'ആയത്തുല്‍ കുര്‍സിയ്യ്' കാവ്യാവിഷ്കാരവുമായി പ്രവാസി മലയാളി
text_fieldsറാസല്‍ഖൈമ: ഖുര്‍ആനിലെ 'ആയത്തുല്‍ കുര്‍സിയ്യി'ന് ഹൃദ്യമായ മലയാള കാവ്യാവിഷ്കാരം ഒരുക്കി അനസ് മാള. യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന അനസ് മാള വ്യത്യസ്ത വിഷയങ്ങളില്‍ രചിച്ച കവിതകള്‍ക്ക് പുറമെ എഴുത്തിലും ചിത്ര -ഗാന രചനയിലും പ്രവാസ ലോകത്തെ സജീവ സാന്നിധ്യമാണ്.
ഇസ്ലാമിെൻറ ദൈവവീക്ഷണം സംക്ഷിപ്തമായി അവതരിപ്പിച്ചതാണ് 'ആയത്തുല്‍ കുര്‍സിയ്യ്' എന്ന നാമത്തിലറിയപ്പെടുന്ന ഖൂര്ആന് സൂക്തത്തിെൻറ പ്രാധാന്യം. ശ്രേഷ്ഠമായ വാക്യമെന്ന പ്രവാചക വചനത്തിലൂടെ വിശ്വാസി സമൂഹത്തിെൻറ ഹൃത്തടത്തില്‍ മന്ത്രവചനമായി 'ആയത്തുല്‍ കുര്‍സിയ്യ്' സ്ഥാനം പിടിച്ചിട്ടുണ്ട്. 'ഏറെ ദയാമയ കരുണാസകലം.. ഏറിടുമാകെ ലോകാധിപനാമം... എന്നീ മനോഹര വരികള്‍ ഒരുക്കിയാണ് മലയാള കാവ്യം ഒരുക്കിയിരിക്കുന്നത്.
ഫാത്തിഹ, വല്‍ അസര്‍ അധ്യായങ്ങള്‍ അനസ് നേരത്തേ കാവ്യമാക്കിയിരുന്നു. നബഅ് അധ്യായത്തിന് മൂന്ന് ഭാഗങ്ങളിലായി കാവ്യാവിഷ്കാരമാണ് അടുത്ത ലക്ഷ്യമെന്ന് അനസ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ഏറെ ചര്‍ച്ച ചെയ്യെപ്പടുന്ന വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങള്‍ ശുദ്ധ മലയാളത്തില്‍ പ്രകാശിതമാകുന്ന സൃഷ്ടികളിലൂടെ കൂടുതല്‍ തെളിമയോടെ ജന മനസ്സുകളിലെത്താന് സഹായിക്കുമെന്ന് അനസ് പറഞ്ഞു.
തൃശൂര്‍ മാള സ്വദേശിയായ അനസ് പത്തു വര്‍ഷമായി യു.എ.ഇയിലുണ്ട്. ദുബൈയില്‍ ഗ്രാഫിക് ഡിസൈനറാണ്. ദുബൈ തനിമ കലാ സാംസ്കാരിക വേദി, എയിം ദുബൈ തുടങ്ങിയവയുടെ കവിതാ പുരസ്കാര ജേതാവാണ്. അനസ് മീഡിയ എന്ന പേരില്‍ യുട്യൂബ് ചാനലുള്ള അനസ് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവം. 'ചുളിവീണ വാക്കുകള്‍' എന്ന പേരില്‍ കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഡി ചാനല്‍ യൂട്യൂബ് ചാനലിലൂടെ ഗാനരചനയിലും സജീവം. ഗസലുകള്‍, പ്രണയ ഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, ഖുര്‍ആന്‍ കാവ്യങ്ങള്‍ തുടങ്ങിയവയിൽ മികവറിയിച്ചിട്ടുണ്ട്.
സിതാര കൃഷ്ണകുമാര്‍, സമീര്‍ ബിന്‍സി, അസിന് വെള്ളില, കൊച്ചിന് ശരീഫ്, ബല്‍ക്കീസ് റഷീദ്, ബെന്‍സിറ റഷീദ്, ഷൈന്‍കുമാര്‍, റജിഷ ബാലകൃഷ്ണന്, സൈഫുന്നിസ റഷീദ്, സത്താര്‍ പട്ടേപ്പാടം, ഇബ്രാഹിം മേളം, നരേന് പുലാപ്പറ്റ, വര്‍ഷ രഞ്ജിത്, ആഷിക പണേരി തുടങ്ങിയവരാണ് അനസിെൻറ രചനകള്‍ക്ക് ശബ്ദം നല്കിയവര്. മാള കളത്തിപ്പറമ്പില്‍ ഹംസ -ഐശാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹന. മക്കള്‍: വാസില, ഫാസില്‍, ഫയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.