പുതിയ രാഷ്ട്രപതിയെ അഭിനന്ദിച്ച് പ്രവാസി കൂട്ടായ്മകൾ
text_fieldsദുബൈ: പുതുതായി സ്ഥാനമേറ്റ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിനന്ദനമറിയിച്ച് പ്രവാസ കൂട്ടായ്മകൾ.
ഭരണരംഗത്ത് വിവിധ മേഖലകളിൽ പ്രവൃത്തിപരിചയമുള്ള ദ്രൗപദി മുർമു ഇന്ത്യയുടെ ഉന്നത നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യാചരിത്രത്തിലെ പുതിയ യുഗത്തിന് തുടക്കമാകട്ടെയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ. റഹീം അനുമോദന സന്ദേശത്തിൽ പറഞ്ഞു.
ഒഡിഷ സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിലും ഗവർണറെന്ന നിലയിലും മികച്ച പരിചയം ഭരണരംഗത്ത് അവർ നേടിയിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്രത്തിന്‍റെ 75ാമത് വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് രാഷ്ട്രപതിയായി അവർ തെരഞ്ഞെടുക്കപ്പെട്ടത്.
പരമോന്നത സ്ഥാനത്തെത്തുന്ന ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യത്തെയും സ്ത്രീകളിൽനിന്ന് രണ്ടാമത്തെയും വ്യക്തിയെന്ന നിലയിൽ ചരിത്ര നിമിഷമാണിത് -ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുർമുവിന് ചിരന്തന പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലിയും അഭിനന്ദനങ്ങൾ അറിയിച്ചു. ആദിവാസി സമൂഹത്തിൽനിന്നും ഒരാൾ ഇന്ത്യയുടെ രാഷ്ട്രപതിയാകുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാന മുഹൂർത്തമാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
പ്രവാസി സംഘടനയായ ഇന്ത്യൻ പീപ്ൾസ് ഫോറം അജ്മാനിൽ സ്ഥാനാരോഹണം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
ഒഡിഷയിലെ ഉൾപ്രദേശത്തുനിന്ന് ഒരാൾ രാജ്യത്തിന്‍റെ ഏറ്റവും ഉന്നത സ്ഥാനത്തേക്ക് എത്തിച്ചേരുമ്പോൾ ഇന്ത്യ കൈവരിച്ച സാമൂഹിക പുരോഗതിയെയാണ് അത് വെളിപ്പെടുത്തുന്നതെന്ന് ഐ.പി.എഫ് യു.എ.ഇ പ്രസിഡന്‍റ് ജിതേന്ദ്ര വൈദ്യ പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.