ജനനായകന് അനുശോചന പ്രവാഹം
text_fieldsജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠനേടിയ ജനകീയനായ രാഷ്ട്രീയനേതാവായിരുന്നു ഉമ്മൻ ചാണ്ടി. പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായുള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ, നോർക്ക വൈസ് ചെയർമാൻ, സ്മാർട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിൽ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാൻ സാധിച്ചിരുന്നു. ജനകീയനും മനുഷ്യസ്നേഹിയുമായ ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ജനസമ്പർക്കപരിപാടി ഇതിനൊരുദാഹരണമാണ്. ഐക്യരാഷ്ട്രസഭ ആഗോളതലത്തിൽ പൊതുസേവനത്തിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനു ലഭിച്ചത് ഈ ഒരു പരിപാടിക്കായിരുന്നു എന്നത് അഭിമാനാർഹമാണ്.
ഡോ. ആസാദ് മൂപ്പൻ
കേരളത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരിലൊരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന യഥാർഥ ജനകീയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിൽ ആസ്റ്റർ ആശുപത്രി ശൃംഖലയും വയനാട്ടിലെ ഡോ. മൂപ്പൻ മെഡിക്കൽ കോളജും സ്ഥാപിക്കുന്നതിലും അദ്ദേഹം പിന്തുണച്ചു. നികത്താനാവാത്ത ഈ നഷ്ടം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
കെ.എം.സി.സി
ജനങ്ങൾക്ക് നടുവിലായിരുന്ന ഒരു നായകനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ വർക്കിങ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി, ട്രഷറർ നിസാർ തളങ്കര എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാധാരണക്കാരുടെ മനസ്സിൽ ഇടം നേടിയ ജനസമ്പർക്കം ഉമ്മൻ ചാണ്ടിയെന്ന ജനകീയതയുടെ ആൾരൂപത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കിയെന്നും അവർ പറഞ്ഞു.
ഒരു പുരുഷായുസ്സ് മുഴുവൻ സമൂഹത്തിനായി സമർപ്പിക്കുകയും ഒരു വിവേചനവുമില്ലാതെ ഏത് സാധാരണക്കാരനും ഏത് സമയത്തും കാണാൻ അനുവാദമുണ്ടാവുകയും പ്രശ്നപരിഹാരം അതിവേഗം നടപ്പിലാക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി പറഞ്ഞു.
ആൾക്കൂട്ടത്തിനിടയിൽ മാത്രം ജീവിച്ച ഏവർക്കും മാതൃകയായ സാധാരണക്കാർക്ക് സമാശ്വാസവും സാന്ത്വനവുമേകിയ മനുഷ്യസ്നേഹിയെയാണ് ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മതനിരപേക്ഷ രാഷ്ട്രീയത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല പറഞ്ഞു. എല്ലാവിഭാഗം ജനങ്ങൾക്കും പ്രിയങ്കരനായിരുന്ന അദ്ദേഹം ലാളിത്യത്തിന്റെയും സംശുദ്ധതയുടെയും പ്രതീകമായിരുന്നു.
പുന്നക്കൻ മുഹമ്മദലി
കേരളത്തിനും പ്രവാസലോകത്തിനും തീരാനഷ്ടം. ആദ്യമായി ലേബർ ക്യാമ്പ് സന്ദർശിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. സോണാപുർ ലേബർ ക്യാമ്പായിരുന്നു സന്ദർശിച്ചത്. ജയിൽസന്ദർശനത്തിനായി ശ്രമിച്ചെങ്കിലും ഇന്ത്യൻ കോൺസുലേറ്റ് തടയുകയായിരുന്നു. പിന്നീട് എം.എൽ.എമാരേയും സെക്രട്ടറിമാരേയും ജയിലിലേക്ക് അയക്കുകയായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തിയ ജനസമ്പർക്ക പരിപാടിയും പ്രവാസികൾക്ക് ഏറെ സഹായകമായിരുന്നു.
ഡോ. ഷംഷീര്‍ വയലില്‍
ലോകമെമ്പാടുമുള്ള മലയാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും ഏറ്റെടുക്കാനും രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ച ജനകീയ നേതാവിനെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച അദ്ദേഹം ജനകീയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്കി. അരനൂറ്റാണ്ടിലേറെ നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോഡ് അദ്ദേഹത്തിനുണ്ടായിരുന്ന നിസ്സീമമായ ജനപിന്തുണയുടെ തെളിവാണെന്നും ഡോ. ഷംഷീര്‍ അനുസ്മരിച്ചു.
ഓർമ
ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ഓർമ ദുബൈ (ഓവർസീസ് മലയാളി അസോസിയേഷൻ) അനുശോചിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായ എല്ലാ തലത്തിലും സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയരംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയധാരയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്.
കോഴിക്കോട് പ്രവാസി (യു.എ.ഇ)
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കോഴിക്കോട് പ്രവാസി (യു.എ.ഇ) അനുശോചിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാതലത്തിലും സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയകേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പ്രവാസലോകത്തുനിന്നും കോഴിക്കോട് പ്രവാസിയും പങ്കുചേരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ വെങ്കിട്ട്, രാജൻ കോളവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, മുഹമ്മദ് അലി, നൗഷാദ് ഫെറോക് എന്നിവർ സംസാരിച്ചു.
