ഭാവിയുടെ വേദിയാകാൻ എക്സ്പോയിലെ എക്സിബിഷൻ സെൻറർ
text_fieldsദുബൈ: ലോകത്തെ ദുബൈ നഗരത്തിലേക്ക് ആകർഷിക്കുന്ന ശ്രദ്ധേയമായ കേന്ദ്രങ്ങളിലൊന്നാണ് ദുബൈ വേൾഡ് ട്രേഡ് സെൻറർ.നിലക്കാതെ പരിപാടികളും പ്രദർശനങ്ങളും മേളകളും അരങ്ങേറുന്ന ഇവിടം നഗരത്തിലെ സുപ്രധാന വേദിയാണ്. എന്നാൽ അതിനേക്കാൾ വലിയ ഒരു പുത്തൻ വേദിയൊരുങ്ങുകയാണ് എക്സ്പോ 2020 നഗരിയിൽ. ഈ വേദിയൊരുക്കുന്നത് ദുബൈ വേൾഡ് ട്രേഡ് സെൻറർ തന്നെയാണ്.
ദുബൈ എക്സിബിഷൻ സെൻറർ എന്നറിയപ്പെടുന്ന എമിറേറ്റിലെ ഏറ്റവും വലിയ പ്രദർശന കേന്ദ്രമായിരിക്കും ഇത്. മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവക്ക് യോജിച്ച മികച്ച കേന്ദ്രമാണ് ഒരുങ്ങുന്നത്. മേളയുടെ കേന്ദ്രമായ അൽ വസ്ൽ പ്ലാസയിൽ നിന്ന് 300 മീറ്റർ മാറിയാണിത് സ്ഥിതി ചെയ്യുന്നത്. എക്സ്പോ മെട്രോ സ്റ്റേഷന് സമീപത്താണിത് നിർമിച്ചത്. വിവിധ പരിപാടികൾക്ക് ഉപയോഗിക്കാവുന്ന വേദികളുടെ കേന്ദ്രമായ കെട്ടിടം ആകെ 45,000 ചതുരശ്ര മീറ്ററിലാണ് നിർമിച്ചിരിക്കുന്നത്.
സൗത്ത്, നോർത്ത് കോംപ്ലക്സുകളായി ഇതിനെ വേർതിരിച്ചിട്ടുണ്ട്. 28,000 ചതുരശ്ര മീറ്റർ വിശാലതയുള്ള സൗത്ത് കോംപ്ലക്സ് ഒമ്പത് ഹാളുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ 300 മുതൽ 20,000 വരെ ആളുകളെ ഉൾക്കൊള്ളും. നോർത്ത് കോംപ്ലക്സിൽ 17,000 ചതുരശ്ര മീറ്ററിലായി അഞ്ചു ഹാളുകളുണ്ട്. ഇതിൽ 2002 മുതൽ 11,000 വരെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഇതിനു പുറമെ വിവാഹങ്ങൾ, ഡിന്നർ പാർട്ടികൾ, പ്രത്യേക ചടങ്ങുകൾ എന്നിവക്കും സൗകര്യമുണ്ട്.
എക്സ്പോ 2020 അവസാനിച്ചാലും നിലനിൽക്കുന്ന ഇതിഹാസമായിരിക്കും ദുബൈ എക്സിബിഷൻ സെൻററെന്ന് കേന്ദ്രത്തിെൻറ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് മാഹിർ അബ്ദുൽ കരീം ജുൽഫാർ പറഞ്ഞു. വലിയ പരിപാടികൾക്ക് ആതിഥ്യമരുളാനുള്ള ദുബൈയുടെ സന്നാഹങ്ങളെ ഇത് ശക്തിപ്പെടുത്തുമെന്നും ആഗോളതലത്തിലെ വൻ ബിസിനസ് സംരംഭങ്ങളെയും പരിപാടികളെയും ഇതാകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്സ്പോ 2020 അവസാനിച്ച ശേഷം രൂപപ്പെടുന്ന ഡിസ്ട്രിക്ട് 2020യിലെ സുപ്രധാന ലാൻഡ്മാർക്ക് കൂടിയായി ഇതു മാറും.
സെൻറർ പ്രവർത്തനമാരംഭിക്കുന്നതോടെ വിവിധ പരിപാടികളിലൂടെയും സന്ദർശകരിലൂടെയും ദുബൈയുടെ സാമ്പത്തിക മേഖലക്കും നേട്ടമുണ്ടാകും. ഹോട്ടലുകൾ, റസ്റ്ററൻറുകൾ, റീട്ടെയിൽ, ഗതാഗതം, സർക്കാർ സേവനങ്ങൾ എന്നീ മേഖലകളിൽ സാമ്പത്തികനേട്ടം ഇതുണ്ടാക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ദുബൈ വേൾഡ് ട്രേഡ് സെൻറർ 200 ബില്യൻ ദിർഹമിെൻറ ജി.ഡി.പി സംഭാവന ചെയ്തിട്ടുണ്ട്. 5000 പരിപാടികളിലായി 30 മില്യൺ സന്ദർശകരെ ദുബൈയിലെത്തിക്കാൻ ഇത് കാരണമായിട്ടുണ്ട്. സമാന രീതിയിൽ ഭാവി നഗരത്തിെൻറ സാമ്പത്തിക മേഖലക്ക് ഉത്തേജനം നൽകുന്ന കേന്ദ്രമാകും എക്സ്പോ നഗരിയിലെ എക്സിബിഷൻ സെൻറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.