വിസ നിയമലംഘകർക്ക് ഇളവ്: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
text_fieldsദുബൈ: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഇളവ് സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരും. ഒക്ടോബർ 31വരെ രണ്ടു മാസത്തേക്കാണ് ഇളവ്. ഏത് തരം വിസയിൽ എത്തിയവർക്കും ഇളവ് ഉപയോപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് നിയമാനുസൃതമായി തിരിച്ചുവരാൻ തടസ്സമില്ല. വിസിറ്റ് വിസയിലും താമസ വിസയിലും രാജ്യത്തെത്തി കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തുടരുന്ന എല്ലാവർക്കും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഇളവ് ഉപയോഗപ്പെടുത്തി പിഴയില്ലാതെ സ്വരാജ്യത്തേക്ക് മടങ്ങാം. സെപ്റ്റംബർ ഒന്നുമുതൽ ഇമിഗ്രേഷൻ വകുപ്പിന്റെ അംഗീകാരമുള്ള എല്ലാ ടൈപ്പിങ് സെന്ററുകളിൽനിന്നും വിസ നിയമലംഘകർക്കുള്ള ഇളവ് ലഭിക്കാനുള്ള അപേക്ഷാ ഫോറം ലഭിക്കും. അതേസമയം ഏതെങ്കിലും കേസുള്ളവർക്ക് ഇളവ് ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട വകുപ്പുമായി കേസ് തീർപ്പാക്കേണ്ടതുമുണ്ട്. ഇന്ത്യൻ അസോസിയേഷൻ ഷാർജ, കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകളും കൂട്ടായ്മകളും ഇളവ് ഉപയോഗപ്പെടുത്താനുള്ള ഹെൽപ്ഡെസ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇളവ് ആർക്കൊക്കെ
• ഗ്രേസ് പിരീഡിനു ശേഷം രാജ്യത്ത് തങ്ങുന്ന റെസിഡന്റ്സ് വിസ വിഭാഗത്തിലുള്ളവർ
• നിശ്ചിത വിസ കാലാവധിക്കുശേഷവും അനധികൃതമായി തങ്ങുന്നവർ
• തൊഴിൽദാതാവ് ഒളിച്ചോടിയതായി കേസ് ഫയൽ ചെയ്തവർ
• കുഞ്ഞ് ജനിച്ച് നാലുമാസത്തിനുള്ളിൽ രക്ഷിതാക്കൾക്ക് താമസ സ്ഥലമേതെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകൾ
ഇളവുകൾ എന്തെല്ലാം
ആനുകൂല്യം ഉപയോഗപ്പെടുത്തുന്നവരെ അഞ്ച് തരം പിഴകളിൽ നിന്ന് ഒഴിവാക്കപ്പെടും
• അനധികൃത താമസം
• എസ്റ്റാബ്ലിഷ്മെന്റ് കാർഡ്
• എമിറേറ്റ്സ് ഐഡി
• മാനവ വിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയത്തിന് തൊഴിൽ കരാർ നൽകുന്നതിൽ വീഴ്ച
• തൊഴിൽ കരാർ പുതുക്കുന്നതിലെ വീഴ്ച
ഫീസിൽ ഇളവ്
• റെസിഡന്റ്സ്, വിസിറ്റ് വിസ റദ്ദാക്കൽ
• സ്ഥാപനം ഒളിച്ചോടിയതായി ഫയൽ ചെയ്യൽ
• രാജ്യം വിടുന്നതിനുള്ള ഫീസ്
• റെസിഡന്റ്സ്/ വിസിറ്റ് വിസ വിവരങ്ങൾ സമർപ്പിക്കാനുള്ള ഫീസ്
• രാജ്യം വിടാനുള്ള അനുമതിക്കുള്ള ഫീസ്
ഇളവില്ലാത്തവർ
• 2024 സെപ്റ്റംബർ ഒന്നിനു ശേഷം വിസനിയമം ലംഘിച്ചവർ
• സെപ്റ്റംബർ ഒന്നിനു ശേഷം സ്ഥാപനം ഒളിച്ചോടിയതായി പ്രഖ്യാപിച്ചവർ
• യു.എ.ഇയിൽ നിന്നോ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നോ നാടുകടത്തപ്പെട്ടവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.