ഇന്ന് പൂരാടം: പ്രവാസ ഭൂമിയിൽ കേരളത്തെ പറിച്ചുനട്ടോണം
text_fieldsഷാർജ: ചിങ്ങവെയിൽ മെഴുകിയ പ്രവാസി മലയാളികളുടെ മനസ്സിെൻറ മുറ്റത്തും താമസിക്കുന്ന മുറിയുടെ ഇത്തിരി കോലായിലും മനോഹരങ്ങളായ പൂക്കളങ്ങൾ നിറഞ്ഞു തുടങ്ങി. ഇന്ത്യയിൽനിന്നെത്തിയ ചെത്തിയും ജമന്തിയും ഡാലിയയുംകൊണ്ടാണ് പ്രവാസത്തിലെ പൂക്കളങ്ങൾ ആർപ്പുവിളിക്കുന്നത്. ഗ്രാമീണ തൊടിയിലാകെ പൂത്തുനിൽക്കുന്ന തുമ്പ, മുക്കുറ്റി, ചെമ്പരത്തി, ശംഖുപുഷ്പം, മന്ദാരം, നന്ത്യാർവട്ടം, കാക്കപ്പൂവ്, വയൽപച്ച, രാജമല്ലി, അരിപ്പൂ തുടങ്ങിയവയോടൊപ്പം തുളസിയിലയും ചിത്രകൂക്കയുടെ ഇലയും കൊണ്ടാണ് കേരളം പൂക്കളം തീർക്കുന്നത്.
യാത്രക്ക് നിബന്ധനകൾ വന്നതോടെ ഒമാനിലെ പാടത്തും പറമ്പിലും മലയോരങ്ങളിലും വിളഞ്ഞു ചിരിച്ചുനിൽക്കുന്ന കാശിത്തുമ്പ ഇക്കുറി നാടുവിട്ടോണമുണ്ണാൻ പോകില്ല.ഒമാനിലെ സലാലയിൽ കറങ്ങാനും മറ്റും പോകുന്നവർ ഓണക്കാലത്ത് ഒരു കവർ കാശിത്തുമ്പ ഉൾപ്പെടെയുള്ള പൂക്കളുമായിട്ടാണ് തിരിച്ചുവരാറുള്ളത്. ഗൾഫ് മേഖലയിലെ കച്ചവട സ്ഥാപനങ്ങൾ ഓണത്തിെൻറയും കേരളത്തിെൻറയും തനത് ഭംഗികൾ കോർത്താണ് അഴക് വിരിച്ചിരിക്കുന്നത്. ചുണ്ടൻ വള്ളം, ലോറി, ഉരുളി തുടങ്ങിയ അലങ്കാരങ്ങൾ ആവോളമുണ്ട്. ഓണസദ്യയുടെ രുചിഭേദങ്ങൾ നിരത്തിയാണ് സ്ഥാപനങ്ങൾ ആളുകളെ ആകർഷിക്കുന്നത്. 25ഓളം വിഭവങ്ങൾ വരെ നിരക്കുന്ന സദ്യകളാണ് മിക്ക സ്ഥാപനങ്ങളും വിളമ്പുന്നത്. പായസ രുചിയിൽ പശുവിൻ പാലും തേങ്ങാപാലും ഇഞ്ചോടിഞ്ച് പൊരുതിയാണ് രുചിയുടെ പൊന്നോടം തുഴയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.