അജ്മാനിൽ ഗതാഗത സാങ്കേതിക വിദ്യ പ്രദർശനം 13ന്
text_fieldsഅജ്മാന്: ഗതാഗത, സ്മാർട്ട് സാങ്കേതിക വിദ്യ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് പ്രഥമ ഗതാഗത സാങ്കേതിക വിദ്യ സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നവംബർ 13, 14 തീയതികളിൽ അജ്മാനിലെ അൽ ജർഫ് ഏരിയയിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി ഹാളിലാണ് പ്രദര്‍ശനം.
ഗതാഗത മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ, ഡിജിറ്റൽ പരിഹാരങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും. ഗ്ലോബൽ മാസ് ട്രാൻസിറ്റ് കമ്പനിയുടെ പിന്തുണയോടെയാണ് സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നത്. ഗതാഗത മേഖലയിൽ വിദഗ്ധരായ അന്താരാഷ്ട്ര കമ്പനികൾ അവരുടെ ഏറ്റവും പ്രധാന പദ്ധതികളും ഇലക്ട്രോണിക് ഉപകരണങ്ങളും സമ്മേളനത്തിൽ അവലോകനം ചെയ്യും.
ഗതാഗത മേഖലയിൽ താൽപര്യമുള്ളവർ, സർവകലാശാല വിദ്യാർഥികൾ, പഠന-ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ടുള്ള പദ്ധതികളും അവതരിപ്പിക്കും.
പൊതുഗതാഗത മേഖലകളിൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുക, ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുക എന്നിവയാണ് സമ്മേളന ലക്ഷ്യമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് ടെക്നോളജി കോൺഫറൻസ് ആൻഡ് എക്സിബിഷനിലെ ടീം ലീഡർ എൻജിനീയർ സമി അലി അൽ ജല്ലാഫ് പറഞ്ഞു.
എമിറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ സുപ്രധാന മേഖലകളിലേക്കും നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഗതാഗത മേഖലയെന്നതിനാൽ സാമ്പത്തിക പുരോഗതിക്കായി ഭാവി നിക്ഷേപ സ്രോതസ്സ് സൃഷ്ടിക്കുന്നതിനും പ്രദര്‍ശനം ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.