്തിയും ആരോഗ്യത്തിലേക്കുള്ള പ്രയാണം ആഘോഷമാക്കുന്ന തിരക്കിൽ തന്നെയായിരുന്നു.
ഫിറ്റ്നസ് ചലഞ്ചിനുവേണ്ടി മാത്രം വളരെ മനോഹരമായി അണിയിച്ചൊരുക്കിയ കൈറ്റ് ബീച്ച് വില്ലേജിൽ ആയിരക്കണക്കിന് പേർക്ക് ഒരേസമയം കായിക വിനോദങ്ങളിലേർപ്പെടാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാൽ, സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ശേഷിയുടെ 30 ശതമാനം മാത്രം ഉപയോഗിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം. വാട്ടർ സ്പോർട്സ് ഇനങ്ങൾക്ക് അനുയോജ്യമായ സംവിധാനങ്ങൾ വേറെയുമുണ്ടായിരുന്നു. വാട്ടർ സ്പോർട്സ് വിഭാഗത്തിൽ കയാക്കിങ്, പെഡൽ ബോർഡിങ്, സ്വിമ്മിങ് എന്നീ കായിക വിനോദങ്ങളിൽ സുഖകരമായി ഏർപ്പെടാനാകും.
ദുബൈ ഫെസ്റ്റിവൽ സിറ്റിയിലും ലോകോത്തര സൗകര്യങ്ങളും അത്യാധുനിക കായിക ഉപകരണങ്ങളുമാണ് ഇൻഡോർ, ഔട്ട്ഡോർ ഗെയിംസുകൾക്കും കായിക വിനോദങ്ങൾക്കുമായി തയാറാക്കിയിരിക്കുന്നത്. ഇവിടെനിന്ന് മർസ ബീച്ചിലേക്ക് ബൈക്ക് റൈഡിനുള്ള സൗകര്യവുമുണ്ട്. ബീച്ച് വോളിബാൾ പ്രേമികൾക്കുള്ള വിശാല സൗകര്യവും ഇവിടെയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങൾ ശീലമാക്കുക വഴി ജീവിതശൈലീ രോഗങ്ങളെ പമ്പകടത്തി, ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം എല്ലാവർക്കുമെന്ന സന്ദേശമാണ് ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.
30 ദിവസങ്ങളിൽ ഓരോ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമങ്ങളിലേർപ്പെടുക എന്ന കാമ്പയിനാണ് ഫിറ്റ്നസ് ചലഞ്ച് ഉയർത്തിക്കാട്ടുന്നത്. വ്യായാമം ശീലമാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള യത്നത്തിൽ പ്രായ, ഭാഷ, ദേശ ഭേദമന്യേ പതിനായിരങ്ങളെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്.
മലയാളികൾ ഉൾപ്പെടെ പ്രവാസികളിലും വ്യായാമശീലങ്ങൾ വളർത്തുന്നതിൽ ചലഞ്ച് വലിയ പങ്കാണ് വഹിക്കുന്നത്. ആയിരക്കണക്കിന് പ്രവാസികളാണ് തനിച്ചും സംഘം ചേർന്നും ചലഞ്ചി െൻറ ആദ്യ ദിവസത്തിൽ ആരോഗ്യം ഉറപ്പുവരുത്താനായി എത്തിയത്. സ്വദേശികളും വിദേശികളും സന്ദർശകരും താമസക്കാരുമെല്ലാം ചലഞ്ചിൽ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.