പി.സി.എഫ്
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പി.സി.എഫ് ഗ്ലോബൽ കമ്മിറ്റി അംഗം മുഹമ്മദ് മഅറൂഫ് അനുശോചിച്ചു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് രാഷ്ട്രീയരംഗത്തെ സൗമ്യസാന്നിധ്യവും ഏറ്റവും ജനകീയരിൽ ഒരാളായ മുഖ്യമന്ത്രിയെയുമാണ്.
പ്രിയദർശിനി ഷാർജ
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ പ്രവാസലോകത്തിനു നഷ്ടമായത് തങ്ങളുടെ സങ്കടങ്ങളും പരാതികളും കേൾക്കുകയും അതിന് തക്കതായ പരിഹാരം കാണുകയും ചെയ്യുന്ന ഒരു നേതാവിനെയാണെന്ന് പ്രിയദർശിനി ഷാർജ പ്രസിഡന്റും ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് റീജ്യൻ ചെയർമാനുമായ സന്തോഷ് കേട്ടേത് അനുസ്മരിച്ചു. ജാതിമത -രാഷ്ട്രീയഭേദമന്യേ അദ്ദേഹം സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ജനകീയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു യുഗം അവസാനിച്ചു.
ഗുരു വിചാരധാര
സാധാരണജീവിതം നയിച്ച് അസാധാരണ കാര്യങ്ങൾക്ക് മികവുകാട്ടിയ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടി. മലയാളിയുടെ ഇടയിൽ അദ്ദേഹം എന്നും എക്കാലവും സ്മരിക്കപ്പെടുമെന്നും ഗുരു വിചാരധാര പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, സജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ എന്നിവർ അനുസ്മരിച്ചു.
ഇൻകാസ്
ജീവിതത്തിലുടനീളം ജനങ്ങളോടൊപ്പം ചേർന്നുനിന്ന് ആൾക്കൂട്ടത്തിലൊരാളായി മാറിയ ഉമ്മൻ ചാണ്ടി കേരളത്തിലെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ മുന്നിൽനിന്ന് പ്രവർത്തിച്ച അപൂർവം നേതാക്കളിൽ ഒരാളായിരുന്നുവെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ പറഞ്ഞു. രാവെന്നോ പകലെന്നോ വകവക്കാതെ ഭക്ഷണംപോലും ഉപേക്ഷിച്ച് ജനങ്ങളോടൊപ്പംനിന്ന ജനകീയനേതാവായിരുന്നു. ജനസമ്പർക്കപരിപാടികളിലൂടെ മറ്റനേകം ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ കേരളജനതയുടെ കണ്ണീരൊപ്പിയ ആ മഹാനേതാവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. പ്രവാസിക്ഷേമ താൽപര്യങ്ങൾക്ക് പ്രാമുഖ്യംനൽകുകയും പരാതികൾക്ക് ഉടൻ പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്ത ഭരണകർത്താവും ജനനേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ദുബൈ ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ. നാസർ, ട്രഷറർ ടൈറ്റസ് പുല്ലൂരാൻ എന്നിവർ പറഞ്ഞു.
ഐ.എം.സി.സി
ജനങ്ങൾക്കിടയിലും ജനമനസ്സുകളിലും ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഐ.എം.സി.സി യു.എ.ഇ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച ഉമ്മൻ ചാണ്ടിയെ കേരളജനത എന്നും ഓർക്കുമെന്നും മതേതര ഇന്ത്യക്കും കേരളത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് തച്ചറോത്ത്, ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് അതിഞ്ഞാൽ, ട്രഷറർ അനീഷ് നീർവേലി എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പ്രവാസി ഇന്ത്യ
ജനകീയസമരങ്ങളോട് അനുഭാവം കാണിച്ച ഭരണാധികാരി ആയിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രവാസി ഇന്ത്യ. വിശ്രമമില്ലാതെ ജനങ്ങൾക്കിടയിൽ പൊതുജീവിതം നയിച്ച രാഷ്ട്രീയനേതാവ്. ഏറ്റവും സാധാരണക്കാർക്ക് പോലും നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാൻ മാത്രം അടുപ്പമുള്ള ജനകീയമുഖം അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു.
അക്കാഫ്
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മലയാളികളുടെ മുഴുവൻ ആദരം ഏറ്റുവാങ്ങിയ നേതാവായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിച്ചതായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ പ്രവാസിസമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും ഓൾ കേരള കോളജസ് അലുമ്നി ഫോറം -യു.എ.ഇ (അക്കാഫ് ഇവെന്റ്സ്) മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ.വി എന്നിവർ അറിയിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ
മുൻ കേരള മുഖ്യമന്ത്രിയും ഏറ്റവും കൂടുതൽ കാലം കേരള നിയമസഭ സാമാജികനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ടി.വി. മുരളീധരൻ.
കേരള സോഷ്യല്‍ സെന്റര്‍
ജനസമ്പര്‍ക്കങ്ങളുടെ നായകനെന്ന് വിശേഷിപ്പിക്കാവുന്ന ജനകീയ നേതാവായ ഉമ്മന്‍ ചാണ്ടി വിശ്രമമില്ലാത്ത കർമനിരതനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നുവെന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടിയും ജനറല്‍ സെക്രട്ടറി കെ. സത്യനും അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.