പ്രവാസി മൃതദേഹം നാട്ടിലെത്തിക്കൽ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ
text_fieldsദുബൈ: വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ഏറെനാളത്തെ ആവശ്യത്തിന് മൂന്നാം ലോകകേരള സഭയിലും തീരുമാനമായില്ല. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും എയർ ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടറും ധാരണപത്രത്തിൽ ഒപ്പുവെച്ചുവെന്നും ഉടൻ ആരംഭിക്കുമെന്നും 2019ൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോഴും നടപ്പിലാവാതെ നീണ്ടുപോകുന്നത്.
2018ൽ നടന്ന ആദ്യ ലോകകേരള സഭയിലും 2020ലെ രണ്ടാം സമ്മേളനത്തിലും ഇടക്ക് ദുബൈയിൽ നടന്ന പശ്ചിമേഷ്യൻ സമ്മേളനത്തിലും വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടാം ലോകകേരള സഭയിലെ 261ഇന നിർദേശങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു പദ്ധതി. ദുബൈയിൽ നടന്ന പശ്ചിമേഷ്യൻ സമ്മേളനത്തിൽ, പദ്ധതി ഉടൻ നടപ്പിലാക്കാൻ പോവുകയാണെന്ന് മുഖ്യമന്ത്രിതന്നെ നേരിട്ട് പ്രഖ്യാപിച്ചു. 2019 -20 വർഷത്തെ സംസ്ഥാന ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക്, പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും നോർക്ക റൂട്സ് വഴി സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ തൊഴിൽ ഉടമയുടെയോ സ്പോൺസറുടെയോ എംബസിയുടെയോ സഹായം ലഭിക്കാതെ വരുന്നവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് സംബന്ധിച്ച് 2019ൽ മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രവാസികൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലപ്പോഴും ബന്ധുക്കൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇതിനു പരിഹാരം എന്ന നിലയിലാണ് മറ്റ് സഹായം ലഭിക്കാത്ത നിരാലംബർക്ക് ആശ്വാസമേകുന്ന പദ്ധതി തുടങ്ങുന്നതെന്ന് ചൂണ്ടിക്കാണിച്ച് തൊട്ടടുത്ത ബജറ്റിൽ പ്രഖ്യാപനവുമുണ്ടായത്. എന്നാൽ, പിന്നീട് ഇതുസംബന്ധിച്ചു ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ബജറ്റ് പ്രഖ്യാപനത്തിനുശേഷം പടർന്നുപിടിച്ച കോവിഡ് മഹാമാരിയിൽപോലും മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി പ്രാവർത്തികമാക്കാൻ അധികൃതർക്കായില്ല. പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള കാലതാമസത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ ചില സംഘടനകളിൽനിന്നും പ്രതിഷേധം ഉയർന്നപ്പോൾ, 2019 ഏപ്രിലിൽ പദ്ധതി നിലവിൽവരുമെന്നും ഇതുസംബന്ധിച്ച അന്തിമ ചർച്ചയിലാണെന്നുമാണ് നോർക്ക റൂട്സ് അന്ന് വാർത്താക്കുറിപ്പിറക്കിയത്. പിന്നീട് ഈ ആവശ്യത്തിനായി നോർക്കയുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തകർക്കെല്ലാം, അങ്ങനെയൊരു പദ്ധതി നോർക്ക ആരംഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭ്യമായത്.
ആവശ്യക്കാർ നോർക്കയുടെ സൗജന്യ ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാനുള്ള അറിയിപ്പുകൂടി വന്നതോടെ വിളിച്ചവർക്കെല്ലാം നിരാശയായിരുന്നു ഫലം. നിലവിൽ പ്രവാസികളുടെ ഭൗതികശരീരം കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് വീട്ടിലെത്തിക്കാനും അസുഖബാധിതരെ സൗജന്യമായി ആശുപത്രിയിലേക്കോ വീടുകളിലേക്കോ എത്തിക്കുന്നതുമായ നോർക്ക എമർജൻസി ആംബുലൻസ് സർവിസ് പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങൾ മാത്രമേ നോർക്കയുടെ കാൾ സെന്ററിൽ നിന്ന് ലഭ്യമാവുകയുള്ളൂ.
