'പ്രവാസി സമൂഹമേ, ഒരു പാവം പ്രാരബ്ധക്കാരനെ നാട്ടിലെത്തിക്കാമോ'
text_fieldsഅജ്മാന്: ആറുവര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രാരബ്ധക്കാരന് പ്രവാസി സമൂഹത്തിെൻറ കൈത്താങ്ങിന് കേഴുന്നു. 17 വര്‍ഷമായി യു.എ.ഇയിലുള്ള കുന്നംകുളം സ്വദേശിയായ ഈ യുവാവ് ലേബര്‍ സപ്ലെ, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. കുടുംബ പ്രാരബ്ധം മറികടക്കാനാണ് ഏഴുവര്‍ഷം മുമ്പ് അജ്മാന് അല്‍ സഹറയില്‍ സ്റ്റേഷനറി ഷോപ് ആരംഭിച്ചത്. നാട്ടില്‍ വീടുപണിക്കായി വായ്പ എടുത്തിരുന്നു. വായ്പയായി ലഭിച്ച തുകകൊണ്ട് വീടുപണി ആരംഭിച്ചു. വായ്പ തുകയിൽനിന്ന് സ്റ്റേഷനറി ഷോപ്പ് നടത്തിപ്പിനും പണം കണ്ടെത്തി. ഒമാനില്‍നിന്നു വന്ന് അജ്മാന് കോളജില്‍ പഠിക്കുന്ന കുട്ടികള്‍ താമസിക്കുന്നതിെൻറ സമീപമായിരുന്നു ഈ സ്ഥാപനമെന്നതിനാല്‍ ആദ്യം നല്ല കച്ചവടവും വരുമാനവും ലഭിച്ചിരുന്നു.
ഇടക്ക് ഒമാനില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വരവ് നിലച്ചതോടെ പ്രതീക്ഷിച്ച കച്ചവടം നിലച്ചു. കടമായി ഉൽപന്നങ്ങള് നല്കിയ വകയില്‍ ലഭിക്കേണ്ട വലിയൊരു തുക കിട്ടാതെ പോയതും പ്രതിസന്ധി സൃഷ്ടിച്ചു. എങ്കിലും പരീക്ഷണമെന്ന നിലയില്‍ സ്ഥാപനം ഓടിച്ചുനോക്കി. രക്ഷപ്പെടുന്ന ലക്ഷണം കാണാതായപ്പോള്‍ നഷ്ടം സഹിച്ചും സ്ഥാപനം വിൽപനക്ക് ശ്രമിച്ചു. നിരാശയായിരുന്നു ഫലം. സ്പോൺസര്ക്ക് നല്‍കേണ്ട തുകയും സ്ഥാപനത്തിെൻറ കെട്ടിട വാടകയും താമസ വാടകയും എല്ലാം കൂടിയപ്പോൾ ബാധ്യത കുന്നുകൂടി. എന്തു ചെയ്യണമെന്നറിയാതെ പല വാതിലുകളും മുട്ടിനോക്കി. നാട്ടിലെ വായ്പയുടെ അടവും തെറ്റിയതോടെ വീട്ടുകാരുടെ നിലനില്പും അവതാളത്തിലായി. ബാങ്കില്‍നിന്നുള്ള ഭീഷണി നേരിടുകയാണ് അവര്‍. അതിനിടക്കാണ് കോവിഡ് പ്രതിസന്ധി വന്നു കയറുന്നത്.
കട തുറക്കാന്‍ കഴിയാതെ വരുകയും ചെയ്തതോടെ കാര്യങ്ങള്‍ പിടിവിട്ട അവസ്ഥയായി. കുടുംബത്തിലെ മൂത്തമകനായ ഇയാള്‍ക്ക് ഗള്‍ഫിലെ ബാധ്യതയെങ്കിലും തീരത്ത് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയിലാണ്. സാമ്പത്തിക ബാധ്യതയുടെ പേരില്‍ കെട്ടിടയുടമ പൊലീസില്‍ പരാതി നല്കി. 38,000 ദിര്‍ഹമിെൻറ ബാധ്യത തീര്‍ത്താല്‍ മാത്രമേ ഇയാള്‍ക്ക് പാതി തീര്‍ന്ന വീട്ടിലെങ്കിലും എത്താന്‍ കഴിയൂ. ഇദ്ദേഹത്തിെൻറ പാസ്പോർട്ട് സ്പോൺസറുടെ കൈയിലാണ്. ഇപ്പോള്‍ സ്ഥാപനം തുറക്കാനും കഴിയാത്ത അവസ്ഥയായി. തരാനുള്ളവരും വിളിച്ചാല്‍ ഫോണെടുക്കാതായി. ഇളയ മകള്‍ പിറന്നു 28ാം ദിവസം നാട്ടില്‍ നിന്നും വന്നതാണ് ഇദ്ദേഹം. മകള്‍ക്ക് ഇപ്പോള്‍ ആറു വയസ്സ് പിന്നിടുന്നു. ജീവിതം കൈവിടും മുമ്പ് എങ്ങനെയെങ്കിലും നാടണയാന്‍ തുണയേകണേ എന്ന പ്രാര്‍ഥനയില്‍ സുമനസ്സുകളെ പ്രതീക്ഷിച്ച് കഴിയുകയാണ് രണ്ടു മക്കളുടെ പിതാവായ ഈ പ്രവാസി. ഫോൺ: +971 52 395 1754.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.