കഴിഞ്ഞ മൂന്നാം ലോകകേരള സഭയിലും പലരും വിഷയം ഉന്നയിച്ചുവെങ്കിലും നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുടെ വ്യക്തമായ വിശദീകരണം നൽകാൻ പോലും അധികൃതർക്കായില്ലെന്നാണ് ആരോപണം. മാത്രമല്ല, സർക്കാറിന്റെ മറുപടി പ്രസംഗങ്ങളിൽ ഇത് സംബന്ധിച്ച പരാമർശവുമുണ്ടായില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ വലിയ ചെലവാണെന്നിരിക്കെ ഇതിനായി വരുന്ന മുഴുവൻ ചെലവും നോര്‍ക്ക വഹിക്കുമെന്ന പ്രഖ്യാപനം പ്രവാസി മലയാളികള്‍ക്കിടയിൽ ആശ്വാസമായിരുന്നു.
ആശയക്കുഴപ്പം വില്ലൻ ?
പദ്ധതി നടപ്പിലാക്കുന്നതിലെ ആശയക്കുഴപ്പമാണ് നീണ്ടുപോവാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നിലവിലുള്ള നോർക്കയുടെ 'കാരുണ്യ പദ്ധതി'വഴി പരമാവധി 50,000 രൂപയാണ് ലഭിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ചശേഷം, ചെലവഴിച്ച തുക ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്കുന്ന പദ്ധതിയാണിത്. ഒരു വരുമാന മാർഗവും ഇല്ലാത്തവർക്ക് മാത്രമാണിത്. തുക ഉയർത്തി നിയമപരമായ നൂലാമാലകൾ കുറക്കാനാണ് പുതിയ പദ്ധതി. മരിച്ച പ്രവാസിയുടെ അവകാശികൾക്കാണ് സാമ്പത്തിക സഹായം നൽകുക. ഇതിന് വ്യക്തമായ തെളിവുകൾ സഹിതം അപേക്ഷ നൽകണം. അതുകൊണ്ടുതന്നെ കാലതാമസം വരാനും സാധ്യതയുണ്ട്.
അതേസമയം, മരണാനന്തര കടലാസ് ജോലികൾക്കും മറ്റുമായി പണച്ചെലവ് ആവശ്യമായി വരുന്നത് ബന്ധപ്പെട്ട ഗൾഫ് രാജ്യത്താണ്. സാധാരണ ഗതിയിൽ മൃതദേഹം കൊണ്ടുവരുന്നതിനുള്ള പണം ജോലി ചെയ്യുന്ന സ്ഥാപനമോ സ്പോൺസർമാരോ സാമൂഹിക സംഘടനകളോ അതത് നയതന്ത്ര കാര്യാലയമോ ആണ് നൽകുന്നത്. യു.എ.ഇ അടക്കം വിദേശ രാജ്യങ്ങളിൽ നോർക്കക്ക് ഓഫിസോ ഉദ്യോഗസ്ഥരോ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം പ്രഖ്യാപനങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
ഒരുദിവസം യു.എ.ഇയിൽ നിന്നുമാത്രം ചുരുങ്ങിയത് മൂന്നുപേരുടെ മൃതദേഹമെങ്കിലും കേരളത്തിലേക്ക് കയറ്റി വിടുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മൃതദേഹം കൊണ്ടുപോകാനുള്ള പെട്ടിയടക്കം കടലാസ് ജോലികൾക്കും മറ്റുമായി ഏകദേശം 6000 ദിർഹം (ഒന്നേകാൽ ലക്ഷം രൂപ) ചെലവുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം ലോക കേരളസഭയുടെ ഓപൺ ഫോറത്തിനിടെ, സൗദിയിൽ മരിച്ച പിതാവിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് പ്രയാസം അനുഭവപ്പെടുന്നതായി മകൻ പരാതിപ്പെട്ടിരുന്നു. വ്യവസായി എം.എ. യൂസഫലി വിഷയത്തിൽ ഇടപെട്ട് പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, മൂന്നു വർഷമായി ലോക കേരളസഭ പോലുള്ള സംവിധാനം വന്നിട്ടും സർക്കാർ ചെലവിൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്തത് പിടിപ്പുകേടാണെന്ന വ്യാപകമായ ആരോപണമാണ് സഭാംഗങ്ങൾ അടക്കം ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.